ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരായ പോസ്റ്റ് പങ്കുവച്ച് മുംബൈ ഇന്ത്യൻസിലെ വിദേശ താരം
നബിയെക്കൊണ്ട് പന്തെറിയിക്കാതിരുന്ന പാണ്ഡ്യയുടെ തീരുമാനം വിചിത്രമായി തോന്നിയെന്ന ആരാധകന്റെ പോസ്റ്റാണ് അഫ്ഗാൻ താരം ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി പങ്കുവച്ചത്.
മുംബൈ: ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരായ ഇൻസ്റ്റഗ്രാം പോസ്റ്റ് ഷെയർ ചെയ്ത് മുംബൈ ഇന്ത്യൻസിലെ അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് നബി. നബിയെക്കൊണ്ട് പന്തെറിയിക്കാതിരുന്ന പാണ്ഡ്യയുടെ തീരുമാനം വിചിത്രമായി തോന്നിയെന്ന ആരാധകന്റെ പോസ്റ്റാണ് അഫ്ഗാൻ താരം ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി പങ്കുവച്ചത്. എന്നാൽ അബദ്ധം മനസ്സിലായതോടെ നിമിഷങ്ങൾക്കകം ഇതു നീക്കം ചെയ്യുകയും ചെയ്തു. അപ്പോഴേക്കും സ്റ്റോറിയുടെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചു കഴിഞ്ഞിരുന്നു.
പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ സ്പിന്നറായ മുഹമ്മദ് നബിക്ക് പന്തെറിയാൻ അവസരം ലഭിച്ചിരുന്നില്ല. ഇതാണ് ആരാധകനെ പ്രകോപിപ്പിച്ചത്. പഞ്ചാബിനെതിരെ ബാറ്റിങ്ങിൽ തിളങ്ങാൻ താരത്തിനു സാധിച്ചിരുന്നില്ല. ബാറ്റിങ്ങിന് ഇറങ്ങിയതിനു തൊട്ടുപിന്നാലെ നബി റൺഔട്ടാകുകയായിരുന്നു. പഞ്ചാബിന്റെ മറുപടി ബാറ്റിങ്ങിൽ കഗിസോ റബാദ റൺഔട്ടായത് നബിയുടെ ത്രോയിലായിരുന്നു. റബാദ പുറത്തായതോടെ മുംബൈ മത്സരം ഒൻപതു റൺസിനു വിജയിക്കുകയും ചെയ്തു.
മത്സരത്തിൽ പഞ്ചാബ് താരങ്ങളായ അശുതോഷ് ശർമ, ഹർപ്രീത് ബ്രാർ എന്നിവർ നബിയുടെ ക്യാച്ചിലാണു പുറത്തായത്. പഞ്ചാബ് കിങ്സിനെതിരെ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ നാല് ഓവറുകൾ പന്തെറിഞ്ഞിരുന്നു. താരം ഒരു വിക്കറ്റ് നേടി. ജെറാൾഡ് കോട്സീ, ജസ്പ്രീത് ബുമ്ര എന്നിവരും നാല് ഓവറുകൾ പൂർത്തിയാക്കി. ശ്രേയസ് ഗോപാൽ, റൊമാരിയോ ഷെഫേഡ് എന്നിവർ രണ്ട് ഓവറുകൾ വീതമാണ് എറിഞ്ഞത്.