T20 World Cup : നമീബിയയെ തോല്പിച്ചു; ഓസ്ട്രേലിയ സ്കോട്ട്ലൻഡിനെ തോല്പിച്ചാൽ ഇംഗ്ലണ്ട് സൂപ്പർ എട്ടിൽ
T20 World Cup : ടി20 ലോകകപ്പിൽ നമീബിയയെ തോല്പിച്ച് നില മെച്ചപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ഇതോടെ ഇംഗ്ലണ്ടിനും സ്കോട്ട്ലൻഡിനും അഞ്ച് പോയിൻ്റ് വീതമായി. ഇപ്പോൾ നടക്കുന്ന മത്സരത്തിൽ സ്കോട്ട്ലൻഡ് ഓസ്ട്രേലിയക്കെതിരെ പരാജയപ്പെട്ടാൽ ഇംഗ്ലണ്ട് സൂപ്പർ എട്ടിലെത്തും.
നമീബിയയെ അനായാസം കീഴടക്കി സൂപ്പർ എട്ട് സാധ്യത വർധിപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. മഴ മൂലം 10 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 41 റൺസിനാണ് ഇംഗ്ലണ്ടിൻ്റെ വിജയം.123 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ നമീബിയയ്ക്ക് 84 റൺസ് മാത്രമേ നേടാനായുള്ളൂ. ഇതോടെ ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനും മൂന്നാം സ്ഥാനക്കാരായ സ്കോട്ട്ലൻഡിനും അഞ്ച് പോയിൻ്റുകളായി. ഇപ്പോൾ നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയ സ്കോട്ട്ലൻഡിനെ കീഴടക്കിയാൽ മികച്ച റൺ റേറ്റുള്ള ഇംഗ്ലണ്ട് സൂപ്പർ എട്ടിലെത്തും.
മഴ മൂലം ഏറെ വൈകിയാണ് ഇംഗ്ലണ്ട് – നമീബിയ മത്സരം ആരംഭിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് ജോസ് ബട്ട്ലറെയും (0) ഫിൽ സാൾട്ടിനെയും (11) വേഗം നഷ്ടമായെങ്കിലും ജോണി ബെയർസ്റ്റോ (18 പന്തിൽ 31), ഹാരി ബ്രൂക്ക് (20 പന്തിൽ 47 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗ് അവരെ തകർപ്പൻ സ്കോറിലെത്തിക്കുകയായിരുന്നു. മൊയീൻ അലി (6 പന്തിൽ 16), ലിയാം ലിവിങ്സ്റ്റൺ (4 പന്തിൽ 13) എന്നിവരും ഇംഗ്ലണ്ട് സ്കോറിലേക്ക് നിർണായക സംഭാവന നൽകി. ഇംഗ്ലണ്ടിൻ്റെ സ്കോർ 10 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 122.
മറുപടി ബാറ്റിംഗിനിറങ്ങിയ നമീബിയ ഇംഗ്ലണ്ട് ബൗളർമാർ പിടിച്ചുകെട്ടി. 12 പന്തിൽ 27 റൺസ് നേടിയ ഡേവിഡ് വീസെയാണ് അവരുടെ ടോപ്പ് സ്കോറർ. 10 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 84 റൺസാണ് നമീബിയ നേടിയത്.
അതേസമയം, ഓസ്ട്രേലിയക്കെതിരെ സ്കോട്ട്ലൻഡിന് മികച്ച തുടക്കം ലഭിച്ചു. ആദ്യം ബാറ്റ് ചെയ്യുന്ന സ്കോട്ട്ലൻഡ് പവർപ്ലേ അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 54 റൺസെന്ന നിലയിലാണ്. ഈ കളി സ്കോട്ട്ലൻഡ് ജയിച്ചാൽ ഇംഗ്ലണ്ടിനെ മറികടന്ന് അവർ സൂപ്പർ എട്ട് കളിക്കും.
നേപ്പാളിനെതിരെ ഒരു റൺ ജയത്തോടെ ദക്ഷിണാഫ്രിക്ക സൂപ്പർ 8ൽ പ്രവേശിച്ചിരുന്നു. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 116 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നേപ്പാളിന് 7 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് നേടാനേ സാധിച്ചുള്ളൂ. അവസാന പന്തിൽ ഗുൽശൻ ഝ നാടകീയമായി റണ്ണൗട്ടായതാണ് നേപ്പാളിനു തിരിച്ചടിയായത്.
ഇതിനിടെ ടി20 ലോകകപ്പിൽ നിന്ന് പാകിസ്താൻ പുറത്തായി. ഇന്നലെ യുഎസ്എയും അയർലൻഡും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചതിനെ തുടർന്നാണ് പാകിസ്താൻ സൂപ്പർ 8ൽ കടക്കാനാവാനാതെ പുറത്തായത്. ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായി യുഎസ്എ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.