Sunil Chhetri: വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് സുനിൽ ഛേത്രി; ഇന്ത്യയുടെ അടുത്ത മത്സരത്തിൽ കളിക്കും
Sunil Chhetri Has Withdrawn His Retirement: വിരമിക്കൽ തീരുമാനം പിൻവലിച്ച് സുനിൽ ഛേത്രി. മാർച്ചിലെ ഇൻ്റർനാഷണൽ വിൻഡോയിൽ താരം കളിക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തന്നെയാണ് അറിയിച്ചത്.

സുനിൽ ഛേത്രി
രാജ്യാന്തര കരിയറിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പിൻവലിച്ച് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തന്നെ ഇക്കാര്യം അറിയിച്ചു. മാർച്ചിലെ ഇൻ്റർനാഷണൽ വിൻഡോയിൽ താരം കളിക്കുമെന്ന് എഐഎഫ്എഫ് തന്നെ അറിയിച്ചു. കഴിഞ്ഞ വർഷമാണ് സുനിൽ ഛേത്രി രാജ്യാന്തര കരിയർ അവസാനിപ്പിച്ചത്. ജൂൺ ആറിന് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കുവൈറ്റിനെതിരായ ഫിഫ ലോകകപ്പ് ക്വാളിഫയർ മത്സരമാണ് ഛേത്രി അവസാനമായി കളിച്ചത്.
‘സുനിൽ ഛേത്രി തിരിച്ചുവരുന്നു. ക്യാപ്റ്റൻ, ലീഡർ ലെജൻഡ് മാർച്ചിൽ നടക്കുന്ന ഇൻ്റർനാഷണൽ വിൻഡോയിൽ ഇന്ത്യൻ ദേശീയ ടീമിലേക്ക് തിരികെയെത്തും.’- എഐഎഫ്എഫ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
മാർച്ച് 19ന് മാൽദീവ്സിനെതിരെയുള്ള സൗഹൃദമത്സരമാണ് ഇന്ത്യയുടെ അടുത്ത രാജ്യാന്തര മത്സരം. മാർച്ച് 25ന് ഏഷ്യൻ കപ്പിൻ്റെ മൂന്നാം റൗണ്ടിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. മേഘാലയ ഷില്ലോങിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ഈ രണ്ട് മത്സരങ്ങളും നടക്കുക. ഈ രണ്ട് മത്സരങ്ങളിലും സുനിൽ ഛേത്രി കളിച്ചേക്കും.
ലോകത്തിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരിൽ മൂന്നാമതാണ് ഛേത്രി. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. 2005ലാണ് ഛേത്രി ഇന്ത്യക്കായി അരങ്ങേറിയത്.