T20 World Cup 2024 : സൂപ്പർ എട്ട് മത്സരങ്ങൾ ഇന്ന് തുടക്കം; ആദ്യ കളി യുഎസ്എ ദക്ഷിണാഫ്രിക്കയെ നേരിടും
T20 World Cup 2024 Super 8 Starting Today : ലോകകപ്പിലെ സൂപ്പർ എട്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആതിഥേയരായ യുഎസ്എയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യ നാളെ അഫ്ഗാനിസ്ഥാനെതിരെ ആദ്യ മത്സരം കളിക്കും.
ടി20 ലോകകപ്പിലെ സൂപ്പർ എട്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം രാത്രി എട്ടിന് ആൻ്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ യുഎസ്എയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടും. മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ വിജയമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനെ അട്ടിമറിച്ചാണ് യുഎസ്എ സൂപ്പർ എട്ടിലെത്തുന്നത്. ലോകകപ്പ് ആതിഥേയത്വത്തിന് തങ്ങളെ തിരഞ്ഞെടുക്കുമ്പോൾ യുഎസ്എ ടീം പോലും സൂപ്പർ എട്ട് സ്വപ്നം കണ്ടുകാണില്ല. എന്നാൽ, മികച്ച പ്രകടനത്തോടെ ലോകകപ്പ് അവിസ്മരണീയമാക്കാൻ യുഎസ്എയ്ക്ക് സാധിച്ചു. ബാറ്റർമാരും ബൗളർമാരും ഒരുപോലെ ടീമിനായി സംഭാവന നൽകി. എന്നാൽ, ഇതുപോലെ സൂപ്പർ എട്ട് എളുപ്പമാവില്ല. കരുത്തരായ ടീമുകൾക്കെതിരെ തുടർച്ചയായി മികച്ച പ്രകടനം പുറത്തെടുക്കാൻ യുഎസ്എ ബുദ്ധിമുട്ടും. പ്രത്യേകിച്ച് സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരെ. ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര പ്രതിഭയ്ക്കൊത്ത് ഉയർന്നിട്ടില്ലെങ്കിലും ബൗളിംഗ് നിര തകർപ്പൻ ഫോമിലാണ്. ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് ബാറ്റിംഗ് നിരയ്ക്ക് ഫോമിലേക്കുയരാനുള്ള അവസരം കൂടിയാണ് ഇത്. ക്വിൻ്റൺ ഡികോക്ക്, റീസ ഹെൻറിക്സ്, എയ്ഡൻ മാർക്രം, ട്രിസ്റ്റൻ സ്റ്റബ്സ്, ഹെന്രിച് ക്ലാസൻ, ഡേവിഡ് മില്ലർ എന്ന് നീളുന്ന ബാറ്റിംഗ് നിര ഏത് ബൗളിംഗ് നിരയും ഭയക്കുന്നതാണ്. എന്നാൽ, അമേരിക്കയിലെ ബൗളിംഗ് പിച്ചുകളിൽ ഇവരെല്ലാം ബുദ്ധിമുട്ടി. വെസ്റ്റ് ഇൻഡീസിലെ പിച്ചുകൾ ബാറ്റിംഗിനെ കൂടി തുണയ്ക്കുമെന്നതിനാൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ പ്രതീക്ഷയിലാവും.
Read Also: T20 World Cup 2024 : സൂപ്പർ എട്ട് പട്ടികയായി; ഇന്ത്യയുടെ ആദ്യ കളി അഫ്ഗാനെതിരെ
നാല് ടീമുകൾ വീതമടങ്ങുന്ന രണ്ട് ഗ്രൂപ്പുകളാണ് സൂപ്പർ എട്ട് ഘട്ടത്തിലുള്ളത്. ഇന്ത്യ ഗ്രൂപ്പ് ഒന്നിലാണ്. ഇന്ത്യയുടെ ആദ്യ മത്സരം ഈ മാസം 20 ന് അഫ്ഗാനിസ്ഥാനെതിരെ നടക്കും. സൂപ്പർ എട്ടിലെ രണ്ട് ഗ്രൂപ്പുകളിൽ ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകൾ സെമിഫൈനൽ കളിക്കും.
സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിൽ ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും കൂടാതെ ഓസ്ട്രേലിയ, ബംഗ്ലാദേശ് എന്നീ ടീമുകളാണുള്ളത്. ഓരോ ടീമുകളും ഒരു തവണ പരസ്പരം ഏറ്റുമുട്ടും. 22 ന് ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യ 24ന് ഓസ്ട്രേലിയക്കെതിരെയും കളിക്കും. ഗ്രൂപ്പ് രണ്ടിൽ ആതിഥേയരായ വെസ്റ്റ് ഇൻഡീസ്, യുഎസ്എ എന്നിവർക്കൊപ്പം ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമാണ് ടീമുകൾ.
ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളും ആധികാരികമായി വിജയിച്ച ഇന്ത്യയ്ക്ക് കാനഡയ്ക്കെതിരായ അവസാന മത്സരം മഴ മൂലം ഉപേക്ഷിച്ചതിനാൽ പോയിൻ്റ് പങ്കിടേണ്ടിവന്നു. യുഎസ്എയിലെ ബാറ്റിംഗ് ദുഷ്കരമായ പിച്ചുകളിൽ നിന്ന് വെസ്റ്റ് ഇൻഡീസിലെ ബാറ്റിംഗിനു കൂടി അനുകൂലമായ പിച്ചുകളിലേക്ക് ലോകകപ്പ് മാറുമ്പോൾ കുറച്ചുകൂടി വലിയ സ്കോറുകളാണ് പ്രതീക്ഷിക്കുന്നത്.