Sourav Ganguly: സൗരവ് ഗാംഗുലി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; രക്ഷപ്പെട്ടത് തലനാരിഴക്ക്
Sourav Ganguly's Car Met with an Accident: ഒരു പരിപാടിയിൽ പങ്കെടുക്കാൻ ബര്‍ദ്വാനിലേക്ക് പോകുന്നതിനിടെയാണ് അപകടം. റേഞ്ച് റോവര്‍ കാറിലായിരുന്നു ഗാംഗുലി സഞ്ചരിച്ചിരുന്നത്.

കൊല്‍ക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ദുര്‍ഗാപൂര്‍ ഹൈവേയില്‍ വെച്ച് ദന്തന്‍പൂരിന് സമീപമാണ് സംഭവം. ഒരു പരിപാടിയിൽ പങ്കെടുക്കാൻ ബര്‍ദ്വാനിലേക്ക് പോകുന്നതിനിടെയാണ് അപകടം. റേഞ്ച് റോവര്‍ കാറിലായിരുന്നു ഗാംഗുലി സഞ്ചരിച്ചിരുന്നത്.
ഗാംഗുലിയുടെ വാഹനവ്യൂഹത്തിലേക്ക് ലോറിയിടിച്ച് കയറുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടു. ഇതോടെ ഗാംഗുലിയുടെ കാറിന് പിന്നില്‍ വന്ന് മറ്റ് കാറുകൾ ഇടിക്കുകയായിരുന്നു. അതേസമയം ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ഗാംഗുലിയുടെ വാഹനവും ലോറിയും അമിതവേഗതയിലായിരുന്നില്ല.
അപകടത്തിൽ രണ്ട് കാറുകൾക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചു. ഇതിനു പിന്നാലെ പത്ത് മിനിറ്റ് എക്‌സ്പ്രസ് ഹൈവേയില്‍ നിർത്തിയ താരം പിന്നീട് മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പരിപാടികളില്‍ പങ്കെടുത്താണ് വീട്ടിലേക്ക് മടങ്ങിയത്.
അതേസമയം കഴിഞ്ഞ മാസം സൗരവ് ഗാംഗുലിയുടെ മകൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടിരുന്നു. മകളുടെ കാർ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഡയമണ്ട് ഹാർബർ റോഡിൽവച്ചായിരുന്നു അപകടം. അപകടത്തിനുശേഷം നിർത്താതെ പോയ ബസിനെ പിന്തുടര്‍ന്ന് പിടിക്കൂടുകയായിരുന്നു.അപകടത്തിൽ മുൻസിറ്റിൽ ഇരുന്ന സനയ്ക്ക് സാരമായ പരിക്കുകൾ ഇല്ലായിരുന്നു.