IPL Auction 2025: ടീമുകളെ ആകർഷിക്കാതെ താരങ്ങൾ! അൺസോൾഡ് ലിസ്റ്റിലെ പ്രമുഖർ ഇവർ
Unsold Players: സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന മെഗാ താരലേലത്തിൽ 577 താരങ്ങളാണ് അവസരം കാത്ത് ലേലത്തിനെത്തിയത്.
ജിദ്ദ: ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണ് മുന്നോടിയായുള്ള മെഗാ മെഗാലേലം പൂർത്തിയായി. സൗദി അറേബ്യയിലെ ജിദ്ദയിലായിരുന്നു താര ലേലം നേടന്നത്. 577 താരങ്ങളാണ് ഐപിഎൽ അവസരം കാത്ത് ലേലത്തിനെത്തിയത്. ലേലത്തിൽ ടീമുകൾ സ്വന്തമാക്കാതിരുന്ന പ്രമുഖ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.. ഡേവിഡ് വാർണർ മുതൽ പൃഥ്വി ഷാ വരെയുള്ള നിരവധി താരങ്ങളാണ് ലേലത്തിൽ അൺസോൾഡായത്.
1. ഡേവിഡ് വാർണർ
ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായിരുന്നു മുൻ ഓസ്ട്രേലിയൻ ഓപ്പൺ ഡേവിഡ് വാർണർ. 3 തവണ ഓറഞ്ച് ക്യാപ് നേടിയ വാർണറാണ് അൺസോൾഡ് താരങ്ങളിൽ പ്രധാനി. വാർണർക്ക് വേണ്ടി ആക്സിലറേറ്റഡ് റൗണ്ടിൽ പോലും ഒരു ടീമും രംഗത്തെത്തിയില്ല. ഇതോടെയാണ് ഞെട്ടിയത്. ഐപിഎല്ലിലെ ഏറ്റവും മികച്ച വിദേശതാരത്തിനാണ് ഇത്തരത്തിലൊരു നാണക്കേട്. 2 കോടി രൂപയായിരുന്നു അടിസ്ഥാന വില.
2. ജോണി ബെയർസ്റ്റോ
സൺറൈസേഴ്‌സ് ഹൈദരാബാദിനും പഞ്ചാബ് കിംഗ്‌സിനും വേണ്ടി അഞ്ച് വർഷത്തിനിടെ 50 മത്സരങ്ങൾ കളിച്ച ജോണി ബെയർസ്റ്റോ ഐപിഎൽ ചരിത്രത്തിലെ അപകടകാരിയായ ഓപ്പണർമാരിൽ ഒരാളായിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളിൽ പഞ്ചാബ് കിംഗ്സിന്റെ താരമായിരുന്ന ബെയർസ്റ്റോയുടെ മങ്ങിയ പ്രകടനമാണ് ടീമുകളെ പിന്തിരിപ്പിച്ചത്. 298 റൺസാണ് കഴിഞ്ഞ സീസണിലെ ബെയർസ്റ്റോയുടെ സമ്പാദ്യം. 2 കോടി രൂപയായിരുന്ന അടിസ്ഥാന വില.
3. പൃഥ്വി ഷാ
75 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ചിരുന്ന പൃഥ്വി ഷായെയും ടീമുകൾ കെെവിട്ടു. സച്ചിന്റെ പകരക്കാരനെന്ന വിശേഷണത്തിന് അർഹനായ താരത്തിന് തിരിച്ചടിയായത് അച്ചടക്ക ലംഘനവും അൺഫിറ്റായ ശരീരവുമാണ്. ഡൽഹി ക്യാപിറ്റൽസിലൂടെ ഐപിഎൽ കരിയർ ആരംഭിച്ച ഷാ ലീഗിൽ 79 മത്സരളിൽ നിന്നായി 1893 റൺസ് നേടി. കഴിഞ്ഞ രണ്ട് സീസണുകളിലായി 16 മത്സരങ്ങൾ മാത്രം കളിച്ച ഷാ, 2024 സീസണിൽ 198 റൺസ് സ്വന്തമാക്കി.
4. പിയൂഷ് ചൗള
ഐപിഎല്ലിലെ ഏറ്റവും മികച്ച സ്പിന്നർമാരുടെ പട്ടികയിൽ ഇടംപിടിച്ച പിയൂഷ് ചൗള അൺസോൾഡായതോടെ ലീഗ് യാത്രയ്ക്ക് അവസാനമായെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ. 2023ലും 2024ലും മുംബൈ ഇന്ത്യൻസിൻ്റെ താരമായിരുന്നു 35-കാരൻ. ഐപിഎല്ലിൽ നിന്ന് 192 വിക്കറ്റുകളാണ് ചൗളയുടെ സമ്പാദ്യം. 50 ലക്ഷം രൂപയ്ക്കായിരുന്നു താരം ലേലത്തിനെത്തിയിരുന്നത്.
