Steve Smith: ഇന്ത്യക്കെതിരെ കളിച്ചത് അവസാന മത്സരം; ഏകദിനത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്റ്റീവ് സ്മിത്ത്
Steve Smith Retires From ODI Cricket: ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച് സ്റ്റീവ് സ്മിത്ത്. ഇന്ത്യക്കെതിരായ ചാമ്പ്യൻസ് ട്രോഫി സെമിഫൈനൽ തൻ്റെ അവസാന മത്സരമായിരുന്നു എന്നും ഇനി ടി20യിലും ടെസ്റ്റിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏകദിന മത്സരങ്ങളിൽ നിന്ന് വിരമിച്ച് ഓസ്ട്രേലിയയുടെ മുതിർന്ന താരം സ്റ്റീവ് സ്മിത്ത്. ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് സ്റ്റീവ് സ്മിത്ത് ഏകദിനം അവസാനിപ്പിക്കുകയാണെന്നറിയിച്ചത്. ഇന്ത്യക്കെതിരായ സെമിഫൈനൽ തൻ്റെ അവസാന ഏകദിന മത്സരമായിരുന്നു എന്ന് അദ്ദേഹം അറിയിച്ചു. ഇനി ടി20, ടെസ്റ്റ് മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.
“മഹത്തായ ഒരു യാത്രയായിരുന്നു ഇത്. ഓരോ നിമിഷവും ആസ്വദിച്ചിട്ടുണ്ട്. ഒരുപാട് നല്ല ഓർമ്മകളുണ്ട്. രണ്ട് ലോകകപ്പുകൾ വിജയിച്ചതാണ് കരിയറിലെ ഏറ്റവും നല്ല മുഹൂർത്തങ്ങൾ. എനിക്കൊപ്പം ഒരുപാട് മികച്ച ടീം അംഗങ്ങളുമുണ്ടായിരുന്നു. താരങ്ങൾക്ക് 2027 ലോകകപ്പിലേക്ക് തയ്യാറെടുക്കാനുള്ള നല്ല ഒരു അവസരമാണ് ഇത്. അതുകൊണ്ട് തന്നെ മാറിനിൽക്കാനുള്ള തീരുമാനമെടുക്കാൻ പറ്റിയ സമയം ഇതാണ്. ടെസ്റ്റ് ക്രിക്കറ്റിനാണ് ഇപ്പോൾ ഞാൻ ഏറ്റവും പരിഗണന നൽകുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഞാൻ കാത്തിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇനിയും എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.”- സ്റ്റീവ് സ്മിത്ത് പറഞ്ഞു.
35 വയസുകാരനായ താരം ഓസ്ട്രേലിയക്കായി 170 ഏകദിന മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. 43.28 ശരാശരിയിലും 86.96 സ്ട്രൈക്ക് റേറ്റിലും 5800 റൺസാണ് സ്മിത്ത് നേടിയത്. 12 സെഞ്ചുറികളും 35 ഫിഫ്റ്റികളും സ്മിത്ത് ഏകദിനത്തിൽ നേടിയിട്ടുണ്ട്. ഏകദിന ഫോർമാറ്റിൽ ഓസ്ട്രേലിയക്കായി ഏറ്റവുമധികം റൺസ് നേടിയ താരങ്ങളിൽ സ്മിത്ത് 12ആം സ്ഥാനത്താണ്. ലെഗ് സ്പിൻ ഓൾറൗണ്ടറായി അരങ്ങേറിയ താരം പിന്നീട് ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളായി മാറുകയായിരുന്നു. ഏകദിനങ്ങളിൽ 28 വിക്കറ്റും 90 ക്യാച്ചുകളും സ്മിത്ത് നേടിയിട്ടുണ്ട്.




ഇന്ത്യക്കെതിരായ സെമിഫൈനലിൽ പരാജയപ്പെട്ടെങ്കിലും ഓസ്ട്രേലിയയുടെ ടോപ്പ് സ്കോററായിരുന്നു സ്മിത്ത്. 96 പന്തുകൾ നേരിട്ട സ്മിത്ത് 73 റൺസെടുത്ത് പുറത്താവുകയായിരുന്നു. മുഹമ്മദ് ഷമിയുടെ പന്തിൽ കുറ്റി തെറിച്ചാണ് സ്മിത്ത് പുറത്തായത്. മറുപടി ബാറ്റിംഗിൽ 84 റൺസുമായി മുന്നിൽ നിന്ന് നയിച്ച വിരാട് കോലിയുടെ മികവിൽ ഇന്ത്യ നാല് വിക്കറ്റിന് വിജയിച്ചു. കെഎൽ രാഹുൽ (34 പന്തിൽ 43 നോട്ടൗട്ട്), ശ്രേയാസ് അയ്യർ (45) എന്നിവരും ഇന്ത്യക്കായി തിളങ്ങി. മുഹമ്മദ് ഷമി ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. സെമി ജയത്തോടെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ടീമായി ഇന്ത്യ മാറി.