Intercontinental cup 2024: കിരീടം നിലനിർത്താനാവാതെ ഇന്ത്യ; ഇന്റർ കോണ്ടിനെന്റൽ കപ്പിൽ സിറിയ ചാമ്പ്യന്മാർ
Intercontinental cup 2024: മുൻ പരിശീലകൻ ഇഗോർ സ്റ്റിമാക്കിന് പകരക്കാരനായെത്തിയ മനോളോ മാർക്വേസിന് കീഴിലിറങ്ങിയ ഇന്ത്യക്ക് കിരീടം നിലനിർത്താനായില്ല. ഫിഫ റാങ്കിംഗിൽ ഇന്ത്യയെക്കാൾ (124) മുന്നിലുള്ള ടീമാണ് സിറിയ(93).
ഹൈദരാബാദ്: ത്രിരാഷ്ട്ര ഇന്റർ കോണ്ടിനെന്റൽ( Intercontinental Cup) കപ്പിൽ കിരീടം കെെകിട്ട് ഇന്ത്യ. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇന്ത്യയെ (3-0) കീഴടക്കിയാണ് സിറിയ ചാമ്പ്യന്മാരായത്. മൗറീഷ്യസിനെതിരായ ആദ്യ മത്സരത്തിൽ ഗോൾ രഹിത സമനില വഴങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. എന്നാൽ സിറിയക്ക് കിരീട നേട്ടത്തിന് സമനില മതിയെന്നിരിക്കേ മത്സരം ജയിച്ച് ചാമ്പ്യന്മാരാകുകയായിരുന്നു. നേരത്തെ മൗറിഷ്യസിനോടും സിറിയ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചിരുന്നു.
ഏഴാം മിനിറ്റിലാണ് സിറിയയുടെ ആദ്യ ഗോൾ പിറന്നത്. മഹ്‌മൂദ് അൽ അസ്‌വാദാണ് സന്ദർശകർക്കായി വലകുലുക്കിയത്. 76-ാം മിനിറ്റിൽ ദലിഹോ ഇറൻദസ്റ്റും ഇൻജുറി ടൈമിന്റെ അവസാന മിനിറ്റിൽ പാബ്ലോ സബാഗും പന്ത് ലക്ഷ്യത്തിലെത്തിച്ചു. പുറത്താക്കിയ ഇഗോർ സ്റ്റിമാക്കിന് പകരക്കാരനായെത്തിയ മനോളോ മാർക്വേസിന് കീഴിലിറങ്ങിയ ഇന്ത്യക്ക് അവസരങ്ങൾ പ്രയോജനപ്പെടുത്താനായില്ല. ഫിഫ റാങ്കിംഗിൽ ഇന്ത്യയെക്കാൾ (124) മുന്നിലുള്ള ടീമാണ് സിറിയ(93).
മത്സരത്തിന്റെ തുടക്കത്തിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും സിറിയൻ പ്രതിരോധനിര കോട്ട കാത്തു. ഇന്ത്യൻ പ്രതിരോധ നിരയിലെ പാളിച്ചയാണ് സിറിയയുടെ ആദ്യ ഗോളിന് വഴിയൊരുക്കിയത്. പിന്നാലെ ഇന്ത്യ ആക്രമണ ഫുട്ബോൾ പുറത്തെടുത്തെങ്കിലും പന്ത് വലയിലെത്തിക്കുന്നതിൽ പരാജയപ്പെട്ടു. മലയാളി താരം സഹൽ അബ്ദുൾ സമദ് കളിക്കാനിറങ്ങിയിരുന്നു. 60-ാം മിനിറ്റിൽ സഹലിന്റെ മികച്ച അവസരം സിറിയൻ താരങ്ങൾ തടഞ്ഞു.
2018- ൽ തുടങ്ങിയ ഇൻറർ കോണ്ടിനെൻറൽ കപ്പിൻറെ നാലാം പതിപ്പാണ് ഇത്തവണ നടന്നത്. ടൂർണമെൻറിന്റെ 2018, 2023 പതിപ്പുകളിൽ ഇന്ത്യയായിരുന്നു ചാമ്പ്യന്മാർ. കഴിഞ്ഞ വർഷം നവംബറിൽ ലോകകപ്പ് ക്വാളിഫയർ രണ്ടാം റൗണ്ടിൽ കുവെെറ്റിനെ തോൽപ്പിച്ച ശേഷം ഇന്ത്യക്ക് രാജ്യാന്തര മത്സരത്തിൽ ഒരു ജയം പോലും നേടാനായിട്ടില്ല. മുൻ നായകൻ സുനിൽ ഛേത്രി വിരമിച്ച ശേഷം ഇന്ത്യ ആദ്യമായിറങ്ങിയ മേജർ ടൂർണമെൻറാണിത്.
2020- മുതൽ ഇന്ത്യയിലുള്ള പരിശീലകനാണ് മനോളോ മാർക്വേസ്. 2020 മുതൽ 2023 വരെ ഹൈദരാബാദ് എഫ്സിയുടെ പരിശീലകനായിരുന്നു. മനോളോ പരിശീലകനായെത്തിയ ആദ്യ സീസണിൽ തന്നെ ഹൈദരാബാദിനെ ഐഎസ്എൽ ചാമ്പ്യന്മാരാക്കി. നിലവിൽ ഗോവ എഫ്സിയുടെ പരിശീലകനാണ്. ഇന്ത്യൻ സാഹചര്യങ്ങളെ അടുത്തറിഞ്ഞിട്ടും ഒരു മത്സരത്തിൽ പോലും ടീമിനെ ജയിപ്പിക്കാൻ കഴിയാത്തത് മാനോളയ്ക്ക് വെല്ലുവിളിയാകും. ടീം മോശം പ്രകടനം കാഴ്ചവച്ചതിന്റെ പേരിലാണ് നേരത്തെ മുൻ പരിശീലകൻ ഇഗോർ സ്റ്റിമാക്കിനെ എഐഎഫ്എഫ് പുറത്താക്കിയത്.