Sunil Chhetri : ‘ഞങ്ങളുടെ കളി കാണാൻ ഒരിക്കൽ എങ്കിലും നിങ്ങൾ ഗ്യാലറിയിൽ എത്തണം’; അന്ന് കൈകൂപ്പികൊണ്ട് സുനിൽ ഛേത്രി പറഞ്ഞു, പിന്നീട് കണ്ടത്…
Sunil Chhetri Retirement : 2005 ജൂണിലാണ് സുനിൽ ഛേത്രി തൻ്റെ രാജ്യാന്തര ഫുട്ബോൾ കരിയറിന് തുടക്കമിടുന്നത്. അതുപോലെ തന്നെ മറ്റൊരു ജൂൺ മാസത്തിൽ ഛേത്രി രാജ്യാന്തര കരിയറിന് തിരശ്ശീല ഇടുകയാണ്
“എനിക്ക് നിങ്ങളോട് അഭ്യർഥിക്കാനുള്ളത് ഗ്യാലറിയിൽ ഞങ്ങളുടെ കളി കാണാൻ മുംബൈയിൽ ഒരിക്കല്ലെങ്കിലും നിങ്ങൾ എത്തണമെന്നാണ്. ഗ്യാലറിയിൽ ഇരുന്ന് നിങ്ങൾക്ക് ഞങ്ങളെ വിമർശിക്കാം, കൂവിയാർക്കാം, പക്ഷെ ദയവായി ഈ ഗ്യാലറികളെ ഇങ്ങനെ ഒഴിച്ചിടരുത്. ഒരിക്കൽ നമ്മുടെ ടീമും മനോഹരമായി പന്ത് തട്ടുന്നത് നമ്മൾ കാണും. അന്ന് ഈ ഗ്യാലറികളിൽ നമ്മുടെ പതാക ഉയരെ പറക്കും” 2018 ഇൻ്റർകോണ്ടിനെൻ്റൽ കപ്പിന് തൊട്ടുമുമ്പ് കൈകൂപ്പികൊണ്ട് സുനിൽ ഛേത്രി പറഞ്ഞ വാക്കുകളാണ് ഇവ.
ഫുട്ബോൾ എന്നാൽ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും പറയുന്ന ഇന്ത്യൻ ആരാധകർ ഒരിക്കൽ പോലും വാഴ്ത്തിപാടലുകൾ നൽകാത്ത താരമാണ് സുനിൽ ഛേത്രി. ക്രിക്കറ്റോളമില്ലെങ്കിലും ഫുട്ബോൾ നെഞ്ചിലേറ്റി കൊണ്ടിരുന്ന കാലത്ത് കളത്തിൽ ഇറങ്ങിയ ഛേത്രി, ഇന്ത്യൻ ഫുട്ബോളിൻ്റെ പതനവും ഉയർത്തെഴുന്നേൽപ്പും നേരിൽ കണ്ട വ്യക്തിയാണ്. ബൈയ്ജുങ് ബൂട്ടിയും ഐഎം വിജയനും ഉൾപ്പെടെയുവർ കളമൊഴിഞ്ഞതിന് ശേഷം ഇന്ത്യൻ ഫുട്ബോളിൽ ആകെ മുഴങ്ങി കേട്ടത് സുനിൽ ഛേത്രിയുടെ പേര് മാത്രമായിരുന്നു. “ഒന്നോ രണ്ടോ വർഷത്തേക്ക് എൻ്റെ വിരമിക്കൽ വൈകിപ്പിച്ചിരുന്നെങ്കിൽ ഒരുപക്ഷെ എനിക്ക് തന്നോടൊപ്പം കളിക്കാൻ സാധിക്കുമായിരുന്നു. ഞാൻ അത്രയ്ക്കും നിർഭാഗ്യവാനായി പോയി” ഒരുക്കിൽ ഐ എം വിജയൻ ഛേത്രിയോട് പറഞ്ഞതാണ്.
