ലോക ചാമ്പ്യന്മാരുമായി ചാർട്ടേഡ് ഫ്ലൈറ്റ് പുറപ്പെട്ടു; ലൈവ് ട്രാക്ക് ചെയ്യാനുള്ള വഴി ഇങ്ങനെ | T20 World Cup 2024 How To Track Team India Chartered Flight AIC24WC Malayalam news - Malayalam Tv9

T20 World Cup 2024: ലോക ചാമ്പ്യന്മാരുമായി ചാർട്ടേഡ് ഫ്ലൈറ്റ് പുറപ്പെട്ടു; ലൈവ് ട്രാക്ക് ചെയ്യാനുള്ള വഴി ഇങ്ങനെ

Updated On: 

03 Jul 2024 17:27 PM

T20 World Cup 2024 AIC24WC : ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അംഗങ്ങളുമായി എയർ ഇന്ത്യയുടെ പ്രത്യേക ചാർട്ടേഡ് വിമാനം ബാർബഡോസിൽ നിന്ന് പുറപ്പെട്ടു. നാളെ പുലർച്ചെ ആറ് മണിയോടെ വിമാനം ഡൽഹിയിലെത്തും. കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസം വൈകിയാണ് ഇന്ത്യ പുറപ്പെട്ടത്.

T20 World Cup 2024: ലോക ചാമ്പ്യന്മാരുമായി ചാർട്ടേഡ് ഫ്ലൈറ്റ് പുറപ്പെട്ടു; ലൈവ് ട്രാക്ക് ചെയ്യാനുള്ള വഴി ഇങ്ങനെ

T20 World Cup 2024 AIC24WC (Image Courtesy - Social Media)

Follow Us On

ടി20 ലോകകപ്പ് ജേതാക്കളായ (India Won The World Cup) ഇന്ത്യൻ ടീം ബിസിസിഐ ഒരുക്കിയ പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റിൽ ബാർബഡോസിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെട്ടു. കൊടുങ്കാറ്റ് (Hurricane Warning) മുന്നറിയിപ്പിനെ തുടർന്ന് തീരുമാനിച്ചതിലും രണ്ട് ദിവസം വൈകിയാണ് ടീം ഇന്ത്യ പുറപ്പെട്ടത്. ബാർബഡോസ് സമയം ബുധനാഴ്ച പുലർച്ചെ 4.56ന് വിമാനം ബാർബഡോസിൽ നിന്ന് പുറപ്പെട്ടു. വ്യാഴാഴ്ച രാവിലെ 6 മണിയോടെ വിമാനം ന്യൂഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തും.

AIC24WC എന്ന എയർ ഇന്ത്യ ചാർട്ടേഡ് ഫ്ലൈറ്റിലാണ് ഇന്ത്യൻ ടീം എത്തുന്നത്. AIC എന്നത് എയർ ഇന്ത്യ ചാർട്ടേഡ് വിമാനം എന്നതിനെയും 24WC എന്നത് 2024 ടി20 ലോകകപ്പ് ജേതാക്കൾ എന്നതിനെയും സൂചിപ്പിക്കുന്നു. https://www.flightradar24.com എന്ന വെബ്സൈറ്റിൽ വിമാനം തത്സമയം ട്രാക്ക് ചെയ്യാം. നിലവിൽ സൈറ്റിൽ ഏറ്റവുമധികം പേർ ട്രാക്ക് ചെയ്യുന്ന വിമാനമാണിത്. 4000ലധികം ആളുകളാണ് ഈ വിമാനം തത്സമയം ട്രാക്ക് ചെയ്യുന്നത്. ഇപ്പോൾ നോർത്ത് അറ്റ്ലാൻ്റിക് സമുദ്രത്തിനു മുകളിലൂടെയാണ് വിമാനം പറക്കുന്നത്.

നാളെ പുലർച്ചെ ഇന്ത്യയിലെത്തുന്ന ടീമംഗങ്ങൾ 9.30ന് പ്രധാനമന്ത്രിയുടെ വസതിയിലെത്തും. കൂടിക്കാഴ്ചയ്ക്ക് ശേഷം ചാർട്ടേഡ് ഫ്ലൈറ്റിൽ മുംബൈയിലെത്തുന്ന ടീം തുറന്ന ബസിൽ ഘോഷയാത്രയായി വാംഖഡെ സ്റ്റേഡിയത്തിലെത്തും. സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ ടീം അംഗങ്ങൾക്കുള്ള 125 കോടി രൂപയുടെ സമ്മാനത്തുക ബിസിസിഐ സെക്രട്ടറി ജയ് ഷാ വിതരണം ചെയ്യും. നാളെ വൈകുന്നേരം അഞ്ച് മണി മുതൽ മറൈൻ ഡ്രൈവിലും വാംഖഡെയിലും വിക്ടറി പരേഡ് ഉണ്ടാവുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചിട്ടുണ്ട്.

Also Read : T20 World Cup : അതിതീവ്ര ചുഴലിക്കാറ്റ് മുന്നറിയിപ്പ്; നാട്ടിലേക്ക് മടങ്ങാനാവാതെ ഇന്ത്യൻ ക്രിക്കറ്റ് ടീം

സർക്കാർ അതിതീവ്ര ചുഴലിക്കാറ്റിനുള്ള മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യൻ ടീം ബാർബഡോസിൽ കുടുങ്ങിയത്. കാറ്റഗറി നാലിൽ പെടുന്ന ബെറിൽ കൊടുങ്കാറ്റ് മുന്നറിയിപ്പാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച പുലർച്ചെ ചാർട്ടേഡ് ഫ്ലൈറ്റിൽ തിരികെ വരാനായിരുന്നു ഇന്ത്യൻ ടീമിൻ്റെ തീരുമാനം. എന്നാൽ, ഞായറാഴ്ച വൈകുന്നേരം വിമാനത്താവളം അടച്ചു. ഹിൽട്ടൺ ഹോട്ടലിലാണ് ഇന്ത്യ താമസിച്ചിരുന്നത്. പിറ്റേന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ അന്നും കൊടുങ്കാറ്റ് മുന്നറിയിപ്പുണ്ടായി. ഇതോടെയാണ് ഇന്ത്യയുടെ യാത്ര നീണ്ടത്.

അവിശ്വസനീയ പോരാട്ടത്തിലൂടെ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചുകൊണ്ടാണ് ലോക കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടത്. ആവേശകരമായ മത്സരത്തിൽ ഏഴ് റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

അതേസമയം, ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ രോഹിത് ശര്‍മയും വിരാട് കോലിയും രവീന്ദ്ര ജഡേജയും ടി20യിൽ നിന്ന് വിരമിച്ചു. ആദ്യം കോലിയും പിന്നീട് രോഹിതും പിന്നാലെ ജഡേജയും വിരമിക്കൽ പ്രഖ്യാപനം നടത്തുകയായിരുന്നു. മൂവരും മറ്റ് ഫോർമാറ്റുകളിൽ കളി തുടരും. വർഷങ്ങളോളം ഇന്ത്യൻ ക്രിക്കറ്റിനൊപ്പം സഞ്ചരിച്ച മൂന്ന് താരങ്ങളാണ് ഇന്നലെ പാഡഴിച്ചത്.

Exit mobile version