Super League Kerala: ഇന്ത്യൻ ഫുട്ബോളിൻ്റെ മക്കയ്ക്ക് ഇനി സ്വന്തമായി ഒരു ക്ലബ്; മലബാറിൻ്റെ കാൽപ്പന്താവേശം ഇനി മലപ്പുറം എഫ്സിയിലൂടെ
Super League Kerala: ആറു വിദേശതാരങ്ങളടക്കം 25 പേരുടെ സ്‌ക്വാഡിലുള്ളത്. ശക്തമായ മിഡ്ഫീൽഡ് ഉള്ളതിനാൽ മത്സരങ്ങളിലുടനീളം ആക്രമണ ഫുട്ബോൾ ടീം കാഴ്ചവയ്ക്കുമെന്ന് ആരാധകർക്ക് പ്രതീക്ഷിക്കാം.
ലോകത്ത് എവിടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ നടന്നാലും അതിന്റെ കരാഘോഷങ്ങൾ മലബാറിലുണ്ടാകും. പ്രത്യേകിച്ച് മലപ്പുറത്ത്. ഇഷ്ട ടീമുകൾക്ക് വേണ്ടി ആർപ്പുവിളിച്ചും വീടുകൾക്ക് ടീമിൻ്റെ നിറം നൽകിയും മക്കൾക്ക് ഇഷ്ടതാരങ്ങളുടെ പേര് നൽകിയുമാണ് മലപ്പുറത്തെ ആരാധകർ ഫുട്ബോളിനെ നെഞ്ചോട് ചേർക്കുന്നത്. ഫുട്‌ബോളിനെ മണ്ണിലും മനസിലും കൊണ്ട് നടക്കുന്ന ഒരു ജനത. മലപ്പുറത്തുകാരെ പോലെ ഫുട്‌ബോളിനെ ഇത്രത്തോളം സ്‌നേഹിക്കുന്ന നാട് ഏറെയുണ്ടോ? ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചി ആസ്ഥാനമായി കേരളാ ബ്ലാസ്റ്റേഴ്സും ഐലീഗിൽ കോഴിക്കോട് ആസ്ഥാനമായി ഗോകുലം കേരളയും ചുവടുറപ്പിച്ചതോടെ മലപ്പുറത്തിന് സ്വന്തമായൊരു ഫുട്ബോൾ ക്ലബ്ബ് എന്നത് സ്വപ്നമായി മാറി. ആ സ്വപ്നം ഇനി സൂപ്പർ ലീഗ് കേരളയിൽ (Super League Kerala) മലപ്പുറം എഫ്.സിയിലൂടെ (Malappuram FC) സാഫല്മാകുകയാണ്.
കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല
സൂപ്പർ ലീഗ് കേരളയുടെ പ്രഥമ സീസണിൽ കീരിടം മലപ്പുറത്തേക്ക് എത്തിക്കാനാണ് ടീമിൻ്റെ ശ്രമം. അതിനായി ഐഎസ്എലില്‍ ചെന്നൈയിൻ എഫ്സിയെ ജേതാക്കളാക്കിയ പരിശീലകനും മുന്‍ ഇംഗ്ലണ്ട് താരവുമായ ജോണ്‍ ഗ്രിഗറിയെ തന്നെ മലപ്പുറം എഫ്സി എത്തിച്ചു. ആശാനൊപ്പം ശിഷ്യൻ എന്ന പോലെ ചെന്നൈയിൻ എഫ്സിയുടെ റിസര്‍വ് ടീം പരിശീലകനായ തിരുവനന്തപുരം സ്വദേശി ക്ലയോഫസ് അലക്സാണ് മലപ്പുറം ടീമിൻ്റെ സഹപരിശീലകൻ.
