T20 World Cup 2024 : ഇന്ന് വമ്പന്മാർ കൊമ്പുകോർക്കും; ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കക്കെതിരെ
T20 World Cup 2024 South Africa vs England : ടി20 ലോകകപ്പ് സൂപ്പർ എട്ട് ഘട്ടത്തിൽ ഇന്ന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടും. യഥാക്രമം ഗ്രൂപ്പിൽ ഒന്നാമതും രണ്ടാമതുമാണ് ടീമുകൾ. അതുകൊണ്ട് തന്നെ ഇന്നത്തെ കളി വിജയിക്കുന്ന ടീം ഗ്രൂപ്പ് ചാമ്പ്യന്മാരാവാണ് സാധ്യത.
ടി20 ലോകകപ്പിൽ (T20 World Cup 2024) ഇന്ന് വമ്പന്മാർ ഏറ്റുമുട്ടും. സെൻ്റ് ലൂസിയയിലെ ഡാരൻ സമ്മി നാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് (England) ദക്ഷിണാഫ്രിക്കയെ നേരിടും. ഇരു ടീമുകളും തങ്ങളുടെ ആദ്യ സൂപ്പർ എട്ട് മത്സരത്തിൽ വിജയിച്ചിരുന്നു. ഇന്ന് വിജയിക്കുന്ന ടീം സെമിയിലേക്ക് കൂടുതൽ അടുക്കും.
ആദ്യ കളി ദക്ഷിണാഫ്രിക്ക യുഎസ്എയ്ക്കെതിരെ വിയർത്താണ് ജയിച്ചത്. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 195 റൺസ് വിജയലക്ഷ്യത്തിലേക്ക് സധൈര്യം ബാറ്റ് വച്ച യുഎസ്എ ഒരു ഘട്ടത്തിൽ അട്ടിമറി സാധ്യത പോലും നിലനിർത്തിയിരുന്നു. അവസാന ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞാണ് ദക്ഷിണാഫ്രിക്ക മത്സരം 18 റൺസിനു വിജയിച്ചത്. കഗീസോ റബാഡയുടെയും കേശവ് മഹാരാജിൻ്റെയും സ്പെല്ലുകളാണ് നിർണായകമായത്.
ഇംഗ്ലണ്ടാവട്ടെ, ഗ്രൂപ്പ് ഘട്ടത്തിലെ പതർച്ചകൾ മാറ്റിവച്ച് ആതിഥേയരായ വെസ്റ്റ് ഇൻഡീസിനെ തകർത്തു. വിൻഡീസ് മുന്നോട്ടുവച്ച 182 റൺസ് വിജയലക്ഷ്യം 8 വിക്കറ്റും 15 പന്തും ബാക്കിനിർത്തിയാണ് ഇംഗ്ലണ്ട് മറികടന്നത്. ഇതോടെ മികച്ച റൺ റേറ്റിൽ ഗ്രൂപ്പിൽ ഒന്നാമതാവാനും ഇംഗ്ലണ്ടിനു സാധിച്ചു. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകളിൽ ഒരു ടീം സൂപ്പർ എട്ട് കടക്കില്ലെന്നതുകൊണ്ട് തന്നെ ഈ ഗ്രൂപ്പിലെ മത്സരങ്ങൾ ആവേശകരമാവും.
Read Also: Indian Team Coach : ഗംഭീറോ അതോ പരിചയ സമ്പന്നനായ വെങ്കട് രാമനോ; രണ്ട് പേരേയും കോച്ചാക്കാൻ ബിസിസിഐ
അതേസമയം, രാഹുൽ ദ്രാവിഡിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് രണ്ട് പേരെ നിയമിക്കാൻ ബിസിസിഐ തയ്യാറെടുക്കുന്നുയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം വരെ രാഹുൽ ദ്രാവിഡിൻ്റെ പിൻഗാമിയായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിൻ്റെ പേര് മാത്രമായിരുന്നു ബിസിസിഐയുടെ മുന്നിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഗംഭീറിനൊപ്പം മറ്റൊരു പേരും കൂടി ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൻ്റെ മുന്നിലേക്കെത്തിയിരിക്കുകയാണ്. ഇതാണ് ബിസിസിഐയെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ന്യൂസ് 18 ഇന്ത്യൻ ക്രിക്കറ്റ് ടീമിന് രണ്ട് കോച്ചുമാരുണ്ടാകാൻ സാധ്യതയെന്ന് റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യൻ ടീമിൻ്റെ മുഖ്യപരിശീലകൻ ഗംഭീറാണ് ഉറപ്പിച്ചുകൊണ്ട് ഈ കഴിഞ്ഞ തിങ്കളാഴ്ച റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ചൊവ്വാഴ്ചയോടെ ആ സ്ഥാനത്തേക്ക് കോച്ചിങ്ങിൽ പരിചയ സമ്പന്നനായ വൂർകേരി വെങ്കട് രാമൻ്റെ പേരും ചേർക്കപ്പെട്ടു. വെങ്കട് രാമനുമായിട്ടുള്ള അഭിമുഖത്തിൽ ബിസിസിഐ സന്തോഷവാന്മാരാണെന്നാണ് ന്യൂസ് 18ൻ്റെ റിപ്പോർട്ടിൽ പറയുന്നത്. അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിൽ പരിചയ സമ്പന്നനായ കോച്ചിന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അവസരം നൽകിയേക്കും. എന്നാൽ ഗംഭീർ തള്ളാനാകാതെ വരുന്നതോടെയാണ് ബിസിസിഐക്ക് രണ്ട് കോച്ചുമാർ ഫോർമുലയിലേക്കെത്തിച്ചേരേണ്ടി വരുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
രണ്ട് പേരെയും ഒരുപോലെ ഉപയോഗപ്പെടുത്തുക എന്ന് മാത്രമാണ് ബിസിസിഐക്കുള്ളത്. ഒന്നെങ്കിൽ ഗംഭീറിനെ മുഖ്യപരിശീലകനായി നിയമിക്കുകയും വെങ്കട് രാമനെ ബാറ്റിങ്ങിനുള്ള ചുമതല നൽകും. അല്ലെങ്കിൽ നിശ്ചിത ഓവർ ഫോർമാറ്റ് ഗംഭീർ കൈകാര്യം ചെയ്യുമ്പോൾ വെങ്കട് രാമനുള്ള ചുമതല ടെസ്റ്റിൽ മാത്രമായേക്കും. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഗുണകരമാകും വിധം രണ്ട് പേരെയും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ബിസിസിഐ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് ഹിന്ദുസ്ഥാൻ ടൈംസും റിപ്പോർട്ട് ചെയ്യുന്നുണ്ട്.