5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

T20 World Cup 2024 Final : ട്രോഫിയുടെ ഇടത് വശത്ത് രോഹിത്, ടീമിൽ സഞ്ജു, പക്ഷെ അമ്പയറായി കെറ്റിൽബൊറോ; എന്തൊക്കെയാണ് ഫൈനലിൽ ഇന്ത്യയുടെ ഭാഗ്യസൂചകങ്ങൾ?

T20 World Cup 2024 Final India vs South Africa : ടൂർണമെൻ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചാലും നിർഭാഗ്യം മാത്രം മതി ഇന്ത്യക്ക് കിരീടം നഷ്ടപ്പെടാൻ. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിലെ എല്ലാ മത്സരങ്ങളും ജയിച്ചെത്തിയ ഇന്ത്യക്ക് ഫൈനലിൽ തോൽക്കേണ്ടി വന്നത് ഈ നിർഭാഗ്യത്തിൻ്റെ ഒരു ഉദ്ദാഹരണമായിട്ടാണ് ക്രിക്കറ്റ് ആരാധകർ കാണുന്നത്.

T20 World Cup 2024 Final : ട്രോഫിയുടെ ഇടത് വശത്ത് രോഹിത്, ടീമിൽ സഞ്ജു, പക്ഷെ അമ്പയറായി കെറ്റിൽബൊറോ; എന്തൊക്കെയാണ് ഫൈനലിൽ ഇന്ത്യയുടെ ഭാഗ്യസൂചകങ്ങൾ?
T20 World Cup 2024 Final (Image Courtesy : X)
Follow Us
jenish-thomas
Jenish Thomas | Updated On: 29 Jun 2024 19:19 PM

പത്ത് വർഷത്തിന് ശേഷം ട്വൻ്റി20 ലോകകപ്പിൻ്റെ ഫൈനലിലേക്ക് (T20 World Cup Final 2024) പ്രവേശിച്ച ഇന്ത്യ ഇന്ന് കലാശപ്പോരാട്ടത്തിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇറങ്ങുകയാണ്. ഇന്ത്യൻ പ്രാദേശിക സമയം രാത്രി എട്ട് മണിക്ക് വെസ്റ്റ് ഇൻഡീസിലെ ബാർബഡോസിൽ വെച്ചാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക (India vs South Africa) ഫൈനൽ മത്സരം. ക്രിക്കറ്റിലെ നിർഭാഗ്യത്തിൻ്റെ കൈയ്പ്പുനീര് ഏറെ അനുഭവിച്ച രണ്ട് ടീമുകളാണ് ഇന്ന് കലാശപ്പോരാട്ടത്തിനായി നേർക്കുനേരെയെത്തുന്നത്. ഇന്ന് ഇനി ഏത് നിർഭാഗ്യത്തിൻ്റെ കഥയ്ക്കാണ് അവസാനമാകുക എന്നറിയാൻ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. കേൾക്കുന്നവർക്ക് ഇതൊക്കെ അന്ധവിശ്വാസമല്ലേ എന്ന് തോന്നിയേക്കാം. പക്ഷെ കണക്കുകൾ എടുത്ത് പരിശോധിച്ചാൽ ഇതൊക്കെ വാസ്തവമല്ലേ എന്ന് പറഞ്ഞ് പോകും. നിർഭാഗ്യം മാത്രമല്ല ഭാഗ്യ പ്രതീക്ഷകളും ഇന്ത്യൻ ആരാധകരുടെ മുന്നിലുണ്ട്.

നിർഭാഗ്യത്തിൻ്റെ റിച്ചാർഡ് കെറ്റിൽബൊറോ

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏറ്റവും കൂടുതൽ വെറുക്കുന്ന അമ്പയറാണ് ജമൈക്കൻ സ്വദേശിയായ സ്റ്റീവ് ബക്കനെർ. ഇന്ത്യക്കെതിരെ വിക്കറ്റ് നിർണയത്തിൻ്റെ പേരിലാണ് ഇന്ത്യൻ ആരാധകർ സ്റ്റീവ് ബക്കനെറെ വെറുക്കുന്നത്. എന്നാൽ നിർഭാഗ്യം എന്ന പേരിൽ ഇന്ത്യൻ ആരാധകരാൽ വെറുക്കപ്പെടുന്ന അമ്പയറാണ് ഇംഗ്ലീഷുകാരനായ റിച്ചാർഡ് കെറ്റിൽബൊറോ. 2014 മുതൽ ഐസിസി ടൂർണമെൻ്റുകളിലെ ഫൈനൽ, സെമി ഫൈനൽ മത്സരങ്ങളിൽ റിച്ചാർഡ് കെറ്റിൽബൊറോ എന്ന നിർഭാഗ്യം ഇന്ത്യക്കൊപ്പമുണ്ട്. ഇംഗ്ലീഷ് അമ്പയർ കളി നിയന്ത്രിക്കുന്ന പാനലിൽ ഉണ്ടെങ്കിൽ ഇന്ത്യ അന്ന് പുറത്തായിരിക്കും. അതാണ് ചരിത്രം.

