5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

T20 World Cup 2024 : ടി20 ലോകകപ്പിലെ ദയനീയ പ്രകടനം; ശ്രീലങ്കൻ പരിശീലകൻ രാജിവച്ചു

Chris Silverwood Resigns As Srilanka Coach : ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ടീം പുറത്തായതിനു പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റ് ടീം പരിശീലകൻ ക്രിസ് സിൽവർവുഡ് രാജിവച്ചു. ടീമിൻ്റെ മോശം പ്രകടനങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്താണ് രാജി. ലോകകപ്പിൽ വെറും ഒരു മത്സരത്തിൽ മാത്രമാണ് ശ്രീലങ്ക വിജയിച്ചത്.

T20 World Cup 2024 : ടി20 ലോകകപ്പിലെ ദയനീയ പ്രകടനം; ശ്രീലങ്കൻ പരിശീലകൻ രാജിവച്ചു
Chris Silverwood Resigns (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 28 Jun 2024 08:44 AM

ലോകകപ്പിലെ ദയനീയ പ്രകടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ശ്രീലങ്കൻ ക്രിക്കറ്റ് ടീം പരിശീലകൻ ക്രിസ് സിൽവർവുഡ് രാജിവച്ചു. ലോകകപ്പ് ഗ്രൂപ്പ് ഡിയിലായിരുന്ന ശ്രീലങ്ക വെറും ഒരു മത്സരത്തിൽ മാത്രം വിജയിച്ച് പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് സിൽവർവുഡ് സ്ഥാനമൊഴിഞ്ഞത്. സിൽവർവുഡിനൊപ്പം ടീം കൺസൾട്ടൻ്റ് ആയിരുന്ന മുൻ ക്യാപ്റ്റൻ മഹേല ജയവർധനെയും രാജിവച്ചു.

ഇംഗ്ലണ്ട് പരിശീലക സ്ഥാനമൊഴിഞ്ഞ് 2022 ഏപ്രിലിലാണ് സിൽവർവുഡ് ശ്രീലങ്കയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. സിൽവർവുഡിനു കീഴിൽ കാര്യമായ നേട്ടമുണ്ടാക്കാൻ ശ്രീലങ്കയ്ക്ക് കഴിഞ്ഞില്ല. 2014 ടി20 ലോകകപ്പ് ജേതാക്കളായ ശ്രീലങ്ക ഏറെക്കാലമായി മോശം പ്രകടനങ്ങളാണ് നടത്തുന്നത്. മുൻപുണ്ടായിരുന്നതുപോലെ ക്വാളിറ്റിയുള്ള താരങ്ങൾ ഇപ്പോൽ ലങ്കൻ ക്രിക്കറ്റിൽ ഉണ്ടാവുന്നില്ലെന്നതാണ് ആശങ്കയുണർത്തുന്നത്. ശ്രീലങ്കയിലെ ആഭ്യന്തര ക്രിക്കറ്റ് മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് മുൻ താരങ്ങളടക്കം പറഞ്ഞിരുന്നു.

Also Read : T20 World Cup 2024 : ട്വന്റി20 ലോകകപ്പ്; ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് ഇന്ത്യ ഫൈനലിൽ

അതേസമയം, ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. 68 റൺസിനാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 16.4 ഓവറിൽ 103 റൺസെടുത്തു പുറത്താവുകയായിരുന്നു. നാളെയാണ് ഫൈനൽ. ഇന്ത്യൻ സമയം രാത്രി എട്ടിന് ബാർബഡോസിൽ നടക്കുന്ന മത്സരത്തിൽ ആദ്യമായി ലോകകപ്പ് ഫൈനലിലെത്തുന്ന ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. 10 വർഷത്തിനു ശേഷമാണ് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്.

ആദ്യ ഇന്നിംഗ്സിൽ ഇടക്കിടെ മഴ പെയ്തത് രസം കെടുത്തിയെങ്കിലും മികച്ച സ്കോർ പടുത്തുയർത്താൻ ഇന്ത്യക്ക് സാധിച്ചു. സൂപ്പർ എട്ടിൽ ഓസ്ട്രേലിയക്കെതിരായ തകർപ്പൻ ഫോം തുടർന്ന ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ടീമിനെ മുന്നിൽ നിന്ന് നയിച്ചത്. ബാറ്റിംഗ് എളുപ്പമല്ലാത്ത പിച്ചിൽ ആക്രമിച്ചുകളിച്ച രോഹിത് 39 പന്തിൽ 57 റൺസ് നേടി പുറത്തായി. വിരാട് കോലിയും (9) ഋഷഭ് പന്തും (4) വീണ്ടും നിരാശപ്പെടുത്തിയെങ്കിലും സൂര്യകുമാർ യാദവിൻ്റെ (36 പന്തിൽ 47) മികച്ച ഇന്നിംഗ്സ് ഇന്ത്യയെ സഹായിച്ചു. ഹാർദിക് പാണ്ഡ്യ (13 പന്തിൽ 23), അക്സർ പട്ടേൽ (6 പന്തിൽ 10), രവീന്ദ്ര ജഡേജ (9 പന്തിൽ 17 നോട്ടൗട്ട്) എന്നിവരുടെ കാമിയോയും ഇന്ത്യയെ മികച്ച സ്കോറിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

മറുപടി ബാറ്റിംഗിൽ അക്സർ പട്ടേലും കുൽദീപ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞു. ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി. 19 പന്തിൽ 25 റൺസ് നേടിയ ഹാരി ബ്രൂക്ക് ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ജോസ് ബട്ട്ലർ (23), ജോഫ്ര ആർച്ചർ (21) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ. ബാക്കിയുള്ളവരൊക്കെ ഒറ്റയക്കത്തിനു പുറത്തായി. ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി. അക്സർ പട്ടേൽ ആണ് കളിയിലെ താരം.