5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

T20 World Cup : അതിതീവ്ര ചുഴലിക്കാറ്റ് മുന്നറിയിപ്പ്; നാട്ടിലേക്ക് മടങ്ങാനാവാതെ ഇന്ത്യൻ ക്രിക്കറ്റ് ടീം

T20 World Cup 2024 Hurricane Warning : ബാർബഡോസിൽ അതിതീവ്ര ചുഴലിക്കാറ്റിനുള്ള മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ ഇന്ത്യൻ ടീമിൻ്റെ നാട്ടിലേക്കുള്ള യാത്ര വൈകുന്നു. കാറ്റഗറി നാലിൽ പെടുന്ന ബെറിൽ ചുഴലിക്കാറ്റിനുള്ള മുന്നറിയിപ്പാണ് ബാർബഡോസിൽ ഉള്ളത്. ഞായറാഴ്ച ചാർട്ടേഡ് വിമാനത്തിൽ വരാനാണ് ടീം ഇന്ത്യ തീരുമാനിച്ചിരുന്നതെങ്കിലും വിമാനത്താവണം വൈകുന്നേരം മുതൽ അടച്ചിട്ടിരിക്കുകയായിരുന്നു.

T20 World Cup : അതിതീവ്ര ചുഴലിക്കാറ്റ് മുന്നറിയിപ്പ്; നാട്ടിലേക്ക് മടങ്ങാനാവാതെ ഇന്ത്യൻ ക്രിക്കറ്റ് ടീം
India T20 WC (Image Courtesy -Reuters)
abdul-basith
Abdul Basith | Published: 01 Jul 2024 13:55 PM

ബാർബഡോസിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനാവാതെ ടി20 ലോകകപ്പ് ജേതാക്കളായ (India Won The World Cup) ഇന്ത്യൻ ക്രിക്കറ്റ് ടീം. സർക്കാർ അതിതീവ്ര ചുഴലിക്കാറ്റിനുള്ള മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യൻ ടീം (125 CR Compensation) ബാർബഡോസിൽ കുടുങ്ങിയത്. ചാർട്ടേഡ് ഫ്ലൈറ്റിൽ തിരികെ വരാനായിരുന്നു ഇന്ത്യൻ ടീമിൻ്റെ തീരുമാനം. എന്നാൽ, ഞായറാഴ്ച വൈകുന്നേരം മുതൽ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ദക്ഷിണാഫ്രിക്കൻ ടീം നേരത്തെ മടങ്ങിയിരുന്നു.

കാറ്റഗറി നാലിൽ പെടുന്ന ബെറിൽ ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രി കടന്നുപോകുമെന്നായിരുന്നു മുന്നറിയിപ്പ്. ഹിൽട്ടൺ ഹോട്ടലിലാണ് ഇന്ത്യ താമസിച്ചിരുന്നത്. വൈകുന്നേരം മുതൽ വിമാനത്താവളം അടച്ചതിനാൽ ഇന്ത്യൻ ടീമിന് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചില്ല. ഉടൻ തന്നെ ടീം നാട്ടിലെത്തുമെന്നാണ് കരുതപ്പെടുന്നത്. തിരികെ എത്തുന്ന ടീമിന് സ്വീകരണം നൽകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ മാധ്യമങ്ങളോട് പ്രതികരിച്ചു.

ടി20 ലോകകപ്പ് വിജയകിരീടം ചൂടിയ ടീം ഇന്ത്യയ്ക്ക് ബിസിസിഐ 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പാരിതോഷിക പ്രഖ്യാപനം നടത്തിയത്. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം പുറത്തുവിട്ടത്. ലോകകപ്പ് വിജയത്തില്‍ പങ്കാളികളായ താരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോട്ടിങ് സ്റ്റാഫിനും ഷാ അഭിനന്ദനം അറിയിച്ചു. ടൂര്‍ണമെന്റിലുടനീളം അസാധാരണമായ കഴിവും നിശ്ചയദാര്‍ഢ്യവും ഇന്ത്യന്‍ ടീം പ്രകടിപ്പിച്ചുവെന്നും ഷാ എക്‌സില്‍ കുറിച്ചു.

Also Read : Mohammed Siraj: ടി20 വിജയത്തിൽ ‘അല്ലാഹുവിന് നന്ദി’ എന്ന ട്വീറ്റിന് സൈബർ ആക്രമണം നേരിട്ട് മുഹമ്മദ് സിറാജ്‌

അവിശ്വസനീയ പോരാട്ടത്തിലൂടെ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചുകൊണ്ടാണ് ലോക കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടത്. ആവേശകരമായ മത്സരത്തിൽ ഏഴ് റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

വിജയവാര്‍ത്ത പുറത്തുവന്നതോടെ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ രംഗത്തെത്തി. ഈ വിജയം ഇന്ത്യക്കാകെ അഭിമാനമാണെന്നും ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ടൂര്‍ണമെന്റിലുടനീളം ഗംഭീരമായ പ്രകടനം നടത്തിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങളെന്നാണ് രാഹുല്‍ എക്‌സില്‍ കുറിച്ചത്. കൂടാതെ സൂര്യകുമാര്‍ യാദവിന്റെ ക്യാച്ചിനെയും രോഹിത് ശര്‍മയുടെ നായക മികവിനെയും രാഹുല്‍ ദ്രാവിഡിന്റെ പരിശീലക മികവിനെയും രാഹുല്‍ ഗാന്ധി അഭിനന്ദിക്കാന്‍ മറന്നില്ല.

അതേസമയം, ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ രോഹിത് ശര്‍മയും വിരാട് കോലിയും രവീന്ദ്ര ജഡേജയും ടി20യിൽ നിന്ന് വിരമിച്ചു. ആദ്യം കോലിയും പിന്നീട് രോഹിതും പിന്നാലെ ജഡേജയും വിരമിക്കൽ പ്രഖ്യാപനം നടത്തുകയായിരുന്നു. മൂവരും മറ്റ് ഫോർമാറ്റുകളിൽ കളി തുടരും. വർഷങ്ങളോളം ഇന്ത്യൻ ക്രിക്കറ്റിനൊപ്പം സഞ്ചരിച്ച മൂന്ന് താരങ്ങളാണ് ഇന്നലെ പാഡഴിച്ചത്.