T20 World Cup 2024 : സ്ലോ പിച്ച്, മഴ, മത്സരസമയം; ഐപിഎൽ പോലെ അല്ല, ലോകകപ്പ് ബോറടിപ്പിച്ചേക്കും
T20 World Cup 2024 Pitch Report : ടി20 ലോകകപ്പിൽ ഇതുവരെ നടന്ന ഏഴ് മത്സരങ്ങളിലെ 12 ഇന്നിങ്സിൽ പിറന്ന് റൺസിൻ്റെ ശരാശരി 125 റൺസാണ്. ഒരു മത്സരം (സ്കോട്ട്ലൻഡ്-ഇംഗ്ലണ്ട്) മഴയെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു
റെക്കോർഡ് സ്കോറുകൾ പിറന്ന, ബാറ്റർമാർ അഴിഞ്ഞാടിയ ബ്ലോക്ക്ബസ്റ്റർ ഐപിഎൽ സീസൺ അവസാനിച്ചിട്ട് ഇന്ന് പത്താം ദിനം. ഐപിഎൽ പൂർത്തിയായതിന് തൊട്ടുപിന്നാലെ ട്വിൻ്റി-20 ലോകകപ്പ് അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി ആരംഭിച്ചു. ടൂർണമെൻ്റിൽ ഇന്ന് ഇന്ത്യ ആദ്യ മത്സരത്തിനായി കളത്തിലിറങ്ങും. അയർലൻഡാണ് ആദ്യ മത്സരത്തിൽ ഇന്ത്യയുടെ എതിരാളി. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് മത്സരം. എന്നാൽ കുട്ടി ക്രിക്കറ്റിൻ്റെ ലോകകപ്പ് ആവേശകരമായി ആസ്വദിക്കാമെന്ന് ആരും കരുതേണ്ട!
ലോകകപ്പ് ആരംഭിച്ച് ഇതുവരെ കഴിഞ്ഞത് ഏഴ് മത്സരങ്ങളാണ്. ഈ മത്സരങ്ങൾ പരിഗണിക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത് ഈ ലോകകപ്പ് ബോളർമാർക്ക് കുറച്ച് പിന്തുണ ലഭിക്കുന്നതും ബാറ്റിങ് ദുഷ്കരമായ ഒരു എഡിഷനായിരിക്കുമെന്നാണ്. അതോടൊപ്പം മഴയും വിചിത്രമായ മത്സരസമയവും. ചുരുക്കിപ്പറഞ്ഞാൽ ഐപിഎൽ കാണികൾക്ക് ഈ ലോകകപ്പ് ബോറടിക്കും.
തകർത്താടിയ ഐപിഎൽ 2024
ഇതും വായിക്കൂ
ഐപിഎലിൽ ഇംപാക്ട് നിയമവും താരതമ്യേന വലിപ്പം കുറഞ്ഞ ബൗണ്ടറികളും ബാറ്റിങ് പിച്ചുകളുമൊരുക്കിയത് ക്രിക്കറ്റ് എന്ന ഗെയിമിനപ്പുറം ക്രിക്കറ്റ് എന്ന എൻ്റർടെയിന്മെൻ്റിനെ പ്രമോട്ട് ചെയ്യാനായിരുന്നു. ടൂർണമെൻ്റ് പുരോഗമിക്കുമ്പോൾ സ്വാഭാവികമായും പിച്ച് പഴകി സ്ലോ ആവുകയും ബൗളർമാർക്ക് അല്പം പിന്തുണ ലഭിക്കാൻ തുടങ്ങി എങ്കിലും ഐപിഎല്ലിൻ്റെ പ്രധാന ആകർഷണം ബാറ്റിങ് വെടിക്കെട്ടുകൾ തന്നെയായിരുന്നു. 250നു മുകളിൽ അനായാസം പിറന്ന സ്കോറുകൾ. 200നു മുകളിലുള്ള 41 സ്കോറുകളാണ് ഈ കഴിഞ്ഞ ഐപിഎലിൽ പിറന്നത്. ഇത് റെക്കോർഡാണ്.
ALSO READ : T20 World Cup 2024 : ലോകകപ്പിൽ കന്നിയങ്കത്തിനായി ഇന്ത്യ ഇന്ന് അയർലൻഡിനെതിരെ; സഞ്ജു ഇറങ്ങുമോ?
ഏറ്റവുമധികം സിക്സ് (1260), ഏറ്റവുമധികം സെഞ്ചുറികൾ (14), ഏറ്റവുമുയർന്ന ഐപിഎൽ ടോട്ടൽ (ആർസിബിക്കെതിരെ ഹൈദരാബാദിൻ്റെ 287/3), ഏറ്റവുമുയർന്ന റൺ ചേസ് (കൊൽക്കത്തക്കെതിരെ പഞ്ചാബിൻ്റെ 262) തുടങ്ങി ബാറ്റിംഗ് ആഘോഷമാക്കിയ രണ്ട് മാസം. അത് കഴിഞ്ഞ് നേരെ കാണികളെത്തുന്നത് കുരഞ്ഞ സ്കോറുകൾ മാത്രം പിറക്കുന്ന ലോകകപ്പിലേക്ക്.
