Salman Nizar: സയ്യിദ് മുഷ്താഖ് അലി ട്രോഫി; മുംബൈ ബൗളര്‍മാരെ പഞ്ഞിക്കിട്ട് സല്‍മാന്‍ നിസാര്‍; കേരളത്തിന്റെ ഈ വെടിക്കെട്ട് താരത്തെക്കുറിച്ച് അറിയാം
Syed Mushtaq Ali Trophy Kerala vs Mumbai: ആഭ്യന്തര ക്രിക്കറ്റില്‍ ഉജ്ജ്വലഫോമിലാണ് സല്‍മാന്‍ നിസാര്‍. മുംബൈയ്‌ക്കെതിരായ മത്സരത്തിലും താരം തകര്‍പ്പന്‍ ഫോം തുടര്‍ന്നു. മുംബൈ ബൗളര്‍മാരെ തലങ്ങും വിലങ്ങും പകര്‍ത്തിയ താരം പുറത്താകാതെ 49 പന്തില്‍ നേടിയത് 99 റണ്‍സ്
ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കരുത്തരായ മുംബൈയെ തകര്‍ത്ത് കേരളം. 43 റണ്‍സിനാണ് മുംബൈയെ കേരളം നിലംപരിശാക്കിയത്. സ്‌കോര്‍: കേരളം-20 ഓവറില്‍ നാലു വിക്കറ്റിന് 234. മുംബൈ-20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 191.
ആദ്യം ബാറ്റിങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ മുംബൈ ഞെട്ടല്‍ സമ്മാനിച്ചു. വെറും നാല് റണ്‍സ് മാത്രമെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ ഷാര്‍ദ്ദുല്‍ താക്കൂര്‍ ക്ലീന്‍ ബൗള്‍ഡാക്കി. സ്‌കോര്‍ബോര്‍ഡില്‍ 40 റണ്‍സെത്തിയപ്പോഴേക്കും അടുത്ത ബാറ്ററെയും നഷ്ടമായി. എട്ട് പന്തില്‍ 13 റണ്‍സ് മാത്രമെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനാണ് പുറത്തായത്.
ഏഴ് റണ്‍സെടുത്ത സച്ചിന്‍ ബേബി റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയത് കേരളത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. തുടര്‍ന്ന് ഒത്തുചേര്‍ന്ന രോഹന്‍ കുന്നുമ്മല്‍-സല്‍മാന്‍ നിസാര്‍ സഖ്യം കേരളത്തിന് ജീവശ്വാസം നല്‍കി.
48 പന്തില്‍ 87 റണ്‍സെടുത്ത രോഹന്‍ പുറത്തായപ്പോഴേക്കും കേരളത്തിന്റെ സ്‌കോര്‍ബോര്‍ഡില്‍ 180 റണ്‍സ് എത്തിയിരുന്നു. പുറത്താകാതെ 49 പന്തില്‍ 99 റണ്‍സാണ് സല്‍മാന്‍ നിസാര്‍ സ്വന്തമാക്കിയത്. നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് താരത്തിന് സെഞ്ചുറി തികയ്ക്കാന്‍ സാധിക്കാത്തത്. നാല് വിക്കറ്റെടുതത് മോഹിത് അവസ്ഥി മുംബൈ ബൗളര്‍മാരില്‍ തിളങ്ങി.
35 പന്തില്‍ 68 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 18 പന്തില്‍ 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും, 13 പന്തില്‍ 23 റണ്‍സെടുത്ത പൃഥി ഷായും, ഹാര്‍ദ്ദിക് തമോറും പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല.
കേരളത്തിനായി എംഡി നിധീഷ് നാല് വിക്കറ്റെടുത്തു. വിനോദ് കുമാറും, അബ്ദുല്‍ ബാസിതും രണ്ട് വിക്കറ്റ് വീതവും, എന്‍ ബേസില്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
കരുത്തരായ മുംബൈ തോല്‍പിക്കാനായത് കേരളത്തിന് ആശ്വാസം പകരും. ആദ്യ മത്സരത്തില്‍ സര്‍വീസസിനെ പരാജയപ്പെടുത്തിയ കേരളം, രണ്ടാമത്തെ പോരാട്ടത്തില്‍ മഹാരാഷ്ട്രയോട് തോറ്റിരുന്നു. മൂന്നാം മത്സരത്തില്‍ നാഗാലാന്‍ഡിനെ തോല്‍പിച്ചു. ഗ്രൂപ്പ് ഇയില്‍ കേരളം രണ്ടാമതാണ്. ആന്ധ്രാപ്രദേശാണ് ഒന്നാമത്.
സല്‍മാന്‍ ഷോ
ആഭ്യന്തര ക്രിക്കറ്റില്‍ ഉജ്ജ്വലഫോമിലാണ് സല്‍മാന്‍ നിസാര്‍. മുംബൈയ്‌ക്കെതിരായ മത്സരത്തിലും താരം തകര്‍പ്പന്‍ ഫോം തുടര്‍ന്നു. മുംബൈ ബൗളര്‍മാരെ തലങ്ങും വിലങ്ങും പകര്‍ത്തിയ താരം പുറത്താകാതെ 49 പന്തില്‍ നേടിയത് 99 റണ്‍സ്. എട്ട് സിക്‌സറുകളുടെയും, അഞ്ച് ഫോറുകളുടെയും അകമ്പടിയോടെയായിരുന്നു സല്‍മാന്റെ പ്രകടനം. ഐപിഎല്‍ താരലേലത്തില്‍ സല്‍മാന്‍ അണ്‍സോള്‍ഡായിരുന്നു. വെടിക്കെട്ട് ബാറ്ററെ കൈവിട്ടതില്‍ ഇപ്പോള്‍ ഫ്രാഞ്ചെസികള്‍ ദുഃഖിക്കുന്നുണ്ടാകാം.
തലശേരി സ്വദേശിയായ ഈ 27കാരന്‍ 1997 ജൂണ്‍ 30നാണ് ജനിച്ചത്. 2015ൽ അസമിനെതിരെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തി. 2017, 2018 വര്‍ഷങ്ങളിലായിരുന്നു ലിസ്റ്റ് എ, ടി20 അരങ്ങേറ്റങ്ങള്‍. അരങ്ങേറ്റ ടി20 മത്സരത്തില്‍ നേടിയത് ആറു റണ്‍സ് മാത്രം. എന്നാല്‍ തുടര്‍ന്ന് താരം മിന്നും ഫോമിലേക്ക് എത്തി. മുംബൈയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് 24 മത്സരങ്ങളില്‍ നിന്ന് 40ന് അടുത്ത് ശരാശരിയും, 135.93 സ്‌ട്രൈക്കറ്റ് റേറ്റും താരത്തിനുണ്ടായിരുന്നു.