R Ashwin Retirement: താങ്ക്യൂ അശ്വിൻ! ഗാബയിൽ അപ്രതീക്ഷിത വിരമിക്കലുമായി സ്റ്റാർ സ്പിന്നർ
Spinner R Ashwin Retirement: ക്യാപ്റ്റൻ രോഹിത് ശർമ്മയുമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിരമിക്കൽ പ്രഖ്യാനം. 106 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 537 വിക്കറ്റ് വീഴ്ത്തി.
ബ്രിസ്ബെയ്ൻ: ബോർഡർ ഗവാസ്കർ ട്രോഫിക്കിടെ അപ്രതീക്ഷിത വിരമിക്കലുമായി സ്റ്റാർ സ്പിന്നർ രവിചന്ദ്ര അശ്വിൻ. ഗാബ ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിന് പിന്നാലെയാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതായി സ്റ്റാർ സ്പിന്നർ പ്രഖ്യാപിച്ചു. ഗാബ ടെസ്റ്റിന് ശേഷം ക്യാപ്റ്റൻ രോഹിത് ശർമ്മയുമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിരമിക്കൽ പ്രഖ്യാനം. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സ്പിൻ ആക്രമണങ്ങൾ നേതൃത്വം നൽകിയ താരമാണ് ആർ അശ്വിൻ. ബോർഡർ ഗവാസ്കർ ട്രോഫിയിലെ പെർത്ത് ടെസ്റ്റിലും ഗാബ ടെസ്റ്റിലും അശ്വിൻ ഇന്ത്യക്കായി കളിക്കാനിറങ്ങിയിരുന്നില്ല. എന്നാൽ അഡ്ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യൻ ജഴ്സിയിൽ കളത്തിലിറങ്ങിയിരുന്നു.
കഴിഞ്ഞ 14 വർഷത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വസ്തനായ ബൗളറാണ് ഇപ്പോൾ പടിയിറങ്ങുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവുമായാണ് അശ്വിൻ പഠിയിറങ്ങുന്നത്. 106 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 537 വിക്കറ്റ് വീഴ്ത്തി. ഓഫ് സ്പിന്നർ എന്നതിലുപരി പലനിർണായക ഘട്ടത്തിലും അശ്വിൻ ഇന്ത്യൻ ടീമിന്റെ രക്ഷകനായി മാറിയിട്ടുണ്ട്. ആറ് സെഞ്ച്വറികൾ ഉൾപ്പെടെ 3503 റൺസും ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് സ്വന്തമാക്കിയിട്ടുണ്ട്. 116 ഏകദിനങ്ങളിൽ നിന്നായി 156 വിക്കറ്റും 65 ടി-20 മത്സരങ്ങളിൽ നിന്ന് 72 വിക്കറ്റുമാണ് ഇതിഹാസത്തിന്റെ സമ്പാദ്യം. ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഏഴാമനാണ് അശ്വിൻ.
𝙏𝙝𝙖𝙣𝙠 𝙔𝙤𝙪 𝘼𝙨𝙝𝙬𝙞𝙣 🫡
A name synonymous with mastery, wizardry, brilliance, and innovation 👏👏
The ace spinner and #TeamIndia‘s invaluable all-rounder announces his retirement from international cricket.
Congratulations on a legendary career, @ashwinravi99 ❤️ pic.twitter.com/swSwcP3QXA
— BCCI (@BCCI) December 18, 2024
ടെസ്റ്റിൽ 37 തവണയാണ് അശ്വിൻ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്. ഈ നേട്ടത്തിൽ ഇതിഹാസതാരം ഷെയ്ൻ വോണിനൊപ്പം രണ്ടാം സ്ഥാനത്താണ് താരം. പട്ടികയിൽ ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഒന്നാമത്. 67 അഞ്ച് വിക്കറ്റ് നേട്ടമാണ് മുത്തയ്യ മുരളീധരന്റെ സമ്പാദ്യം. ടെസ്റ്റ് ഫോർമാറ്റിൽ ഏറ്റവും കൂടുതൽ ഇടംകയ്യൻ ബാറ്റർമാരെ പുറത്താക്കിയ ബൗളർമാരും ലിസ്റ്റിലും തലപ്പത്ത് അശ്വിനാണ്. 268 തവണ ഇടംകയ്യൻ ബാറ്റർമാരെ വിക്കറ്റ് മുന്നിൽ കുടുക്കിയത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ മാൻ ഓഫ് ദ് പുരസ്കാരം നേടിയിട്ടുള്ള താരം എന്ന നേട്ടവുമായാണ് അശ്വിൻ രാജ്യന്തര കരിയറിന് തിരശീലയിടുന്നത്. 11 തവണയാണ് താരം ഈ നേട്ടത്തിന് അർഹനായത്. അനിൽ കുംബ്ലെയ്ക്ക് ശേഷം ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളറെന്ന നേട്ടവും താരത്തിന് സ്വന്തമാണ്. സ്വന്തം മണ്ണിൽ ന്യൂസിലൻഡിനെതിരെ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ അശ്വിൻ 9 വിക്കറ്റുമായി തിളങ്ങിയിരുന്നു.
2010-ലാണ് ആർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്. 2011 ആയപ്പോഴേക്കും ടെസ്റ്റ് ക്രിക്കറ്റിലെ നിർണായക സാന്നിധ്യമായി അശ്വിൻ മാറി. അശ്വിന് പകരം ഇന്ത്യൻ സ്പിൻ ആക്രമങ്ങളെ ഇനിയാര് നയിക്കും എന്നാണ് ആരാധകർ ഉറ്റ് നോക്കുന്നത്.