ALSO READ : Sunil Chhetri : സുനിൽ ഛേത്രി തൻ്റെ ഐതിഹാസിക കരിയറിൻ്റെ ബൂട്ടഴിക്കുന്നു; അവസാന മത്സരം കൊൽക്കത്തയിൽ വെച്ച്
173 എന്ന ഫിഫ റാങ്കിങ്ങിൻ്റെ പടുകുഴിൽ നിന്നും ഇന്ത്യയെ നയിച്ച ഛേത്രി
2010 വരെ ഇന്ത്യൻ ഫുട്ബോളിന് മോശമല്ലാത്തെ കാലമായിരുന്നു. നെഹ്രു കപ്പ്, സാഫ് കപ്പ് എഎഫ്സി ചലഞ്ച് കപ്പ് ഇത്തരത്തിൽ നിർണായകമായി നേട്ടങ്ങൾ നേടി മോശമല്ലാത്ത സ്ഥിതിയിൽ ഇന്ത്യൻ ഫുട്ബോൾ എത്തി നിൽക്കുകയായിരുന്നു. ആ കാലങ്ങളിൽ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിരുന്നത് ഛേത്രിയായിരുന്നു. പിന്നീടാണ് ഇന്ത്യൻ ടീമിൻ്റെ പതനം ആരംഭിക്കുന്നത്. 2014 പ്രത്യേക പ്രകടന മികവ് ഒന്നും പറയത്തക്കതായി ഇല്ലാത്ത ഇന്ത്യയുടെ ഫിഫാ റാങ്ക് 170ന് താഴേക്കെത്തി. അത് പിന്നീട് 2015ൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ റാങ്കായി 173 എത്തി ചേർന്നു.
ആ പതനത്തിൻ്റെ പടുകുഴിൽ നിന്നുമാണ് സുനിൽ ഛേത്രി ഇന്ത്യയെ കഴിഞ്ഞ പത്ത് വർഷം കൊണ്ട് കരകയകറ്റിയത്. ഇന്ത്യൻ സൂപ്പർ ലീഗും കൂടിയെത്തയപ്പോൾ ഇന്ത്യൻ ഫുട്ബോളിൽ ഒരു പുത്തൻ ഉണർവ്വുണ്ടായി. സാമ്പത്തികപരമായി ഫിഫയുടെ പക്കൽ നിന്നും ലഭിക്കുന്ന ഫണ്ടല്ലാതെ പറത്തക്കതൊന്നും അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ പക്കൽ ഇല്ല. എന്നിരുന്നാലും ലഭിച്ച അവസരങ്ങൾ മുതലെടുത്ത് ഇന്ത്യൻ ടീം തിളങ്ങി. ഈ മാറ്റങ്ങൾ കണ്ട് ഇന്ത്യൻ ഫുട്ബോളിനെ സ്നേഹിച്ചവർ മെല്ലെ ഗ്യാലറിലേക്കെത്തി തുടങ്ങി.
സഹൽ അബ്ദുൽ സമദ്, ചാങ്തെ, സന്ദേശ് ജിങ്കൻ തുടങ്ങിയ നിരവധി താരങ്ങലെ ഐഎസ്എൽ ഇന്ത്യൻ ടീമിന് സമ്മാനിച്ചെങ്കിലും ഛേത്രിയുടെ പകരക്കാരൻ ആരാകുമെന്ന് ഇനിയും കണ്ടെത്തിട്ടില്ല. ഛേത്രിയിലൂടെ പിറന്ന ഗോൾ വിസ്മയങ്ങൾ ഇനി ആര് തീർക്കുമെന്ന ആശങ്കയാണ് ഇന്ത്യൻ ആരാധകർക്കുള്ളത്. പ്രായമാകുമ്പോൾ സീനിയർ താരങ്ങൾ ടീമിന് ബാധ്യതയായി മാറാറുണ്ട്. എന്നാൽ ഒരിക്കൽ പോലും ഛേത്രിയെ ഇന്ത്യൻ ടീം ഇന്ന് ഇതുവരെ കണ്ടില്ല. കാരണം അത്രത്തോളമാണ് ഇന്ത്യൻ ഫുട്ബോൾ ഛേത്രിയെ ആശ്രയിച്ചിരുന്നത്. അതുകൊണ്ട് 2005ന് ശേഷം ഇന്ന് ഇതുവരെ ഇന്ത്യൻ ഫുട്ബോളിൻ്റെ കാലഘട്ടം സുനിൽ ഛേത്രിയുടെ പേരിൽ അറിയപ്പെടും.