ഇന്ന് നടക്കുന്ന ടി20 ലോകകപ്പ് 2024ൻ്റെ ഫൈനൽ മത്സരത്തിനുള്ള അമ്പയർമാരുടെ പാനലിൽ റിച്ചാർഡ് കെറ്റിൽബൊറോ ഇടം നേടിട്ടുണ്ട്. ടിവി അമ്പയറായിട്ടാണ് കെറ്റിൽബൊറോ മത്സരം നിയന്ത്രിക്കുക. ക്രിസ്റ്റൊഫെർ ഗാഫ്ഫനെ, റിച്ചാർഡ് ഇല്ലിങ്വേർത്ത് എന്നിവരാണ് ഓൺ ഫീൽഡ് അമ്പയർമാർ. റോഡ്നി ടക്കർ ഫോർത്ത് അമ്പയറും റിച്ചി റിച്ചാർഡ്സൺ മാച്ച് റഫറിയുമാണ്. ഇതിൽ ഇംഗ്ലീഷ് അമ്പയർ കെറ്റിൽബൊറോയുടെ നിർഭാഗ്യത്തെയാണ് ഇന്ത്യൻ ആരാധകർ ഭയക്കുന്നത്.

  1. 2014 ടി20 വേൾഡ്കപ്പ് ഫൈനലിൽ കെറ്റിൽബൊറോ ഓൺ ഫീൽഡ് അമ്പയറായിരുന്നു. ഇന്ത്യ ശ്രീലങ്കയോട് ആറ് വിക്കറ്റിന് തോറ്റു
  2. 2015 ഏകദിന ലോകകപ്പ് സെമിഫൈനൽ മത്സരത്തിൻ്റെ ഓൺ ഫീൽഡ് അമ്പയറായിരുന്നു കെറ്റിൽബൊറോ. ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റു
  3. 2016 ടി20 വേൾഡ്കപ്പ് സെമിഫൈനലിനും ഇംഗ്ലീഷ് അമ്പയർ ഓൺഫീൽഡിലായിരുന്നു. സ്വന്തം കാണികളുടെ മുന്നിൽ വെച്ച് വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യ തോറ്റു
  4. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിലും കെറ്റിൽബൊറോയായിരുന്നു ഓൺഫീൽഡ് അമ്പയർ. ഫൈനലിൽ ചിരകാല വൈരികളായ പാകിസ്താനോട് നാണംകെട്ട് ഇന്ത്യക്ക് തോൽക്കേണ്ടി വന്നു
  5. 2019 ഏകദിന ലോകകപ്പ് സെമിഫൈനലും കെറ്റിൽബൊറോ ഓൺ ഫീൽഡ് അമ്പയറായി എത്തിയിരുന്നു. ന്യൂസിലാൻഡിനോട് 18 റൺസിന് ഇന്ത്യ തോറ്റു
  6. 2021 ലോക ടെസ്റ്റ്‌ ചാമ്പ്യൻസ്ഷിപ്പ് ഫൈനൽ, ഇത്തവണ കെറ്റിൽബൊറോയുടെ നിർഭാഗ്യം മൈതാനത്ത് ഇല്ല. പക്ഷെ കളി നിയന്ത്രിക്കുന്നവരുടെ പാനലിൽ കെറ്റിൽബൊറോ ടിവി അമ്പയറായിരുന്നു. ന്യൂസിലാൻഡിനോട് എട്ട് വിക്കറ്റിന് ഇന്ത്യ തോറ്റു
  7. കഴിഞ്ഞ വർഷം 2023 നടന്ന ലോക ടെസ്റ്റ്‌ ചാമ്പ്യൻസ്ഷിപ്പിൻ്റെ ഫൈനലിൽ കെറ്റിബൊറോ ടിവി അമ്പയറായിരുന്നു. ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റു.
  8. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ ഇംഗ്ലീഷ് അമ്പയർ ഓൺ ഫീൽഡ് അമ്പയറായിരുന്നു. ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചു.

ALSO READ : T20 World Cup 2024 Final: ബാര്‍ബഡോസില്‍ മഴ പെയ്താല്‍ ഫൈനല്‍ മത്സരത്തിന് എന്ത് സംഭവിക്കും?

