T20 World Cup : പവർപ്ലേയിൽ നേടിയത് വെറും 9 റൺസ്, ഉഗാണ്ടയ്ക്ക് നാണക്കേടിൻ്റെ റെക്കോർഡ്
T20 World Cup : ടി20 ലോകകപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും കുറഞ്ഞ പവർപ്ലേ സ്കോറിൻ്റെ റെക്കോർഡ് ഇനി ഉഗാണ്ടയ്ക്ക്. ന്യൂസീലൻഡിനെതിരെ നടന്ന മത്സരത്തിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഉഗാണ്ട നേടിയത് വെറും 9 റൺസാണ്.
ടി20 ലോകകപ്പിൽ അരങ്ങേറ്റക്കാരായ ഉഗാണ്ടയ്ക്ക് നാണക്കേടിൻ്റെ റെക്കോർഡ്. ടി20 ലോകകപ്പ് ചരിത്രത്തിൽ തന്നെ പവർപ്ലേയിൽ ഏറ്റവും കുറഞ്ഞ സ്കോർ എടുക്കുന്ന ടീമെന്ന റെക്കോർഡാണ് ഉഗാണ്ടയ്ക്ക് സ്വന്തമായത്. പാകിസ്താൻ്റെ റെക്കോർഡാണ് ഉഗാണ്ട തകർത്തത്.
ഗ്രൂപ്പ് സിയിൽ ന്യൂസീലൻഡിനെതിരായ മത്സരത്തിലാണ് ഉഗാണ്ട നാണക്കേടിൻ്റെ റെക്കോർഡ് കുറിച്ചത്. പവർപ്ലേയിലെ ആറ് ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഉഗാണ്ട നേടിയത് വെറും 9 റൺസ്. ട്രെൻ്റ് ബോൾട്ടും ടിം സൗത്തിയും ചേർന്നാണ് ഉഗാണ്ടയെ തകർത്തെറിഞ്ഞത്. ഇതോടെ, 2014 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ 4 വിക്കറ്റ് നഷ്ടത്തിൽ 13 റൺസെന്ന പാകിസ്താൻ്റെ പവർപ്ലേ സ്കോർ ഉഗാണ്ട തിരുത്തി.
മത്സരത്തിൽ ഉഗാണ്ടയെ 40 റൺസിന് എറിഞ്ഞിട്ട ന്യൂസീലൻഡ് ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.
അതേസമയം, നേപ്പാളിനെതിരെ ഒരു റൺ ജയത്തോടെ ദക്ഷിണാഫ്രിക്ക സൂപ്പർ 8ൽ പ്രവേശിച്ചു. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 116 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നേപ്പാളിന് 7 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് നേടാനേ സാധിച്ചുള്ളൂ. അവസാന പന്തിൽ ഗുൽശൻ ഝ നാടകീയമായി റണ്ണൗട്ടായതാണ് നേപ്പാളിനു തിരിച്ചടിയായത്.
സൂപ്പർ താരങ്ങളടങ്ങിയ ദക്ഷിണാഫ്രിക്കയെ 20 ഓവറിൽ 7 വിക്കറ്റിന് 115ലൊതുക്കാൻ നേപ്പാളിനു സാധിച്ചു. 18 പന്തിൽ 27 റൺസ് നേടിയ ട്രിസ്റ്റൻ സ്റ്റബ്സ് മാത്രമാണ് നൂറിനു മുകളിൽ സ്ട്രൈക്ക് റേറ്റ് സൂക്ഷിച്ച് ബാറ്റ് ചെയ്തത്. 49 പന്തിൽ 43 റൺസ് നേടിയ റീസ ഹെൻറിക്സ് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. നേപ്പാളിനു വേണ്ടി കുശാൽ ഭുർട്ടൽ നാലും ദീപേന്ദ്ര സിംഗ് ഐരി മൂന്നും വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ നേപ്പാളിന് നല്ല തുടക്കം ലഭിച്ചു. എന്നാൽ, മധ്യ ഓവറുകളിൽ നാല് വിക്കറ്റ് വീഴ്ത്തിയ തബ്രൈസ് ഷംസി നേപ്പാളിനെ ബാക്ക്ഫൂട്ടിലാക്കി. അവസാന ഓവറിൽ 8 റൺസും അവസാന പന്തിൽ രണ്ട് റൺസുമായിരുന്നു നേപ്പാളിൻ്റെ വിജയലക്ഷ്യം. ഓട്ട്നീൽ ബാർട്മാൻ എറിഞ്ഞ ഓവറിലെ അവസാന പന്തിൽ ഗുൽസൻ ഝാ ബൈ റണ്ണിനു ശ്രമിച്ചു. സ്ട്രൈക്കർ എൻഡിൽ വിക്കറ്റ് കീപ്പർ ക്വിൻ്റൺ ഡികോക്കിൻ്റെ ത്രോ ലക്ഷ്യം കണ്ടില്ല. എന്നാൽ, ഈ പന്ത് നേരെ എത്തിയത് മിഡ് ഓണിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഹെൻറിച് ക്ലാസൻ്റെ കയ്യിൽ. അപകടമൊഴിവായെന്ന് കരുതി ഗുൽശൻ ഓട്ടത്തിൻ്റെ വേഗത അല്പം കുറച്ചു. ഈ തക്കം നോക്കി ക്ലാസൻ നോൺ സ്ട്രൈക്കർ എൻഡിലെ കുറ്റി തെറിപ്പിച്ചു. ഗുൽശൻ ഝാ നേരിയ വ്യത്യാസത്തിൽ റണ്ണൗട്ട്. ഈ പരാജയത്തോടെ നേപ്പാൾ ലോകകപ്പിൽ നിന്ന് പുറത്തായി.