Super League Kerala: കപ്പടിച്ചാൽ താരങ്ങൾക്ക് ബംബറടിക്കും; ടീമുകൾക്ക് ലഭിക്കുക വമ്പൻ ക്യാഷ് പ്രെെസ്
Super League Kerala: കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ടൂർണമെന്റ് ജേതാക്കളാകുക എന്ന ലക്ഷ്യത്തോടെയാണ് സൂപ്പർ ലീഗ് കേരളയിൽ ടീമുകൾ പന്തുതട്ടാനിറങ്ങുന്നത്. പ്രഥമ ലീഗിൽ ചാമ്പ്യന്മാരാവുന്ന ടീമിന് 1 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. റണ്ണേഴ്സപ്പാകുന്ന ടീമിന് 50 ലക്ഷം രൂപയും പ്രെെസ് മണിയായി ലഭിക്കും. പ്രമുഖ ബ്രാൻഡായ മഹീന്ദ്രയാണ് ലീഗിന്റെ ടെെറ്റിൽ സ്പോൺസർ.
കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ടൂർണമെന്റ് ജേതാക്കളാകുക എന്ന ലക്ഷ്യത്തോടെയാണ് സൂപ്പർ ലീഗ് കേരളയിൽ ടീമുകൾ പന്തുതട്ടാനിറങ്ങുന്നത്. കേരളത്തിന്റെ ഫുട്ബോൾ സംസ്കാരത്തെ അഭിമാനത്തിൻറെ കൊടുമുടിയിൽ എത്തിക്കുകയെന്ന ലക്ഷ്യം നിറവേറ്റാനാണ് 6 ടീമുകളും ടൂർണമെന്റിനിറങ്ങുന്നത്. കിരീടം ലഭിക്കുന്നതിനോടൊപ്പം വമ്പൻ സമ്മാനത്തുകയാണ് ടീമുകളെ കാത്തിരിക്കുന്നത്. പ്രഥമ ലീഗിൽ ചാമ്പ്യന്മാരാവുന്ന ടീമിന് 1 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. റണ്ണേഴ്സപ്പാകുന്ന ടീമിന് 50 ലക്ഷം രൂപയും പ്രെെസ് മണിയായി ലഭിക്കും.
പ്രമുഖ ബ്രാൻഡായ മഹീന്ദ്രയാണ് ലീഗിന്റെ ടെെറ്റിൽ സ്പോൺസർ. മഹീന്ദ്ര സൂപ്പർ ലീഗ് കേരള എന്നായിരിക്കും കേരളത്തിന്റെ ആദ്യ ഫുട്ബോൾ ലീഗ് അറിയപ്പെടുക. സ്റ്റാർ സ്പോർട്സിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം ഉണ്ടാകും. പേടിയം ഇൻസെെഡർ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 99 രൂപ മുതൽ 499 രൂപ വരെയുള്ള ടിക്കറ്റുകൾ ലഭ്യമാണ്. ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകൾ ഇന്ന് മുതൽ ആരാധകർക്ക് സ്വന്തമാക്കാം.
തിരുവനന്തപുരം കൊമ്പൻസ്, ഫോഴ്സ കൊച്ചി എഫ് സി, മലപ്പുറം എഫ്സി, കണ്ണൂർ വാരിയേഴ്സ്, തൃശൂർ എഫ്സി, കാലിക്കറ്റ് എഫ്സി എന്നിങ്ങനെ ആറു ടീമുകളാണ് ടൂർണമെന്റിന്റെ ഭാഗമാകുക. സൂപ്പർ ലീഗിന്റെ ഭാഗമായി തിരുവനന്തപുരത്തും കൊച്ചിയിലും മലപ്പുറത്തും പുതിയ സ്റ്റേഡിയങ്ങൾ നിർമ്മിക്കുമെന്ന റിപ്പോർട്ടുകളുണ്ട്. കൊച്ചിയിലെ സ്റ്റേഡിയം കേരള ഫുട്ബോൾ അസോസിയേഷനായിരിക്കും നിർമ്മിക്കുക. തിരുവനന്തപുരത്തും മലപ്പുറത്തും അതാത് ഫ്രാഞ്ചെെസികളായിരിക്കും സ്റ്റേഡിയം നിർമ്മിക്കുക.
സെപ്റ്റംബർ 7ന് കൊച്ചിയിലാണ് പ്രഥമ ലീഗിന് കിക്കോഫാകുക. ഫോഴ്സാ കൊച്ചി എഫ് സിയും മലപ്പുറം എഫ്സിയും തമ്മിലാണ് ആദ്യ മത്സരം. വെെകിട്ട് 7.30ന് കലൂർ ജവഹർ ലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ്. ജാക്വലിൻ ഫെർണാണ്ടസ്, നോറ ഫത്തേഹി, ശിവമണി, റാപ്പർ ഡാബ്സി തുടങ്ങിയവർ നയിക്കുന്ന കലാപരിപാടികളോടെയാണ് പ്രഥമ സീസണ് തുടക്കമാകുക.
33 മത്സരങ്ങളാണ് ലീഗിൽ ഉണ്ടാകുക. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം, മലപ്പുറം പയ്യനാട് സ്റ്റേഡിയം എന്നിവയാണ് മത്സര വേദികൾ.
എല്ലാ ടീമുകളും ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ ആദ്യ റൗണ്ടിൽ രണ്ടുതവണ ഏറ്റുമുട്ടും. പത്ത് റൗണ്ട് നീളുന്ന പ്രാഥമിക റൗണ്ടിനൊടുവിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന നാല് ടീമുകൾ സെമിയിലെത്തും. ആദ്യ സെമി നവംബർ അഞ്ചിന് കോഴിക്കോട്ടും രണ്ടാം സെമി ആറിന് മലപ്പുറത്തും നടക്കും. നവംബർ 10-ന് നടക്കുന്ന ഫൈനലിന് വേദിയാകുക കൊച്ചിയാണ്.