5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Syed Mushtaq Ali Trophy 2025: ഇനി ആര്‍ക്കാ എറിയേണ്ടത് ? ഒരു ഇന്നിങ്‌സ്, 11 ബൗളര്‍മാര്‍; ബദോനിയുടെ ‘പ്ലാന്‍’ ! സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സംഭവിച്ചത്‌

Syed Mushtaq Ali T20 Trophy 2024 Delhi: വാങ്കഡെയില്‍ മണിപ്പൂരിനെ നേരിടാനിറങ്ങുമ്പോള്‍ വിജയമാത്രമായിരുന്നില്ല ഡല്‍ഹി ക്യാപ്റ്റന്‍ ആയുഷ് ബദോനിയുടെ മനസില്‍. എല്ലാവരെയും പന്തെറിയിപ്പിച്ച് റെക്കോഡ് പട്ടികയില്‍ കയറിയേക്കാമെന്ന് ബദോനി ചിന്തിച്ചിരിക്കാം

Syed Mushtaq Ali Trophy 2025: ഇനി ആര്‍ക്കാ എറിയേണ്ടത് ? ഒരു ഇന്നിങ്‌സ്, 11 ബൗളര്‍മാര്‍; ബദോനിയുടെ ‘പ്ലാന്‍’ ! സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സംഭവിച്ചത്‌
ആയുഷ് ബദോനി (image credits: social media)
jayadevan-am
Jayadevan AM | Updated On: 29 Nov 2024 23:46 PM

മുംബൈ: ഒരു ടി20 മത്സരത്തില്‍ ഒരു ടീമിന് വേണ്ടി എത്ര പേര്‍ പന്ത് എറിയും. ഒരു ബൗളര്‍ക്ക് പരമാവധി എറിയാന്‍ പറ്റുന്നത് നാലോവര്‍. സാധാരണ അഞ്ചോ, ആറോ ബൗളര്‍മാരെയാണ് സാധാരണ ഒരു ടീം ഉപയോഗിക്കുന്നത്. കുറച്ചു കൂടി കടന്നുപോയാല്‍ വിക്കറ്റ് കീപ്പര്‍ ഒഴികെയുള്ള 10 പേരെയും ബൗളര്‍മാരായി ഉപയോഗിച്ചേക്കാം. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ഉള്‍പ്പെടെ 11 പേരും പന്തെറിഞ്ഞാലോ ? കേട്ടുകേള്‍വിയില്ലാത്ത ആ സംഭവം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സംഭവിച്ചു. ഡല്‍ഹി-മണിപ്പൂര്‍ പോരാട്ടത്തിലായിരുന്നു സംഭവം.

വാങ്കഡെയില്‍ മണിപ്പൂരിനെ നേരിടാനിറങ്ങുമ്പോള്‍ വിജയമാത്രമായിരുന്നില്ല ഡല്‍ഹി ക്യാപ്റ്റന്‍ ആയുഷ് ബദോനിയുടെ മനസില്‍. എല്ലാവരെയും പന്തെറിയിപ്പിച്ച് റെക്കോഡ് പട്ടികയില്‍ കയറിയേക്കാമെന്ന് ബദോനി ചിന്തിച്ചിരിക്കാം. അതും താരതമ്യേന ദുര്‍ബലരായ മണിപ്പൂരിനെതിരെയാകുമ്പോള്‍ ‘റിസ്‌ക് എലമെന്റ്’ ഒട്ടുമില്ലതാനും. എന്തായാലും ബദോനിയുടെ തന്ത്രം വിജയിച്ചു. ഡല്‍ഹി റെക്കോഡ് പട്ടികയില്‍ ഇടവും നേടി.

വിക്കറ്റ് കീപ്പര്‍ അനൂജ് റാവത്ത് വരെ ഡല്‍ഹിക്കായി പന്തെറിഞ്ഞു. ഹാര്‍ഷ് ത്യാഗി, ദിവേശ് രഥി, മയങ്ക് റാവത്ത് എന്നിവര്‍ മൂന്നോവര്‍ വീതം എറിഞ്ഞു. അഖില്‍ ചൗധരി, ആയുഷ് ബദോനി എന്നിവര്‍ എറിഞ്ഞത് രണ്ടോവര്‍ വീതം. ആര്യന്‍ റാണ, ഹിമ്മത് സിങ്, പ്രിയാന്‍ഷ് ആര്യ, യാഷ് ദുല്‍, അനൂജ് റാവത്ത് എന്നിവര്‍ ഓരോ ഓവറുകളും എറിഞ്ഞു.

ത്യാഗിക്കും, രഥിക്കും രണ്ട് വിക്കറ്റ് വീതം കിട്ടി. ബദോനിയും ആര്യയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. മത്സരത്തില്‍ എന്തായാലും ഡല്‍ഹി നാലു വിക്കറ്റിന് ജയിച്ചു. ആദ്യം ബാറ്റു ചെയ്ത മണിപ്പൂര്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് നേടി. ഡല്‍ഹി 18.3 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

ദുര്‍ബലരെങ്കിലും മണിപ്പൂരിനെതിരായ ജയം ഡല്‍ഹിക്ക് അനായാസമായിരുന്നില്ല. താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് ആറു വിക്കറ്റുകളാണ് നഷ്ടമായത്. മത്സരം 18.3 ഓവര്‍ വരെ നീളുകയും ചെയ്തു.

30 പന്തില്‍ 32 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ അഹമ്മദ് ഷായാണ് മണിപ്പൂരിന്റെ ടോപ് സ്‌കോറര്‍. പുറത്താകാതെ 51 പന്തില്‍ 59 റണ്‍സെടുത്ത യാഷ് ദുല്‍ ഡല്‍ഹിക്കായി തിളങ്ങി. സി ഗ്രൂപ്പില്‍ അപരാജിതരായാണ് ഡല്‍ഹിയുടെ മുന്നേറ്റം. നാലു മത്സരങ്ങളും ജയിച്ച ഡല്‍ഹിയാണ് ടേബിള്‍ ടോപേഴ്‌സ്. നാലും തോറ്റ മണിപ്പൂര്‍ ഏഴാമതാണ്.