5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

T20 World Cup 2024 : ബംഗ്ലാ കടുവകളെ അഫ്ഗാനികൾ എറിഞ്ഞിട്ടു! സെമി കാണാതെ ഓസ്ട്രേലിയ പുറത്ത്

T20 World Cup 2024 AFG vs BAN : ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് അഫ്ഗാനിസ്ഥാൻ സെമി ഫൈനലിലേക്ക് പ്രവശിക്കുന്നത്. അഫ്ഗാന് പുറമെ ഇന്ത്യയുമാണ് സൂപ്പർ 8 ഗ്രൂപ്പ് ഒന്നിൽ നിന്നും സെമിയിലേക്കെത്തി ചേർന്നിരിക്കുന്നത്.

T20 World Cup 2024 : ബംഗ്ലാ കടുവകളെ അഫ്ഗാനികൾ എറിഞ്ഞിട്ടു! സെമി കാണാതെ ഓസ്ട്രേലിയ പുറത്ത്
Rashid Khan (Image Courtesy : T20 World Cup X)
jenish-thomas
Jenish Thomas | Updated On: 27 Jun 2024 09:37 AM

ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സെമി ഫൈനലിലേക്ക് പ്രവേശനം നേടി അഫ്ഗാനിസ്ഥാൻ (Afghanistan Cricket Team). ട്വൻ്റി20 ലോകകപ്പിൻ്റെ (T20 World Cup 2024) സൂപ്പർ 8 ഘട്ടത്തിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ (Afghanistan vs Bangladesh) ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയാണ് അഫ്ഗാനിസ്ഥാൻ സെമിയിലേക്ക് യോഗ്യത നേടുന്നത്. മഴമൂലം തടസ്സപ്പെട്ട മത്സരത്തിൽ ഡക്ക്വെർത്ത് ലൂയിസ് നിയമപ്രകാരം എട്ട് റൺസിനായിരുന്നു അഫ്ഗാൻ്റെ ജയം. നാല് വിക്കറ്റുകൾ വീതം വീഴ്ത്തിയ ക്യാപ്റ്റൻ റാഷിദ് ഖാനും നവീൻ ഉൾ-ഹഖുമാണ് അഫ്ഗാൻ്റെ വിജയശിൽപ്പികൾ.

ഇന്ത്യക്കെതിരെ തോറ്റെങ്കിലും അഫ്ഗാൻ-ബംഗ്ലദേശ് മത്സരത്തിന് മുമ്പ് നെറ്റ് റൺ റേറ്റിൻ്റെ ബലത്തിൽ ഓസ്ട്രേലിയയ്ക്കായിരുന്നു സെമി സാധ്യത.  സെമി പ്രവേശനം നേടണമെങ്കിൽ അഫ്ഗാന് ജയം അനിവാര്യമായിരുന്നു. മഴമൂലം മത്സരം ഉപേക്ഷിച്ചാലും അഫ്ഗാനിസ്ഥാന് നോക്ക്ഔട്ട് ഘട്ടത്തിലേക്ക് ഇടം നേടാനാകുമായിരുന്നു. എന്നാൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ്റെ പ്രതീക്ഷയെ ബംഗ്ലാദേശ് തല്ലി കെടുത്തി. നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുക്കാനെ അഫ്ഗാനിസ്ഥാൻ സാധിച്ചിരുന്നുള്ളൂ.

ബംഗ്ലാദേശിൻ്റെ ബോളിങ് ആക്രമണത്തിൽ പതറി പോയ അഫ്ഗാൻ്റെ ബാറ്റിങ് നിരയ്ക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. എന്നാൽ അവസാനം റാഷിദ് ഖാൻ പറത്തിയ മൂന്ന് സിക്സറുകളുടെ പിൻബലത്തിലാണ് അഫ്ഗാൻ സ്കോർ ബോർഡ് 100 കടക്കുന്നത്. ബംഗ്ലാദേശിനായി ലെഗ് സ്പിന്നർ റിഷാദ് ഹൊസൈൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. 12 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റുമെടുത്ത പേസർ ടസ്കിൻ അഹമ്മദും അഫ്ഗാൻ ബാറ്റർമാരെ വിറപ്പിച്ചു.

