Super League Kerala: ഏതുണ്ടട കാൽപ്പന്തല്ലാതെ, കേരളത്തിന്റെ പന്താട്ടത്തിന് ഇന്ന് കിക്കോഫ്; കരുത്തുതെളിയിക്കാൻ ആറ് ടീമുകൾ
Super League Kerala Team Details: കേരളത്തിലെ താരങ്ങൾക്ക് എസ്എൽകെയിലൂടെ ദേശീയ ടീമിലേക്ക് വഴി തുറക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ ഒരേയൊരു ഫുട്ബോൾ ലീഗാണ് സൂപ്പർ ലീഗ് കേരള.
കൊച്ചി: കേരളത്തിന്റെ സ്വന്തം ഫുട്ബോൾ പ്രൊഫഷണൽ ലീഗ്, സൂപ്പർ ലീഗ് കേരളയ്ക്ക് ഇന്ന് കിക്കോഫ്. ഫ്രാഞ്ചെസി മാതൃകയിൽ ആറ് നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ആറ് ടീമുകൾ. ഹോം ആന്റ് എവേ ഫോർമാറ്റിൽ മത്സരങ്ങൾ. അതിന് ശേഷം സെമിയും ഫെെനലും. ഇനി കേരളത്തിലെ ഫുട്ബോൾ ഭ്രാന്തന്മാർക്ക് പന്തുപാറുന്ന പൂരത്തിന്റെ നാളുകളാണ്. തിരുവനന്തപുരം കൊമ്പൻസ്, ഫോഴ്സാ കൊച്ചി എഫ്സി, മലപ്പുറം എഫ്സി, തൃശൂർ മാജിക്, കാലിക്കറ്റ് എഫ്സി, കണ്ണൂർ വാരിയേഴ്സ്. സൂപ്പർ ലീഗ് കേരളയുടെ പ്രഥമ സീസണിൽ ആറ് ടീമുകൾ ഇവയാണ്.
മിന്നും താരങ്ങളും സൂപ്പർ പരിശീലകരുമൊക്കെയായി ഉദ്ഘാടന സീസൺ തന്നെ കളറാക്കാൻ ഒരുങ്ങുകയാണ് എസ്എൽകെ. കേരളാ ബ്ലാസ്റ്റേഴേ്സ് മുൻതാരം ബെൽഫോർട്ട്, ചെന്നെെ എഫ്സിക്കായി കളിച്ചിരുന്ന റാഫേൽ അഗസ്റ്റോ തുടങ്ങിയ വിദേശ താരങ്ങളും സി.കെ വിനീതിനെയും അനസ് എടത്തൊടികയെയും പോലുള്ള ഇന്ത്യൻ താരങ്ങളും വി മിഥുനെയും നിജോ ഗിൽബെർട്ടിലെയും പോലെ സന്തോഷ് ട്രോഫിയിൽ പഴറ്റി തെളിഞ്ഞ താരങ്ങളും ഒത്തുചേരുമ്പോൾ ലീഗിൽ താരത്തിളക്കത്തിന് കുറവുണ്ടാകില്ല. ചെന്നെെ എഫ്സിയെ ഐഎസ്എൽ ചാമ്പ്യന്മാരാക്കിയ ജോൺ ഗ്രിഗറിയെ പോലുള്ള സൂപ്പർ പരിശീലകരുമുണ്ട്. പൃഥ്വിരാജ്, ആസിഫ് അലി, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങി സിനിമാ മേഖലയിലുള്ളവർ ടീമുടമകളുടെ റോളിലും ലീഗിന്റെ ഭാഗമാകുന്നു.
ടീമുകൾ ഒറ്റനോട്ടത്തിൽ
മലപ്പുറം എഫ്സി
മുഖ്യ പരിശീലകൻ- ജോൺ ഗ്രിഗറി
സഹ പരിശീലകൻ- ക്ലിയോഫസ് അലക്സ്
നായകൻ- അനസ് എടത്തൊടിക
ഫോഴ്സ കൊച്ചി എഫ്സി
മുഖ്യ പരിശീലകൻ- മാരിയോ ലമോസ്
സഹ പരിശീലകൻ- ജോ പോൾ അഞ്ചേരി
നായകൻ- സുഭാശിഷ് റോയ്
കാലിക്കറ്റ് എഫ്സി
മുഖ്യ പരിശീലകൻ- ഇയാൻ ആൻഡ്രുഗിലിയൻ
സഹ പരിശീലകൻ-ബിബി തോമസ്
നായകൻ-ജിജോ ജോസഫ്
തൃശൂർ മാജിക് എഫ്സി
മുഖ്യ പരിശീലകൻ- ജിയോവാനി സ്കാൻ
സഹ പരിശീലകൻ-സതീവൻ ബാലൻ
നായകൻ- സികെ വിനീത്
കണ്ണൂർ വാരിയേഴ്സ് എഫ്സി
മുഖ്യ പരിശീലകൻ- മാനുവൽ സാഞ്ചെസ്
സഹ പരിശീലകൻ- ഷഫീഖ് ഹസൻ
നായകൻ- ആദിൽ ഖാൻ
തിരുവനന്തപുരം എഫ്സി
മുഖ്യ പരിശീലകൻ- സെർജിയോ അലക്സാന്ദ്രേ
സഹ പരിശീലകൻ-പാട്രിക് മോത
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, തിരുവനന്തപുരം എന്നിങ്ങനെ നാല് വേദികളിലായാണ് പോരാട്ടം. ആകെ 33 മത്സരങ്ങൾ. ടിക്കറ്റുകൾ പേടിഎം ഇൻസെെഡറിലൂടെ സ്വന്തമാക്കാം. 99 രൂപ മുതൽ 499 രൂപ വരെയുള്ള ടിക്കറ്റുകൾ ലഭ്യമാണ്. നവംബർ 10-ന് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഫെെനൽ. എല്ലാ ദിവസവും രാത്രി 7 മണിക്കാണ് മത്സരം. ആരാധകർക്ക് സ്റ്റാർ സ്പോർട്സിലൂടെയും ഹോട്സ്സ്റ്റാറിലുടെയും മത്സരം തത്സമയം കാണാം.
കേരളത്തിലെ താരങ്ങൾക്ക് എസ്എൽകെയിലൂടെ ദേശീയ ടീമിലേക്ക് വഴി തുറക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ ഒരേയൊരു ഫുട്ബോൾ ലീഗാണ് സൂപ്പർ ലീഗ് കേരള.