പരിചയസമ്പന്നരുടെയും ചോരത്തിളപ്പുള്ള യുവാക്കളും ചേർന്നതാണ് മലപ്പുറം എഫ്സിയുടെ സ്ക്വാഡ്. ആറു വിദേശതാരങ്ങളടക്കം 25 പേരുടെ സ്‌ക്വാഡിലുള്ളത്. മുൻ ഇന്ത്യൻ പ്രതിരോധതാരം അനസ് എടത്തൊടിക, സന്തോഷ് ട്രോഫിയിൽ കേരളത്തിനായി കളത്തിലിറങ്ങിയ ഫസലുറഹ്മാൻ, വി മിഥുൻ എന്നിവരാണ് ടീമിലെ പ്രമുഖർ. ശക്തമായ വിദേശനിരയാണ് ടീമിന്റെ കരുത്ത്. സ്പാനിഷ് താരങ്ങളായ ജോസേബ ബെറ്റിയ, റൂബൻ ഗാർസസ് സോബ്രെവിയ, എയ്റ്റർ അൾഡാളർ, ബ്രസീലിയൻ താരം സെർജിയോ ബർബോസ, യുറഗ്വായ് താരം പെഡ്രോ മാൻസി എന്നിവരാണ് എംഎഫ്സിയുൂടെ വിദേശതാരങ്ങൾ. ശക്തമായ മിഡ്ഫീൽഡാണ് ടീമിനുള്ളത്. അതുകൊണ്ട് തന്നെ ആക്രമണ ഫുട്ബോളിന്റെ അഴക് മത്സരങ്ങളിലുടനീളം പ്രതീക്ഷിക്കാം.
ലക്ഷ്യം മലപ്പുറത്തിൻ്റെ ഫുട്ബോൾ വികസനം
മികച്ച ടീമിനെ വാർത്തെടുക്കുക എന്നതിലുപരി മലപ്പുറത്തിൻ്റെ ഫുട്ബോൾ വികസനത്തിനാണ് ടീം മാനേജ്മെൻ്റ് മുൻതൂക്കം നൽകുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ഫുട്ബോള്‍ സ്റ്റേഡിയവും ക്ലബ്ബിൻ്റെ പദ്ധതിയിലുണ്ട്. ഇതിനായി മലപ്പുറം -കോഴിക്കോട് അതിര്‍ത്തിയായ വാഴക്കാട്ട് 15 ഏക്കര്‍ സ്ഥലം കണ്ടെത്തി. വൈകാതെ ഫിഫ നിലവാരത്തിലുള്ള സ്റ്റേഡിയവും ഉയരും. ഇതിന് പുറമെ യുവതാരങ്ങളെ വളർത്തിയെടുക്കാനായുള്ള ഫുട്ബോൾ അക്കാദമിയും ടീം ഉടമകളായ ബിസ്മി ഗ്രൂപ്പിന്റെ പരിഗണനയിലുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് ടീമിന്റെ പരിശീലനം.
സെപ്റ്റംബർ ഏഴിന് വൈകീട്ട് ഏഴിന് കൊച്ചി കലൂർ ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടനമത്സരത്തിൽ ഫോഴ്‌സാ കൊച്ചിയുമായിട്ടാണ് മലപ്പുറത്തിൻ്റെ ആദ്യ അങ്കം. ഹോം- എവേ മത്സരങ്ങളിൽ ഗ്യാലറിയിൽ മലപ്പുറത്തിന് വേണ്ടി ആർപ്പുവിളിക്കാനായി അൾട്രാസുമുണ്ട്. കഴിഞ്ഞ 29-ന് നടന്ന എംഎഫ്സിയുടെ ഗ്രാൻഡ് ലോഞ്ചിംഗിനിടെയാണ് ആരാധക കൂട്ടായ്മയായ അൾട്രാസിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മലപ്പുറം എഫ്സി ടീം
മുഖ്യ പരിശീലകൻ- ജോൺ ചാൾസ് ഗ്രിഗറി
സഹപരിശീലകർ- ക്ലയോഫസ് അലക്‌സ്, ഡ്രാഗോസ് ഫിർതുലെസ്കു
സ്പോർട്ടിംഗ് ഡയറക്ടർ- വിൽബർ ലാസ്റാഡോ
ഗോൾകീപ്പിംഗ് പരിശീലകൻ- ഫെലിക്സ് ഡിസൂസ
ഫിസിയോ- അനന്തു എസ്.കുമാർ
ടീം മാനേജർ- അലക്സ് ഫ്രാൻസിസ്