ഇനി ഭാഗ്യ പ്രതീക്ഷകൾ

കെറ്റിൽബൊറോ എന്ന നിർഭാഗ്യത്തിൻ്റെ വെല്ലുവിളി ഉണ്ടെങ്കിലും രണ്ട് ഭാഗ്യ പ്രതീക്ഷകൾ ഇന്ത്യ ക്രിക്കറ്റ് ആരാധകർക്ക് മുന്നിലുണ്ട്. ഒന്ന് ട്രോഫിയുടെ ഇടത് വശത്ത് നിൽക്കുന്ന രോഹിത് ശർമയും രണ്ടാമത് ടീമിലെ മലയാളി സാന്നിധ്യമായ സഞ്ജു സാംസണുമാണ്. ഇന്ത്യ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ ഐസിസി ടൂർണമെൻ്റിൻ്റെ ഫൈനൽ മത്സരത്തിന് മുന്നോടിയായി എടുക്കുന്ന ഫോട്ടോഷൂട്ടിൽ ട്രോഫിയുടെ വലത് വശത്ത് നിന്നിട്ടുള്ള ആ കളികൾ എല്ലാം ഇന്ത്യ തോറ്റിറ്റുണ്ട്. ഇത്തവണ ടി20 ലോകകപ്പ് ഫൈനൽ മത്സരത്തിന് മുന്നോടിയായിട്ടുള്ള ഫോട്ടോഷൂട്ടിൽ രോഹിത് ശർമ നിന്നത് ട്രോഫിയുടെ ഇടത് വശത്താണ്. ഇതിൽ ആരാധകരിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

സഞ്ജു എന്ന മലയാളി ഭാഗ്യം

ടി20 ലോകകപ്പിൻ്റെ ഒരു മത്സരത്തിൽ പോലും സഞ്ജു സാംസണിന് അവസരം ലഭിക്കാത്തതിൻ്റെ വിഷമത്തിലാണ് മലയാളി ആരാധകർ. എന്നാൽ ഇന്ത്യക്ക് ലോകകപ്പ് സമാനിക്കാനുള്ള മലയാളി ഭാഗ്യമായി ടീമിനൊപ്പം തുടരുകയാണ് സഞ്ജു എന്ന് പറയേണ്ടി വരും. കാരണം ഇന്ത്യ ലോകകപ്പ് ഉയർത്തിട്ടുള്ളപ്പോഴെല്ലാം ഒരു മലയാളി സാന്നിധ്യം ഇന്ത്യൻ ടീമിലുണ്ടായിരുന്നു.

ചരിത്രത്തിലാദ്യമായി 1983ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിൽ മുത്തമിടുമ്പോൾ ടീമിൽ ഒരു മലയാളി സാന്നിധ്യമുണ്ടായിരുന്നു. കപിലിൻ്റെ കറുത്ത കുതിരകളുടെ മലയാളി ഭാഗ്യമായിരുന്നു സുനിൽ വൽസൻ എന്ന മീഡിയം പേസർ. അന്ന് ടൂർണമെൻ്റിലെ ഒരു മത്സരത്തിൽ പോലും സുനിലിന് ഇറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല.

2007ലും 2011ലെയും ലോകകപ്പ് നേട്ടത്തിൽ ഇന്ത്യക്കൊപ്പം ഭാഗ്യശ്രീയുണ്ടായിരുന്നു. സുനിൽ വൽസണിന് ശേഷം ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടം നേടുന്ന രണ്ടാമത്തെ മലയാളി താരമാണ് എസ് ശ്രീശാന്ത്. 2007ലെ പ്രഥമ ടി20 ലോകകപ്പ് ഇന്ത്യ നേടുന്നതിൻ്റെ പ്രധാന പങ്ക് വഹിച്ച താരങ്ങളിൽ ഒരാളായിരുന്നു ശ്രീശാന്ത്. 2011ലെ ഏകദിന ലോകകപ്പിൽ ശ്രീശാന്ത് ഭാഗ്യത്തിൻ്റെ പേരിലാണ് ഇന്ത്യൻ ടീമിലേക്കെത്തുന്നത്. പേസർ അശിഷ് നെഹ്റ പരിക്കേറ്റതിൻ്റെ ഒഴിവിലേക്കാണ് ശ്രീശാന്തിന് ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് വിളി വരുന്നത്. ടൂർണമെൻ്റിൽ വേണ്ടത്ര പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ലെങ്കിലും ലോകകപ്പ് നേടാനുള്ള മലയാളം ഭാഗ്യമാകാൻ ശ്രീശാന്തിന് സാധിച്ചു.

ഇപ്പോൾ സഞ്ജു സാംസൺ ഇന്ത്യയുടെ മലയാളി ഭാഗ്യമാകുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. 2011ന് ശേഷം ഒരിക്കൽ പോലും ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഒരു മലയാളിക്ക് ഇടം നേടാനായിട്ടില്ല. സുനിൽ വൽസണിനും ശ്രീശാന്തിനും ശേഷം ഇന്ത്യൻ ടീമിലേക്കെത്തിയ സഞ്ജു രാജ്യത്തിൻ്റെ മലയാളി ഭാഗ്യമായി മാറുമോ എന്നറിയാൻ കാത്തിരിക്കുയാണ് ആരാധകർ.

Stories