ലോകകപ്പിൽ ഇതുവരെ കഴിഞ്ഞ ഏഴ് മത്സരങ്ങൾ
ഡാലസിൽ നടന്ന ഉദ്ഘാടന മത്സരം പക്ഷേ സ്ലോ ആയിരുന്നില്ല. കാനഡ മുന്നോട്ടുവച്ച 195 റൺസ് വിജയലക്ഷ്യം യുഎസ്എ 17.4 ഓവറിൽ മറികടന്നു. 40 പന്തിൽ 94 റൺസെടുത്ത് പുറത്താവാതെ നിന്ന ആരോൺ ജോൺസിൻ്റെ വെടിക്കെട്ട് കണ്ടപ്പോൾ മറ്റൊരു റൺ ഫീസ്റ്റാണെന്ന് തോന്നലുണ്ടായെങ്കിലും അത് തെറ്റായിരുന്നു.
ഗയാനയിൽ പാപ്പുവ ന്യൂ ഗിനിയയും വെസ്റ്റ് ഇൻഡീസും തമ്മിൽ നടന്ന മത്സരം മുതൽ പിച്ചിൻ്റെ സ്ലോ എന്താണെന്ന് കാട്ടിത്തുടങ്ങി. 137 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് അത് ചേസ് ചെയ്തത് 19ആം ഓവറിലാണ്. ബാർബഡോസിൽ നടന്ന അടുത്ത മത്സരത്തിൽ ഒമാനും നമീബിയയും 109 റൺസ് വീതമടിച്ച് സൂപ്പർ ഓവറിലേക്ക്. സൂപ്പർ ഓവറിൽ ഡേവിഡ് വീസെയുടെ ഓൾറൗണ്ട് പ്രകടനത്തിൽ ജയം നമീബിയക്ക്.
ഇന്ത്യ ഇറങ്ങുന്ന നസ്സൗ കൗണ്ടി സ്റ്റേഡിയം
ഇന്ന് ഇന്ത്യ കളിക്കുന്ന നസ്സൗ കൗണ്ടി സ്റ്റേഡിയത്തിൽ ശ്രീലങ്കയെ 77 റൺസിന് എറിഞ്ഞ ദക്ഷിണാഫ്രിക്ക വിയർത്തുജയിച്ചത് 17ആം ഓവറിൽ. നാല് വിക്കറ്റും അവർക്ക് നഷ്ടമായി. ഐപിഎലിൽ ബൗളർമാരെ നിന്നും ഇരുന്നും കിടന്നും പഞ്ഞിക്കിട്ട ട്രിസ്റ്റൻ സ്റ്റബ്സ് 28 പന്ത് നേരിട്ട് നേടിയത് 13 റൺസ്. ഗയാനയിൽ നടന്ന അഫ്ഗാൻ- ഉഗാണ്ട മാച്ച് ഒരു ഡേവിഡ് – ഗോലിയാത്ത് മത്സരമായിരുന്നു. 125 റൺസിന് അഫ്ഗാൻ കളി ജയിച്ചു. ഇന്നലെ സ്കോട്ട്ലൻഡ് – ഇംഗ്ലണ്ട് മത്സരം മഴ മൂലം ഉപേക്ഷിച്ചു. സ്കോട്ട്ലൻഡ് 10 ഓവർ ബാറ്റ് ചെയ്തതിനു ശേഷമാണ് മഴ പെയ്തത്. ഡാലസിൽ നേപ്പാളിനെതിരെ 107 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ നെതർലൻഡ്സ് ജയിച്ചത് 19ആം ഓവറിൽ.
ഇതിനൊക്കെപ്പുറമെയാണ് മത്സരസമയം. ഇന്നലെ രണ്ട് മത്സരങ്ങളും നടന്നത് രാത്രിയായിരുന്നു. എട്ടിനും 9നും. ചില മത്സരങ്ങൾ രാവിലെ ആറിനും മറ്റ് ചില മത്സരങ്ങൾ രാത്രി എട്ടിനുമാണ് ഇതുവരെ നടന്നത്. ഇന്ത്യയുടെ മത്സരങ്ങളെല്ലാം രാത്രി എട്ടിനാണ്. എന്നാൽ, മറ്റ് പല ടീമുകളുടെയും മത്സരങ്ങളുടെയും ഇന്ത്യൻ സമയം അതിരാവിലെയാണ്. ഈ ലോകകപ്പ് കാണൽ ഈസിയല്ല ഗയ്സ്.