Sreesanth: ‘വാതുവെപ്പ് കേസിൽ ജയിലിൽ കിടന്ന ശ്രീശാന്ത് കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ട’; വാർത്താകുറിപ്പുമായി കെസിഎ
Sreesanth Defaming Us Says KCA: ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷനെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനൾ പുറപ്പെടുവിച്ചെന്ന് കെസിഎയുടെ വാർത്താകുറിപ്പ്. വാതുവെപ്പ് കേസിൽ ജയിലിൽ കിടന്ന ശ്രീശാന്തിന് കെസിഎ വീണ്ടും ടീമിൽ അവസരം നൽകിയെന്നും കെസിഎ പറഞ്ഞു.

സഞ്ജു സാംസണ് പിന്തുണയുമായെത്തിയ മുൻ ഇന്ത്യൻ താരം ശ്രീശാന്തിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ. വാതുവെപ്പ് കേസിൽ ജയിലിൽ കിടന്ന സംഭവമൊക്കെ ഓർമിപ്പിച്ചുകൊണ്ട് അതിശക്തമായ ഭാഷയിലാണ് ശ്രീശാന്തിനെതിരെ കെസിഎ വാർത്താകുറിപ്പ് ഇറക്കിയത്. സഞ്ജുവിനെ പിന്തുണച്ചതിനല്ല, ക്രിക്കറ്റ് അസോസിയേഷനെതിരെ അടിസ്ഥാനരഹിതവും അപകീർത്തിപ്പെടുത്തുന്നതുമായ പ്രസ്താവന നടത്തിയതിനാണ് ശ്രീശാന്തിന് നോട്ടീസയച്ചതെന്നും കെസിഎ അറിയിച്ചു.
കേരള ക്രിക്കറ്റ് ലീഗിലെ ഏരീസ് കൊല്ലം സെയിലേഴ്സ് ഫ്രാഞ്ചൈസി സഹ ഉടമയായ ശ്രീശാന്ത് കെസിഎയ്‌ക്കെതിരെ അപകീർത്തികരമായ കാര്യങ്ങൾ പറഞ്ഞത് കരാർ ലംഘനമാണെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. വാതുവെപ്പ് കേസിൽ ജയിലിൽ കിടന്ന ശ്രീശാന്ത് കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ട. സുപ്രീം കോടതി ക്രിമിനൽ കേസ് റദ്ദാക്കിയെങ്കിലും വിഷയത്തിൽ താരം കുറ്റവിമുക്തനായിട്ടില്ല. ശിക്ഷാ കാലാവധി പൂർത്തിയാക്കിയപ്പോൾ ശ്രീശാന്തിന് വീണ്ടും കെസിഎ അവസരം നൽകി. ഇതുപോലെ വാതുവെപ്പിലകപ്പെട്ട ഏത് താരത്തിന് മറ്റ് ക്രിക്കറ്റ് അസോസിയേഷനുകൾ അവസരം നൽകിയത് എന്നും അസോസിയേഷൻ ചോദിച്ചു.
താരങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് കെസിഎ എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. കേരള ക്രിക്കറ്റ് ലീഗിൽ കമൻ്ററി പറയുന്ന സമയത്ത് കളിക്കാർക്ക് വേണ്ടി കെസിഎ ചെയ്യുന്ന കാര്യങ്ങളെ ശ്രീശാന്ത് വാനോളം പുകഴ്ത്തിയിരുന്നു. സഞ്ജു സാംസണ് ശേഷം ആശ ശോഭന, സജന സജീവൻ, മിന്നു മണി തുടങ്ങിയവരെ ദേശീയ ടീമിലെത്തിക്കാൻ കെസിഎയ്ക്ക് സാധിച്ചു. ഒപ്പം അണ്ടർ 19 ലോകകപ്പ് ജേതാക്കളുടെ ടീമിൽ ജോഷിത വിജെയും അണ്ടർ 19 ടീമിൽ നജ്ല സിഎംസിയും അണ്ടർ 19 ഏഷ്യാ കപ്പ് ടീമിൽ മുഹമ്മദ് ഇനാനും കളിച്ചു. ഇവർ ഇന്ത്യൻ ടീമിലെത്തിയ കാര്യം ശ്രീശാന്ത് അറിയാതെ പോയത് കേരളാ ക്രിക്കറ്റിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. അസോസിയേഷനെതിരെ കളവായ കാര്യങ്ങൾ പറഞ്ഞ് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ നടപടിയെടുക്കുമെന്നും കെസിഎ വാർത്താകുറിപ്പിൽ അറിയിച്ചു.




Also Read: Virat Kohli : പരിക്ക് നിസാരം, കോഹ്ലി രണ്ടാം ഏകദിനത്തില്‍ കളിച്ചേക്കും; പണി കിട്ടുന്നത് ജയ്‌സ്വാളിന്?
വിജയ് ഹസാരെ ട്രോഫി ടീമിൽ സഞ്ജുവിനെ പരിഗണിക്കാതിരുന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ടൂർണമെൻ്റിന് മുൻപ് നടത്തിയ ക്യാമ്പിൽ സഞ്ജു പങ്കെടുത്തില്ലെന്നും അതുകൊണ്ടാണ് ടീമിൽ പരിഗണിക്കാതിരുന്നതെന്നും കെസിഎ വ്യക്തമാക്കി. പിന്നാലെ ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപിക്കപ്പെട്ടപ്പോൾ സഞ്ജുവിന് ഇടം ലഭിച്ചില്ല. സഞ്ജുവിനെ പരിഗണിക്കാതിരുന്നതിന് പിന്നിൽ വിജയ് ഹസാരെ കളിക്കാത്തതും കാരണമായെന്ന ക്രിക്കറ്റ് നിരീക്ഷകരുടെ ആക്ഷേപത്തിന് പിന്നാലെ ആരാധകർ കെസിഎയ്ക്കെതിരെ തിരിഞ്ഞു. പിന്നാലെ ഒറ്റ വരി ഇമെയിലാണ് സഞ്ജു അയച്ചതെന്നും തോന്നുമ്പോൾ വന്ന് കളിച്ചിട്ട് പോകാനുള്ളതല്ല കേരള ടീം എന്നും കെസിഎ പ്രതികരിച്ചു. ഇതിനെതിരെ ശ്രീശാന്ത് പ്രതികരിച്ചു. സഞ്ജുവിനെ പിന്തുണച്ചുകൊണ്ട് കെസിഎയെ വിമർശിച്ചായിരുന്നു ശ്രീശാന്തിൻ്റെ പ്രസ്താവന. ഈ പ്രസ്താവനയ്ക്കെതിരെ ശ്രീശാന്തിന് കെസിഎ വക്കീൽ നോട്ടീസയച്ചു. ഈ നോട്ടീസിനോട് പ്രതികരിക്കുന്നതിനിടെ ‘ഓൺമനോരമ’യോട് പറഞ്ഞ ചില കാര്യങ്ങൾക്കാണ് കെസിഎ ഇപ്പോൾ മറുപടി നൽകിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് താരങ്ങളെ ഇറക്കുമതി ചെയ്ത് കളിപ്പിക്കുന്നത് മലയാളി താരങ്ങളോടുള്ള അനാദരവാണെന്നും സഞ്ജു സാംസണ് ശേഷം കെസിഎ ഒരു രാജ്യാന്തര താരത്തെപ്പോലും സൃഷ്ടിച്ചിട്ടില്ല എന്നും അദ്ദേഹം ആരോപിച്ചിരുന്നു.