Syed Mushtaq Ali Trophy: തകര്‍പ്പനടികളുമായി സല്‍മാനും സഞ്ജുവും ബാസിത്തും; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വിജയഗാഥ തുടര്‍ന്ന് കേരളം
Syed Mushtaq Ali Trophy Kerala: ആദ്യം ബാറ്റു ചെയ്ത കേരളത്തിന് വേണ്ടി ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ സഞ്ജു സാംസണും, രോഹന്‍ കുന്നുമ്മലും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 15 പന്തില്‍ 31 റണ്‍സെടുത്ത സഞ്ജു ഫെലിക്‌സ് അലമോയുടെ പന്തില്‍ കശ്യപ് ബഖാലെയ്ക്ക് ക്യാച്ച് നല്‍കിയാണ് ഒട്ടായത്
ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ വിജയങ്ങളുമായി കേരളം. ഇന്ന് നടന്ന മത്സരത്തില്‍ ഗോവയെ 11 റണ്‍സിനാണ് കേരളം തോല്‍പിച്ചത്. മഴ മൂലം കളി തടസപ്പെട്ടതിനാല്‍ വിജെഡി നിയമം മൂലമാണ് വിജയികളെ നിശ്ചയിച്ചത്. സ്‌കോര്‍: കേരളം-13 ഓവറില്‍ ആറു വിക്കറ്റിന് 143. ഗോവ-7.5 ഓവറില്‍ രണ്ട് വിക്കറ്റിന് 69. മഴനിയമം പ്രകാരം 81 റണ്‍സായിരുന്നു ഗോവയുടെ വിജയലക്ഷ്യം.
ആദ്യം ബാറ്റു ചെയ്ത കേരളത്തിന് വേണ്ടി ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ സഞ്ജു സാംസണും, രോഹന്‍ കുന്നുമ്മലും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 15 പന്തില്‍ 31 റണ്‍സെടുത്ത സഞ്ജു ഫെലിക്‌സ് അലമോയുടെ പന്തില്‍ കശ്യപ് ബഖാലെയ്ക്ക് ക്യാച്ച് നല്‍കിയാണ് ഒട്ടായത്. രണ്ട് സിക്‌സും, നാല് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്. ഓപ്പണിങ് വിക്കറ്റ് കൂട്ടുക്കെട്ടില്‍ സഞ്ജുവും രോഹനും 3.6 ഓവറില്‍ 43 റണ്‍സാണ് അടിച്ചുകൂട്ടിയത്. തൊട്ടുപിന്നാലെ 14 പന്തില്‍ 19 റണ്‍സെടുത്ത രോഹനെ ദീപ്‌രാജ് ഗവോങ്കര്‍ ഔട്ടാക്കി.
ടൂര്‍ണമെന്റില്‍ ഉജ്ജ്വല ഫോമിലുള്ള സല്‍മാന്‍ നിസാറാണ് ഈ മത്സരത്തിലും കേരളത്തിന്റെ ടോപ് സ്‌കോറര്‍. സല്‍മാന്‍ 20 പന്തില്‍ 34 റണ്‍സെടുത്താണ് പുറത്തായത്.
13 പന്തില്‍ 23 റണ്‍സെടുത്ത അബ്ദുല്‍ ബാസിത്ത്, പുറത്താകാതെ ഏഴ് പന്തില്‍ 11 റണ്‍സെടുത്ത ഷറഫുദ്ദീന്‍ എന്‍.എം., പുറത്താകാതെ മൂന്ന് പന്തില്‍ ഏഴ് റണ്‍സെടുത്ത എന്‍. ബേസില്‍ എന്നിവരുടെ ബാറ്റിങ്ങും കേരളത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചു. വിഷ്ണു വിനോദ് (നാല് പന്തില്‍ ഏഴ്), മുഹമ്മദ് അസ്ഹറുദ്ദീന്‍ (മൂന്ന് പന്തില്‍ രണ്ട്) എന്നിവര്‍ നിരാശപ്പെടുത്തി. സച്ചിന്‍ ബേബി ഇന്ന് കളിച്ചില്ല. ഗോവയ്ക്ക് വേണ്ടി ഫെലിക്‌സും, മോഹിത് റെദ്കറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പുറത്താകാതെ 22 പന്തില്‍ 45 റണ്‍സ് നേടിയ ഗോവന്‍ ഓപ്പണര്‍ ഇഷാന്‍ ഗദെക്കറുടെ ബാറ്റിങ് കേരളത്തിന് തലവേദനയായി. എന്നാല്‍ മറ്റ് ബാറ്റര്‍മാര്‍ നിറം മങ്ങി. കേരളത്തിന് വേണ്ടി ജലജ് സക്‌സേനയും, ബേസില്‍ തമ്പിയും ഓരോ വിക്കറ്റ് വീതം പിഴുതു.
കേരളം കിടിലം
ടൂര്‍ണമെന്റിലെ അഞ്ച് മത്സരങ്ങളില്‍ നാലിലും കേരളം ജയിച്ചു. ആദ്യ മത്സരത്തില്‍ സര്‍വീസസിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത കേരളം, രണ്ടാം പോരാട്ടത്തില്‍ മഹാരാഷ്ട്രയോട് അപ്രതീക്ഷിതമായി തോറ്റു. ആവേശപ്പോരാട്ടത്തില്‍ ഒരു പന്ത് ബാക്കി നില്‍ക്കെയാണ് മഹാരാഷ്ട്ര കേരളത്തെ തോല്‍പിച്ചത്.
എന്നാല്‍ തുടര്‍ന്ന് നടന്ന മത്സരത്തില്‍ നാഗാലാന്‍ഡിനെ എട്ട് വിക്കറ്റിന് തോല്‍പിച്ച് കേരളം വിജയവഴിയില്‍ തിരിച്ചെത്തി. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ കരുത്തരായ മുംബൈയെ 43 റണ്‍സിനും തോല്‍പിച്ചിരുന്നു. ചൊവ്വാഴ്ച ആന്ധ്രാ പ്രദേശിനെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. ഗ്രൂപ്പ് ഇയില്‍ കേരളം രണ്ടാമതാണ്. ആന്ധ്രയാണ് ഒന്നാമത്.