പ്രതിഭയുടെ ജനനം
1984ൽ കെ ബി ഛേത്രിയുടെയും സുശീല ഛേത്രിയുടെയും മകനായി ആന്ധ്ര പ്രദേശിലെ (ഇന്ന് തെലങ്കാന) സക്കൻന്ദരബാദിലായിരുന്നു സുനിൽ ഛേത്രിയുടെ ജനനം. സൈനികനായിരുന്ന ഛേത്രിയുടെ പിതാവ് ഇന്ത്യൻ സൈന്യത്തിൻ്റെ ഫുട്ബോൾ ടീമിലെ അംഗമായിരുന്നു. 2000ത്തിൽ ടാറ്റ ഫുട്ബോൾ അക്കാദമയിലൂടെയാണ് ഛേത്രി ശ്രദ്ധേയ താരമായി മാറി തുടങ്ങിയത്. ഇതിഹാസങ്ങളെ സൃഷ്ടിച്ച മോഹൻ ബഗാനിലൂടെ 2002ലാണ് പ്രൊഫഷ്ണൽ ഫുട്ബോളിലേക്ക് ഛേത്രി ചുവടുവെച്ചത്. തുടർന്ന് 2005 ജൂൺ മാസത്തിൽ പാകിസ്താനെതിരെയുള്ള മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ച ഛേത്രി തൻ്റെ കരിയറിലെ ആദ്യ രാജ്യാന്തര ഗോളിന് ജന്മം നൽകി.
ഛേത്രിക്ക് വിദേശത്തേക്ക്
ഛേത്രി മികച്ച ഫോമിൽ നിൽക്കുമ്പോഴാണ് 2010ൽ വിദേശത്ത് നിന്നും അവസരം ലഭിക്കുന്നത്. അമേരിക്കയുടെ മേജർ സോക്കർ ലീഗിലെ ഒന്നാം ഡിവിഷൻ ടീമായ കൻസാസ് സിറ്റിയുമായി താരം കാരറിൽ ഏർപ്പെട്ടു. ഇതോടെ എംഎൽഎസിൽ പന്ത് തട്ടുന്ന ആദ്യ ഇന്ത്യൻ താരമെന്ന് പേര് ഛേത്രിയുടേതായി. എന്നാൽ മിക്ക മത്സരങ്ങളിലും ബെഞ്ചിൽ തുടരേണ്ടി വന്ന താരത്തിന് അടുത്ത സീസണിൽ തന്നെ ക്ലബ് വിട്ട് സ്വദേശത്തേക്ക് മടങ്ങി. പിന്നീട് 2012ൽ വീണ്ടും ഛേത്രിക്ക് വിദേശത്ത് നിന്നും വിളി ലഭിച്ചു. സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന സൂപ്പർ താരത്തെ ലോക ഫുട്ബോളിന് സമ്മാനിച്ച സ്പോർട്ടിങ് ലിസ്ബണിൽ നിന്നുമാണ് വിളിച്ചത്. എന്നാൽ പോർച്ചുഗല്ലിലും അമേരിക്കയിലെ അതെ സ്ഥിതിയാണ് ഛേത്രിക്കുണ്ടായത്. കൂടുതൽ മത്സരവും ബഞ്ചിൽ തുടരേണ്ടി വന്നു. ആ സീസണിന് ശേഷം ഛേത്രി ലിസ്ബൺ വിട്ടു ബെംഗളൂരു എഫ്സിക്കൊപ്പം ചേർന്നു.
പിന്നീട് ബെംഗുളൂരുവിനായി പന്ത് തട്ടിയ ഛേത്രി ക്ലബിനായി ഐ-ലീഗും ശേഷം ഐഎസ്എൽ ഡ്യൂറണ്ട്, സൂപ്പർ കപ്പുകളും ഉയർത്തി. ഇന്ത്യൻ ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച ഇതിഹാസമാണ് ഛേത്രിയെന്ന് അടിവരയിട്ട് പറയേണ്ട പ്രകടനാങ്ങളായിരുന്നു പിന്നീട് അങ്ങോട്ട് ബെംഗളൂരുവിനായും ഇന്ത്യക്കായും ഛേത്രി നടത്തിയത്. 2015ൽ 173 എന്ന റാങ്കിലേക്ക് കൂപ്പുകുത്തിയെ ഇന്ത്യയെ വെറും രണ്ട് വർഷം കൊണ്ട് 90 റാങ്കിലേക്ക് ഛേത്രി മുന്നിൽ നയിച്ചത്. രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ താരവുമാണ് ഛേത്രി. ഛേത്രിക്ക് മുന്നിലുള്ളത് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയുമാണ്. ഈ കണക്കുകൾ എല്ലാം ബാക്കിയാക്കി മറ്റൊരു ജൂൺ മാസത്തിൽ സുനിൽ ഛേത്രി രാജ്യാന്ത ഫുട്ബോളിൽ നിന്നും ബൂട്ടഴിക്കാൻ ഒരുങ്ങുകയാണ്.