T20 World Cup 2024 : സൂപ്പർ എട്ട് പട്ടികയായി; ഇന്ത്യയുടെ ആദ്യ കളി അഫ്ഗാനെതിരെ
T20 World Cup 2024 Super 8 Matches : ലോകകപ്പിലെ സൂപ്പർ എട്ട് മത്സരങ്ങളിൽ ഇന്ത്യയുടെ ആദ്യ കളി ഈ മാസം 20 ന് അഫ്ഗാനിസ്ഥാനെതിരെ നടക്കും. സൂപ്പർ എട്ടിലെ ആദ്യ മത്സരം നാളെ ദക്ഷിണാഫ്രിക്കയും യുഎസ്എയും തമ്മിലാണ്.
ടി20 ലോകകപ്പിലെ സൂപ്പർ എട്ട് പട്ടികയായി. നാല് ടീമുകൾ വീതമടങ്ങുന്ന രണ്ട് ഗ്രൂപ്പുകളാണ് സൂപ്പർ എട്ട് ഘട്ടത്തിലുള്ളത്. സൂപ്പർ എട്ടിലെ ആദ്യ കളി നാളെ ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് യുഎസ്എയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കും. ഇന്ത്യ ഗ്രൂപ്പ് ഒന്നിലാണ്. ഇന്ത്യയുടെ ആദ്യ മത്സരം ഈ മാസം 20 ന് അഫ്ഗാനിസ്ഥാനെതിരെ നടക്കും. സൂപ്പർ എട്ടിലെ രണ്ട് ഗ്രൂപ്പുകളിൽ ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകൾ സെമിഫൈനൽ കളിക്കും.
സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിൽ ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും കൂടാതെ ഓസ്ട്രേലിയ, ബംഗ്ലാദേശ് എന്നീ ടീമുകളാണുള്ളത്. ഓരോ ടീമുകളും ഒരു തവണ പരസ്പരം ഏറ്റുമുട്ടും. 22 ന് ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യ 24ന് ഓസ്ട്രേലിയക്കെതിരെയും കളിക്കും. ഗ്രൂപ്പ് രണ്ടിൽ ആതിഥേയരായ വെസ്റ്റ് ഇൻഡീസ്, യുഎസ്എ എന്നിവർക്കൊപ്പം ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമാണ് ടീമുകൾ.
ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളും ആധികാരികമായി വിജയിച്ച ഇന്ത്യയ്ക്ക് കാനഡയ്ക്കെതിരായ അവസാന മത്സരം മഴ മൂലം ഉപേക്ഷിച്ചതിനാൽ പോയിൻ്റ് പങ്കിടേണ്ടിവന്നു. യുഎസ്എയിലെ ബാറ്റിംഗ് ദുഷ്കരമായ പിച്ചുകളിൽ നിന്ന് വെസ്റ്റ് ഇൻഡീസിലെ ബാറ്റിംഗിനു കൂടി അനുകൂലമായ പിച്ചുകളിലേക്ക് ലോകകപ്പ് മാറുമ്പോൾ കുറച്ചുകൂടി വലിയ സ്കോറുകളാണ് പ്രതീക്ഷിക്കുന്നത്.
Read Also: Subman Gill : ‘രോഹിത് ശർമയിൽ നിന്ന് അച്ചടക്കം പഠിക്കുന്നു’; വിവാദങ്ങളോട് പ്രതികരിച്ച് ശുഭ്മൻ ഗിൽ
ടി20 ലോകകപ്പ് അവസാനിക്കുന്നതോടെ നിലവിലെ പരിശീലകൻ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയും. ഇതോടെ ഗൗതം ഗംഭീർ പരിശീലക സ്ഥാനത്തെത്തുമെന്നാണ് റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ അവസാനത്തോടെ അദ്ദേഹത്തെ ടീം ഇന്ത്യയുടെ പുതിയ മുഖ്യ പരിശീലകനായി പ്രഖ്യാപിക്കും. ബാറ്റിംഗ് കോച്ച്, ബൗളിംഗ് കോച്ച്, ഫീൽഡിംഗ് കോച്ച് എന്നിവരടങ്ങുന്ന സപ്പോർട്ട് സ്റ്റാഫിനെ ഗംഭീർ കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നിലവിൽ വിക്രം റാത്തോർ ബാറ്റിംഗ് പരിശീലകനായും പരസ് മാംബ്രെ ബൗളിംഗ് പരിശീലകനായും ടി ദിലീപ് ഫീൽഡിംഗ് പരിശീലകനായും ഉണ്ട്. ഗംഭീർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് (കെ കെ ആർ) ഒരു മെൻ്ററായി, ലക്‌നൗ സൂപ്പർ ജയൻ്റ്‌സുമായി (എൽ എസ്ജി) രണ്ട് വർഷത്തോളം പ്രവർത്തിച്ചതിന് ശേഷം ടീമിനെ മൂന്നാം ഐപിഎൽ കിരീടത്തിലേക്ക് നയിച്ചിരുന്നു.
2027 ഏകദിന ലോകകപ്പ് വരെയായിരിക്കും ഗംഭീറിൻറെ കാലാവധി. ഗംഭീർ ചുമതലയേൽക്കുന്നതോടെ ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫിലും വലിയ മാറ്റം വന്നേക്കും. ചെന്നൈയിൽ കഴിഞ്ഞ മാസം ഐപിഎൽ ഫൈനലിനിടെ ഈ വിഷയത്തിൽ ചർച്ച നടന്നിരുന്നതായാണ് വിവരം. ഗംഭീറുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ അന്ന് സംസാരിച്ചിരുന്നു.
എന്നാൽ ഗംഭീറിനെ തുടർന്നും മെൻററായി ടീമിന് വേണമെന്ന് കെ കെ ആർ താൽപര്യപ്പെടുന്നതായാണ് സൂചന. ഇക്കാര്യത്തിൽ കെ കെ ആറും ബി സി സി ഐയും തമ്മിൽ ധാരണയായി എന്നാണ് പുതിയ വിവരം. ടി20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡിൻ്റെ കരാർ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ദ്രാവിഡിൻ്റെ അവസാന ഉത്തരവാദിത്തമാണ് ടി20 ലോകകപ്പ് 2024. ഈ ജോലി തനിക്ക് ഇഷ്ടമാണെന്നും ഇന്ത്യയെ പരിശീലിപ്പിക്കുന്നത് ആസ്വദിച്ചുവെന്നും ദ്രാവിഡ് പറഞ്ഞിരുന്നു. എന്നാൽ വീണ്ടും അപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.