Sreesanth : ഡഗൗട്ടിൽ ഇരിക്കാതെ ശ്രീശാന്ത് മസാജിനു പോയി; നാളെത്തന്നെ നാട്ടിലേക്ക് തിരിച്ചയക്കൂ എന്ന് ധോണി: വെളിപ്പെടുത്തി അശ്വിൻ
Sreesanth MS Dhoni : മത്സരത്തിനിടെ ഡഗൗട്ടിൽ ഇരിക്കാതെ ഡ്രസിംഗ് റൂമിൽ മസാജിന് പോയ മലയാളി താരം ശ്രീശാന്തിനെ നാട്ടിലേക്ക് തിരിച്ചയക്കാൻ ക്യാപ്റ്റൻ എംഎസ് ധോണി നിർദ്ദേശം നൽകിയെന്ന് ആർ അശ്വിൻ. ശ്രീയും ധോണിയും തമ്മിൽ പ്രശ്നം പറഞ്ഞ് തീർത്തു എന്നും അശ്വിൻ തൻ്റെ ആത്മകഥയിൽ പറയുന്നു.
മത്സരത്തിനിടെ ഡഗൗട്ടിൽ ഇരിക്കാത്തതിന് മലയാളി താരം ശ്രീശാന്തിൻ്റെ നാട്ടിലേക്ക് തിരിച്ചയക്കാൻ ക്യാപ്റ്റൻ എംഎസ് ധോണി പറഞ്ഞു എന്ന് ഇന്ത്യൻ താരം ആർ അശ്വിൻ. 2011ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെയാണ് സംഭവം. തൻ്റെ ആത്മകഥയായ ‘ഐ ഹാവ് ദ് സ്ട്രീറ്റ്‌സ്, എ കുട്ടി ക്രിക്കറ്റ് സ്റ്റോറി’യിലാണ് അശിൻ്റെ വെളിപ്പെടുത്തൽ. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
പര്യടനത്തിൽ ശ്രീശാന്ത് റിസർവ് താരമായിരുന്നു. അശ്വിനും അന്ന് റിസർവ് നിരയിലായിരുന്നു. റിസർവ് താരങ്ങളെല്ലാം ഡഗൗട്ടിൽ ഉണ്ടായിരിക്കണമെന്നായിരുന്നു ക്യാപ്റ്റൻ എംഎസ് ധോണിയുടെ നിർദ്ദേശം. അതനുസരിച്ച് തങ്ങളെല്ലാവരും ഡഗൗട്ടിൽ ഇരുന്നെങ്കിലും ശ്രീശാന്ത് ഡ്രസിങ് റൂമിലേക്ക് പോയി. മത്സരത്തിനിടെ വെള്ളം കൊടുക്കാൻ പലതവണ താൻ തന്നെ ഗ്രൗണ്ടിലെത്തിയപ്പോൾ ശ്രീശാന്ത് എവിടെയെന്ന് ധോണി ചോദിച്ചു. ഡ്രസിങ് റൂമിലാണെന്ന് പറഞ്ഞപ്പോൾ തിരികെ ഡഗൗട്ടിൽ വന്നിരിക്കാൻ പറയൂ എന്ന് ധോണി നിർദ്ദേശിച്ചു.
“ഞാൻ മുരളി വിജയ്‌യോട് ശ്രീശാന്തിനെ വിളിക്കാൻ പറഞ്ഞു. വിജയ് അതിന് തയ്യാറായില്ല. തനിയെ പോയി വിളിക്കൂ എന്ന് വിജയ് പറഞ്ഞു. അങ്ങനെ ഞാൻ ഡ്രസിങ് റൂമിൽ പോയി ധോണി താഴേക്ക് വരാൻ ആവശ്യപ്പെട്ടു എന്ന് ശ്രീയോട് പറഞ്ഞു. “അതെന്താ, നിങ്ങൾക്ക് വെള്ളം കൊടുക്കാൻ പറ്റില്ലേ” എന്നായി ശ്രീയുടെ ചോദ്യം. റിസർവ് താരങ്ങളെല്ലാം ഒരുമിച്ചിരിക്കാനാണ് ധോണി പറഞ്ഞത് എന്ന് ഞാൻ പറഞ്ഞപ്പോൾ ‘ശരി, ഞാൻ വരാം. അശ്വിൻ പൊക്കോളൂ എന്ന് ശ്രീ മറുപടിനൽകി.”- അശ്വിൻ പറയുന്നു.
Also Read : Gautam Gambhir Salary : ഡെയ്ലി അലവൻസ് 21,000 രൂപ; കോച്ചായാൽ ഗംഭീറിന് ലഭിക്കുന്ന ശമ്പളം ഇത്ര?
“അടുത്ത തവണ ഹെൽമറ്റ് കൊടുക്കാനാണ് ഞാൻ പോയത്. ധോണി ദേഷ്യത്തിലാണെന്ന് എനിക്ക് കാണാമായിരുന്നു. ശ്രീ എവിടെയെന്ന് അദ്ദേഹം ചോദിച്ചു. മസാജിങിലാണെന്ന് ഞാൻ പറഞ്ഞു. ധോണി ഒന്നും പറഞ്ഞില്ല. അടുത്ത ഓവറിൽ ഹെൽമറ്റ് തിരികെനൽകാൻ അദ്ദേഹം എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു, ‘ഒരു കാര്യം ചെയ്യൂ. റൺജീബ് (ടീം മാനേജർ) സറിനോട് ശ്രീയ്ക്ക് ഇവിടെ തുടരാൻ താത്പര്യമില്ലെന്നും നാളത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനും പറയൂ. അവൻ ഇന്ത്യയിലേക്ക് തിരികെ പൊക്കോട്ടെ.”- അശ്വിൻ തുടർന്നു.
ഇക്കാര്യം ശ്രീശാന്തിനെ അറിയിച്ചപ്പോൾ ഉടൻ വസ്ത്രം മാറി ഡഗൗട്ടിൽ വന്നിരുന്നു എന്നും അശ്വിൻ പറയുന്നു. പിന്നെ വെള്ളം കൊണ്ടുപോയി കൊടുക്കാൻ ശ്രീശാന്ത് മുൻകൈ എടുത്തു. പിന്നീട് വെള്ളം കൊടുക്കാൻ ശ്രീ പോയപ്പോൾ ശ്രീയിൽ നിന്ന് വെള്ളം വാങ്ങാതെ എന്നെ ഗ്രൗണ്ടിലേക്ക് വിളിച്ച്, റൺജീബ് സറിനോട് പറഞ്ഞോ എന്ന് ധോണി ചോദിച്ചു. വിഷയം ശ്രീയും ധോണിയും തമ്മിൽ പറഞ്ഞുതീർത്തു എന്നും അശ്വിൻ ആത്മകഥയിൽ കുറിയ്ക്കുന്നു.
തൻ്റെ കരിയറിൻ്റെ തുടക്കകാലം മുതൽ 2011 ഏകദിന ലോകകപ്പ് വരെയുള്ള ജീവിതമാണ് അശ്വിൻ തൻ്റെ ആത്മകഥയിലൂടെ വിവരിക്കുന്നത്. സിദ്ധാർത്ഥ് മോംഗയുമായിച്ചേർന്നെഴുതിയ പുസ്തകം പെൻഗ്വിൻ റാൻഡം ഹൗസ് ആണ് പബ്ലിഷ് ചെയ്തിരിക്കുന്നത്.