5. ശാർദുൽ താക്കൂർ
2 കോടി രൂപ അടിസ്ഥാന വിലയുള്ള ശാർദുൽ താക്കൂറിനെ ഐപിഎൽ ലേലത്തിൽ ഏതെങ്കിലും ടീമുകൾ സ്വന്തമാക്കുമെന്ന് ആരാധകർക്ക് ഉറപ്പായിരുന്നു. മുമ്പ് ചെന്നൈ സൂപ്പർ കിംഗ്‌സിനും ഡൽഹി ക്യാപിറ്റൽസിനും വേണ്ടി കളത്തിലിറങ്ങിയ അദ്ദേഹത്തിന് തിരിച്ചടിയായത് പരിക്കാണ്. 2024-ൽ ചെന്നെെയ്ക്കായി ഒമ്പത് മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
6. മായങ്ക് അഗർവാൾ
2022-ൽ പഞ്ചാബ് കിംഗ്സ് റിലീസ് ചെയ്തതിന് ശേഷം മായങ്ക് അഗർവാളിന് കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. കഴിഞ്ഞ രണ്ട് സീസണുകളിൽ സൺറൈസസ് ഹൈദരാബാദിനായി കളിച്ചെങ്കിലും തിളങ്ങാനായില്ല. 2024 സീസണിൽ നാല് മത്സരങ്ങൾ മാത്രമാണ് അദ്ദേഹം കളിച്ചത്. ഒരു കോടി രൂപയായിരുന്നു അടിസ്ഥാന വില.
7. കെയ്ൻ വില്യംസൺ
ലോക ക്രിക്കറ്റിൽ തന്നെ ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുള്ള താരമാണ് ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസൺ. കേവലം 2 കോടി രൂപയായിരുന്നു വില്യംസണിന്റെ അടിസ്ഥാന വില. എന്നാൽ ഈ തുക പോലും നൽകി താരത്തെ സ്വന്തമാക്കാൻ ടീമുകൾ മുന്നോട്ട് വന്നില്ല. ഫിറ്റായിരുന്നിട്ടും കഴിഞ്ഞ വർഷം ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി രണ്ട് മത്സരങ്ങൾ മാത്രമാണ് താരം കളിച്ചത്.
8. ജെയിംസ് ആൻഡേഴ്സൺ
ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കണമെന്ന ജെയിംസ് ആൻഡേഴ്സൺന്റെ സ്വപ്നങ്ങൾക്ക് വിരമാമായി. സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന താരലേലത്തിൽ 1.25 കോടി രൂപ അടിസ്ഥാന വില നൽകി പോലും താരത്തെ സ്വന്തമാക്കാൻ ടീമുകൾ മുന്നോട്ട് വന്നില്ല. 2014ലാണ് താരം അവസാനമായി ടി20യിൽ കളത്തിലിറങ്ങിയത്.
9. നവദീപ് സൈനി
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള നവദീപ് സൈനിക്കായും ടീമുകൾ രംഗത്ത് വന്നില്ല. 75 ലക്ഷം രൂപയാണ് അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്.
10. സർഫറാസ് ഖാൻ
ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ഭാഗമായ സർഫറാസ് ഖാൻ ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 2023-ൽ ഡൽഹി ക്യാപിറ്റൽസിനായാണ് സർഫറാസ് ഖാൻ അവസാനമായി ഐപിഎൽ കളിച്ചത്. 2015-ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലൂടെയായിരുന്നു ഐപിഎല്ലിലെത്തിയത്. അടിസ്ഥാന വില 50 ലക്ഷം രൂപയായിരുന്നു.
11. മുസ്തഫിസുർ റഹ്മാൻ
ബംഗ്ലാദേശ് താരമായ മുസ്തഫിസുർ റഹ്മാൻ ലെഫ്റ്റ് ആം പേസറാണ്. ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റാണ് 2 കോടി രൂപ അടിസ്ഥാന വില നിശ്ചയിരുന്ന താരം. 2016-ൽ സൺ റെെസേഴ്സ് ഹെെദരാബാദിലൂടെ ഐപിഎൽ കരിയറിന് തുടക്കമിട്ട താരം കഴിഞ്ഞ സീസണിൽ ചെന്നെെ സൂപ്പർ കിംഗ്സിനായി ഒമ്പത് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റ് വീഴ്ത്തി. മുംബെെ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, ചെന്നെെ സൂപ്പർ കിംഗ്സ് എന്നീ ടീമുകൾക്ക് വേണ്ടിയും മുമ്പ് കളിച്ചിട്ടുണ്ട്.
12. പാത്തും നിസ്സാങ്ക
ശ്രീലങ്കൻ താരം പാത്തും നിസ്സാങ്കയാണ് ടീമുകൾ കെെവിട്ട മറ്റൊരു താരം. ഓപ്പണിംഗിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന താരത്തിനായി ടീമുകൾ രംഗത്തെത്തിയിരുന്നില്ല. 75 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില.