5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IND vs AUS Pink Ball Test: ചില കണക്കുകൾ ബാക്കിയാണ്! അഡ്ലെയ്ഡിൽ ഓസീസിനോട് പകരം വീട്ടാൻ ടീം ഇന്ത്യ

IND vs AUS Pink Ball Test Statistics: സ്വന്തം മണ്ണിൽ കളിച്ച നാല് പിങ്ക് ബോൾ ടെസ്റ്റിലും ജയം ഇന്ത്യക്കൊപ്പമായിരുന്നെങ്കിൽ വിദേശത്ത് ഓസ്ട്രേലിയക്കെതിരെ നടന്ന ഡേ -നെെറ്റ് ടെസ്റ്റ് ടീം ഇന്ത്യക്കും ആരാധകർക്കും നടുക്കുന്ന ഓർമ്മയാണ്.

IND vs AUS Pink Ball Test: ചില കണക്കുകൾ ബാക്കിയാണ്! അഡ്ലെയ്ഡിൽ ഓസീസിനോട് പകരം വീട്ടാൻ ടീം ഇന്ത്യ
Team India( Image Credits: PTI)
athira-ajithkumar
Athira CA | Published: 05 Dec 2024 12:12 PM

പിങ്ക് ബോളാണ് ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയം. ടെസ്റ്റ് മത്സരങ്ങളിൽ സാധാരണയായി ഉപയോ​ഗിക്കുന്ന റെഡ് ബോളിന് പകരം ഉപയോ​ഗിക്കുന്ന പിങ്ക് ബോളിൽ ബൗളർമാർക്ക് കൂടുതൽ സിം​ഗ്വും ടേണും ലഭിക്കുന്നു. നാളെ അഡ്ലെയ്ഡിൽ ആരംഭിക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് പിങ്ക് ബോൾ ടെസ്റ്റാണ്. പിങ്ക് ബോൾ ഉപയോ​ഗിച്ചുള്ള ഇന്ത്യയുടെ അഞ്ചാമത്തെ ടെസ്റ്റ് മത്സരമാണ് അഡ്ലെയിഡിലേത്. പിങ്ക് ബോളിൽ ഡേ – നെെറ്റ് മത്സരം കളിക്കാനിറങ്ങുമ്പോൾ ജയിക്കണമെങ്കിൽ ടോസിലെ ഭാ​ഗ്യവും ടീമുകളെ തുണയ്ക്കണമെന്നാണ് ക്രിക്കറ്റ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.

2020 ഡിസംബറിൽ അഡ്ലെയ്ഡിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റ് ഇന്ത്യ‍ക്ക് ഇന്നും ദു: സ്വപ്നമാണ്. ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയും കുറഞ്ഞ സ്കോർ പിറന്ന പിച്ചാണ് അഡ്ലെയ്ഡിലേത്. ആ ടെസ്റ്റിൽ 8 വിക്കറ്റിനായിരുന്നു വിരാട് കോലിയുടെയും സംഘത്തിന്റെയും തോൽവി. 5-ാം പിങ്ക് ബോൾ ടെസ്റ്റ് കളിക്കാനിറങ്ങുന്ന ഇന്ത്യക്ക് ഈ തോൽവിക്ക് പകരം വീട്ടണം. സ്വന്തം മണ്ണിൽ കളിച്ച നാല് പിങ്ക് ബോൾ ടെസ്റ്റിലും ജയം ഇന്ത്യക്കൊപ്പമായിരുന്നെങ്കിൽ വിദേശത്ത് ഓസ്ട്രേലിയക്കെതിരെ നടന്ന ഡേ നെെറ്റ് ടെസ്റ്റ് ടീം ഇന്ത്യക്കും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കും നടുക്കുന്ന ഓർമ്മയാണ്.

2020-ലെ അഡ്ലെയ്ഡ് ടെസ്റ്റ്

2020 ഡിസംബറിൽ അഡ്ലെയ്ഡിൽ വച്ചായിരുന്നു ഇന്ത്യ-ഓസ്‌ട്രേലിയ പിങ്ക് ബോൾ ടെസ്റ്റ്. ടോസ് നേടി ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിം​ഗ്സിൽ ഇന്ത്യ 244 റൺസെടുത്തു. നായകൻ വിരാട് കോലിയുടെ (74) മികവാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിം​ഗിനിറങ്ങിയ ഓസ്ട്രേലിയയെ 191 റൺസിന് പുറത്താക്കി ബൗളർമാർ ഇന്ത്യക്ക് 53 റൺസിന്റെ ലീഡ് സമ്മാനിച്ചു. ഈ ടെസ്റ്റിൽ സ്പിന്നർ ആർ അശ്വിൻ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ടാം ഇന്നിം​ഗിൽ ഇന്ത്യ 36 റൺസിന് പുറത്തായി. വിരാട് കോലി ഉൾപ്പെടെ ആർക്കും തന്നെ മത്സരത്തിൽ രണ്ടക്കം കടക്കാനായില്ല. ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും മോശം സ്കോറാണിത്. ഓസീസിനെതിരെ 8 വിക്കറ്റിന്റെ തോൽവിയാണ് അന്ന് കോലിയും സംഘവും ഏറ്റ് വാങ്ങിയത്.

‌പിങ്ക് ബോൾ ടെസ്റ്റും ഇന്ത്യയും 

2019 നവംബറിൽ കൊൽക്കത്തയിലെ ഈഡൻ ​ഗാർഡൻ സ്റ്റേഡിയത്തിലാണ് ഇന്ത്യ ആദ്യമായി പിങ്ക് ബോൾ ടെസ്റ്റ് കളിക്കാനിറങ്ങിയത്. അന്ന് 46 റൺസിന് ബം​ഗ്ലാദേശിനെ തോൽപ്പിച്ചു. എന്നാൽ 2020-ൽ നടന്ന രണ്ടാമത്തെ പിങ്ക് ടെസ്റ്റ് ഇന്ത്യയുടെ ദുസ്വപ്നാണ്. ആദ്യ ഇന്നിം​ഗ്സിൽ 53 റൺസിന്റെ ലീഡ് ടീം ഇന്ത്യ സ്വന്തമാക്കിയെങ്കിലും രണ്ടാം ഇന്നിം​ഗ്സിൽ ജോഷ് ഹേസ്ൽവുഡും, പാറ്റ്‌ കമ്മിൻസും ചേർന്ന് ഇന്ത്യയെ ഇല്ലാതാക്കി. 2021-ൽ അഹമ്മദാബാദിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം പിങ്ക് ടെസ്റ്റിൽ സ്‌പിന്നർമാർ ഇന്ത്യക്ക്‌ 10 വിക്കറ്റിന്റെ ജയം സമ്മാനിച്ചു. എന്നാൽ 2022-ൽ ശ്രീലങ്കക്കെതിരെ ബെം​ഗളൂരുവിൽ നടന്ന നാലാം പിങ്ക് ബോൾ ടെസ്റ്റിൽ 238 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

പെർത്തിൽ ഓസ്ട്രേലിയക്കെതിരെ നേടിയ വമ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ പിങ്ക് ബോൾ ടെസ്റ്റിനിറങ്ങുന്നത്. നാളെ രാവിലെ 9.30-നാണ് അഡ്ലെയ്ഡ് ടെസ്റ്റ് ആരംഭിക്കുക. സ്റ്റാർ സ്പോർട്സ് ചാനലിലും ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.