ALSO READ : T20 World Cup 2024: ട്വന്റി20 ലോകകപ്പ് : സൂപ്പർ 8 റൗണ്ടിൽ മൂന്നാം വിജയവുമായി ഇന്ത്യ സെമി ഫൈനലിൽ‍

എന്നാൽ മത്സരം അനയാസം ജയിക്കാമെന്ന് കരുതിയ ബംഗ്ലാദേശിന് തെറ്റി. മഴയും കാറ്റുമെത്തിയതോടെ ബംഗ്ല ബാറ്റർമാർ കൂടുതൽ സമ്മർദ്ദത്തിലായി. തുടക്കം മുതൽ തന്നെ അഫ്ഗാൻ ബോളർമാർ ആക്രമിച്ചു തുടങ്ങി. മുന്നേറ്റ നിരയെ ഫസൽഹഖ് ഫറൂഖിയും നവീൻ-ഉൾ-ഹഖും ചേർന്ന് തകർത്തു. പിന്നാലെ റാഷിദ് ഖാൻ്റെ നേതൃത്വത്തിലുള്ള സ്പിൻ ആക്രമണമായിരുന്നു ബംഗ്ലാദേശ് നേരിട്ടത്. ഓരോ ഇടവേളകളിലായി വിക്കറ്റുകൾ വീണതോടെ അഫ്ഗാൻ്റെ പ്രതീക്ഷ വാനോളം ഉയർന്നു. അതിനിടെ മഴ ഇടയ്ക്കെത്തി തടസ്സപ്പെടുത്തിയതോടെ മത്സരം 19 ഓവറാക്കി ചുരുക്കി. ബംഗ്ലദേശിൻ്റെ വിജയലക്ഷ്യം കുറച്ചതാകട്ടെ രണ്ട് റൺസ് മാത്രം.

ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും ബംഗ്ല ഓപ്പണർ ലിട്ടൺ ദാസ് പാറ പോലെ നിലകൊണ്ടതും അഫ്ഗാന് വെല്ലുവിളിയായിരുന്നു. അർധസെഞ്ചുറി നേടി ചെറുത്ത് നിന്ന ലിട്ടൺ ദാസിനെ ഒരു മൂലയ്ക്ക് നിർത്തി മറ്റ് ബംഗ്ല ബാറ്റർമാരെ ഡ്രെസ്സിങ് റൂമിലേക്ക് മടക്കി അയച്ചതോടെ അഫ്ഗാൻ ചരിത്ര നേട്ടം സ്വന്തമാക്കി. ഏഴ് പന്തുകൾ ബാക്കി നിർത്തികൊണ്ടാണ് അഫ്ഗാനിസ്ഥാൻ ബോളർമാർ ബംഗ്ലാദേശിനെ 105 റൺസിന് പുറത്താക്കുന്നത്.

അഫ്ഗാൻ നായകൻ റാഷിദ് ഖാനും നവീൻ-ഉൾ-ഹഖും നാല് വിക്കറ്റുകൾ വീതം വീഴ്ത്തി. ഫസൽഹഖ് ഫറൂഖിയും ഗുൽബാദിൻ നെയ്ബുമാണ് ബാക്കി വിക്കറ്റുകൾ വീഴ്ത്തിയത്. നാല് ഓവറിൽ 13 റൺസ് മാത്രം വിട്ടു കൊടുത്ത നൂർ അഹമ്മദ് വലിയതോതിലാണ് ബംഗ്ലാ ബാറ്റർമാർക്ക് മേൽ സമ്മർദ്ദം ചെലുത്തിയത്. ദക്ഷിണാഫ്രിക്കയാണ് സെമി ഫൈനലിൽ അഫ്ഗാനിസ്ഥാൻ്റെ എതിരാളി.

നാളെ കഴിഞ്ഞ ജൂൺ 27-ാം തീയതി സെമി ഫൈനൽ മത്സരം ആരംഭിക്കും. വ്യാഴാഴ്ച രാവിലെ നടക്കുന്ന ആദ്യ മത്സരത്തിൽ തന്നെ അഫ്ഗാനും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യയും ഇംഗ്ലണ്ടുമാണ് രണ്ടാം സെമിയിൽ നേർക്കുനേരെയെത്തുക. 27-ാം തീയതി വൈകിട്ട് എട്ട് മണിക്കാണ് ഇന്ത്യ-ഇംഗ്ലണ്ട് മത്സരം. 29-ാം തീയതി ശനിയാഴ്ചയാണ് ടി20 ലോകകപ്പിൻ്റെ ഫൈനൽ.

Latest News