SMAT 2024 : വെങ്കിടേഷ് അയ്യർ ഔട്ടാണോ അല്ലയോ?; തേർഡ് അമ്പയറിൻ്റെ തീരുമാനത്തിൽ വിവാദം
SMAT 2024 Venkatesh Iyer Controversy : സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിൽ വെങ്കിടേഷ് അയ്യറിൻ്റെ ക്യാച്ചുമായി ബന്ധപ്പെട്ട് വിവാദം. അജിങ്ക്യ രഹാനെ എടുത്ത ക്യാച്ച് നിലത്ത് തട്ടിയോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും അമ്പയർ ഔട്ട് വിധിക്കുകയായിരുന്നു.
സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിൽ തേർഡ് അമ്പയറിൻ്റെ തീരുമാനത്തെച്ചൊല്ലി വിവാദം. പല മോശം തീരുമാനങ്ങളുമെടുത്ത തേർഡ് അമ്പയർ ഇന്നലെ വെങ്കിടേഷ് അയ്യരിൻ്റെ ക്യാച്ച് വിധിച്ചതാണ് ഏറെ വിവാദമായത്. സൂര്യാൻഷ് ഷെഡ്ഗെയുടെ പന്തിൽ അജിങ്ക്യ രഹാനെ പിടിച്ച പന്ത് നിലത്ത് തട്ടിയോ എന്ന് സംശയമായിരുന്നെങ്കിലും തേർഡ് അമ്പയർ ഔട്ട് വിധിക്കുകയായിരുന്നു.
മുംബൈയും മധ്യപ്രദേശും തമ്മിലാണ് ഇന്നലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനൽ നടന്നത്. ടോപ്പ് ഓർഡറിൽ ബാറ്റിംഗ് തകർച്ച നേരിട്ടപ്പോൾ മധ്യപ്രദേശ് ബാറ്റിംഗിനെ രക്ഷിക്കാൻ വീണ്ടും രജസ്ത് പാടിദാറും വെങ്കിടേഷ് അയ്യരും ഒരുമിച്ചു. കൂട്ടുകെട്ട് അനായാസം മുന്നോട്ടുപോകവെ, 13ആം ഓവറിലെ ആദ്യ പന്തിൽ വെങ്കിയെ പോയിൻ്റിൽ രഹാനെ പിടികൂടി. 8 പന്തിൽ 17 റൺസെടുത്ത് നിൽക്കെയായിരുന്നു രഹാനെയുടെ ക്യാച്ച്. ക്യാച്ചെടുത്തയുടൻ പന്ത് കൈപ്പിടിയിലൊതുങ്ങിയോ എന്ന് തനിക്ക് സംശയമാണെന്ന് രഹാനെ പറഞ്ഞു. തീരുമാനം തേർഡ് അമ്പയറിലേക്ക്. പന്ത് നിലത്തുതട്ടിയെന്നാണ് റിപ്ലേകൾ സൂചിപ്പിച്ചത്. ഇതിൽ ഉറപ്പുണ്ടായിരുന്നില്ല. പല ആംഗിളുകളിൽ നിന്ന് ഇത് നോക്കിയ തേർഡ് അമ്പയർ ഒടുവിൽ ഔട്ട് വിധിച്ചു. ഉറപ്പില്ലാതിരുന്നിട്ടും വിക്കറ്റ് നൽകിയ തേർഡ് അമ്പയറിനെതിരെ വിമർശനം ശക്തമാണ്.
Also Read : IND vs AUS : ഇത്രയും റൺസൊക്കെ ആരടിച്ചെടുക്കാനാണ്!; ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 445 റൺസിന് ഓൾ ഔട്ട്
മത്സരത്തിൽ മധ്യപ്രദേശിനെതിരെ പല വിവാദ തീരുമാനങ്ങളുമുണ്ടായിരുന്നു. രജത് പാടിദാറിനെതിരായ നോ ബോൾ, അവസാന ഓവറിലെ വൈഡ് എന്നിങ്ങനെ പല തീരുമാനങ്ങളും മധ്യപ്രദേശിനെതിരെയുണ്ടായി. അവസാന ഓവറിൽ ബാറ്റ് ചെയ്യവെ ഓഫ്‌സൈഡിലേക്ക് ഷഫിൾ ചെയ്ത രജത് പാടിദാറിൻ്റെ റീച്ചിൽ നിന്ന് പന്ത് മാറ്റാൻ ബൗളർ വൈഡ് യോർക്കറിന് ശ്രമിച്ചെങ്കിലും പന്ത് പിച്ചിന് പുറത്തായിരുന്നു. ഷഫിൾ ചെയ്തെന്ന് കാട്ടി തേർഡ് അമ്പയർ ഇത് ഔട്ടല്ലെന്ന് വിധിച്ചു. ഇതോടെ പിച്ചിന് പുറത്താണ് പന്തെന്നും ഒന്നുകൂടി പരിശോധിക്കണമെന്നും പാടിദാർ ആവശ്യപ്പെട്ടു. ഇതോടെ ഒരിക്കൽ കൂടി പരിശോധിച്ച് തേർഡ് അമ്പയർ അത് വൈഡ് വിധിക്കുകയായിരുന്നു.
𝐎𝐮𝐭 𝐨𝐫 𝐍𝐨𝐭 𝐎𝐮𝐭? The debate is on! 🤔
Don’t miss the drama in the #IDFCFirstBankSyedMushtaqAliTrophy FINAL, streaming LIVE on #JioCinema & #Sports18Khel! 👈#JioCinemaSports #SMAT #MPvMUM pic.twitter.com/s9bwrEWiVy
— JioCinema (@JioCinema) December 15, 2024
മത്സരത്തിൽ അഞ്ച് വിക്കറ്റിന് വിജയിച്ച് മുംബൈ രണ്ടാം സയ്യിദ് മുഷ്താഖ് അലി ട്രോഫി സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 174 റൺസ് നേടിയപ്പോൾ 17.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി മുംബൈ വിജയലക്ഷ്യം മറികടന്നു. 40 പന്തിൽ 81 റൺസ് നേടി നോട്ടൗട്ടായ ക്യാപ്റ്റൻ രജത് പാടിദാറാണ് മധ്യപ്രദേശ് ഇന്നിംഗ്സിനെ താങ്ങിനിർത്തിയത്. മറുപടി ബാറ്റിംഗിൽ ഇതുവരെ മുംബൈയെ മുന്നിൽ നിന്ന് നയിച്ച അജിങ്ക്യ രഹാനെ 30 പന്തിൽ 37 റൺസ് മാത്രം നേടി മടങ്ങിയപ്പോൾ 35 പന്തിൽ 48 റൺസ് നേടിയ സൂര്യകുമാർ യാദവാണ് തിളങ്ങിയത്. 15 പന്തിൽ മൂന്ന് വീതം ബൗണ്ടറിയും സിക്സറും നേടിയ സൂര്യാൻഷ് ഷെഡ്ഗെ 36 റൺസ് നേടി നോട്ടൗട്ടാണ്. ഷെഡ്ഗെയുടെ തകർപ്പൻ പ്രകടനമാണ് മുംബൈ വിജയം നേരത്തെയാക്കിയത്. ബൗളിംഗിൽ ഒരു വിക്കറ്റ് വീഴ്ത്തിയ സൂര്യാൻഷ് ആണ് കളിയിലെ താരം. 9 മത്സരങ്ങളിൽ 469 റൺസ് നേടിയ അജിങ്ക രഹാനെയാണ് ടൂർണമെൻ്റിലെ താരം.