SMAT 2024 : രഹാനെ 2.0ലൂടെ മുംബൈ; രജത് പാടിദാറിലൂടെ മധ്യപ്രദേശ്; സയ്യിദ് മുഷ്താഖ് അലി ട്രോഫി കലാശപ്പോരിന് കളമൊരുങ്ങി

SMAT 2024 Mumbai And Madhya Pradesh : സയ്യിദ് മുഷ്താഖ് അലി ട്രോഫി കലാശപ്പോരിൽ മുംബൈയ്ക്ക് മധ്യപ്രദേശ് എതിരാളികൾ. ഇരുവരും യഥാക്രമം ബറോഡയെയും ഡൽഹിയെയുമാണ് സെമിഫൈനലിൽ തോല്പിച്ചത്.

SMAT 2024 : രഹാനെ 2.0ലൂടെ മുംബൈ; രജത് പാടിദാറിലൂടെ മധ്യപ്രദേശ്; സയ്യിദ് മുഷ്താഖ് അലി ട്രോഫി കലാശപ്പോരിന് കളമൊരുങ്ങി

അജിങ്ക്യ രഹാനെ (Image Courtesy- Social Media)

Published: 

13 Dec 2024 20:41 PM

സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിൽ മുംബൈയും മധ്യപ്രദേശും തമ്മിൽ ഏറ്റുമുട്ടും. ആദ്യ സെമിഫൈനലിൽ മുംബൈ ബറോഡയെ കീഴടക്കിയപ്പോൾ രണ്ടാം സെമിഫൈനലിൽ ഡൽഹിയെയാണ് മധ്യപ്രദേശ് തോല്പിച്ചത്. ഇത് രണ്ടാം തവണയാണ് മധ്യപ്രദേശ് ഫൈനലിലെത്തുന്നത്. ഇതുവരെ കിരീടം നേടാനായിട്ടില്ല. മുംബൈയ്ക്കും ഇത് രണ്ടാം ഫൈനലാണ്. ഒരുതവണ കിരീടം നേടി.

36 വയസുകാരനായ അജിങ്ക്യ രഹാനെയുടെ ചിറകിലേറിയാണ് മുംബൈ ഫൈനലിലെത്തിയത്. ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ദേശീയ ടീമംഗങ്ങളായ ശ്രേയാസ് അയ്യർ, ശിവം ദുബെ തുടങ്ങി വമ്പൻ പേരുകാരുണ്ടെങ്കിലും രഹാനെയാണ് ഇത്തവണ മുംബൈയുടെ തുരുപ്പുചീട്ട്. എട്ട് മത്സരങ്ങളിൽ നിന്ന് 169 സ്ട്രൈക്ക് റേറ്റിൽ 432 റൺസ് നേടിയ രഹാനെ തന്നെയാണ് ഏറ്റവുമധികം റൺസ് നേടിയവരിൽ ഒന്നാമത്. 61.71 ആണ് താരത്തിൻ്റെ ശരാശരി. സെമിഫൈനലിലും സ്ഥിതി വ്യത്യസ്തമായില്ല.

ബറോഡയെ 7 വിക്കറ്റ് നഷ്ടത്തിൽ 158 റൺസിന് ഒതുക്കാൻ മുംബൈ ബൗളർമാർക്ക് സാധിച്ചു. മുംബൈ ബൗളർമാർ കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ ബറോഡയ്ക്ക് ഉയർന്ന സ്കോറിലെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ മത്സരങ്ങളിലൊക്കെ മികച്ച പ്രകടനം നടത്തിയ ഹാർദ്ദിക് പാണ്ഡ്യ കേവലം അഞ്ച് റൺസ് മാത്രമെടുത്ത് പുറത്തായത് ബറോഡയ്ക്ക് തിരിച്ചടിയായി. 24 പന്തിൽ പുറത്താവാതെ 36 റൺസ് നേടിയ ശിവാലിക് ശർമ്മയാണ് ബറോഡയുടെ ടോപ്പ് സ്കോറർ. മുംബൈയ്ക്കായി സൂര്യാൻഷ് ഷെഡ്ഗെ രണ്ട് വിക്കറ്റ് വീഴ്ത്തി.

Also Read : Paddy Upton: 2011 ലോകകപ്പ് വിജയത്തിലുണ്ട്, ഹോക്കി ഒളിമ്പിക്സ് മെഡലിലുണ്ട്, ഇപ്പോൾ ഗുകേഷിനൊപ്പവുമുണ്ട്; പാഡി അപ്ടൺ എന്ന സ്റ്റാർമേക്കർ

മറുപടി ബാറ്റിംഗിൽ പൃഥ്വി ഷായെ (8) വേഗം നഷ്ടമായെങ്കിലും അനായാസം ബാറ്റ് ചെയ്ത രഹാനെയും ശ്രേയാസ് അയ്യരും രണ്ടാം വിക്കറ്റിൽ തന്നെ മുംബൈ ജയമുറപ്പിച്ചു. 88 റൺസിൻ്റെ കൂട്ടുകെട്ടിന് ശേഷം 30 പന്തിൽ 46 റൺസ് നേടിയ ശ്രേയാസ് മടങ്ങി. സൂര്യകുമാർ യാദവ് (1) വീണ്ടും നിരാശപ്പെടുത്തി. ഇതിനിടെ ഫിഫ്റ്റിയും കടന്ന് സെഞ്ചുറിയിലേക്ക് കുതിച്ച രഹാനെ മൂന്നക്കത്തിന് കേവലം രണ്ട് റൺസകലെ വീഴുകയായിരുന്നു. 56 പന്തിൽ 11 ബൗണ്ടറിയും അഞ്ച് സിക്സറും സഹിതം 98 റൺസ് നേടി രഹാനെ പുറത്തായതിന് പിന്നാലെ എത്തിയ സൂര്യാൻഷ് ഷെഡ്ഗെ നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സറടിച്ച് കളി അവസാനിപ്പിച്ചു. ആറ് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം.

രണ്ടാം സെമിയിൽ ഡൽഹിയെ ഏഴ് വിക്കറ്റിനാണ് മധ്യപ്രദേശ് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹിയ്ക്ക് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 146 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഡൽഹിയ്ക്കായി കളത്തിലിറങ്ങിയ എല്ലാവരും ഇരട്ടയക്കം കടന്നെങ്കിലും ആർക്കും ഉയർന്ന സ്കോർ നേടാനായില്ല. 21 പന്തിൽ 29 റൺസ് നേടിയ പ്രിയാൻഷ് ആര്യയാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. മധ്യപ്രദേശിനായി വെങ്കടേഷ് അയ്യർ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ആദ്യ പന്തിൽ തന്നെ മധ്യപ്രദേശിനെ ആദ്യ വിക്കറ്റ് നഷ്ടമായി. 3 വിക്കറ്റ് നഷ്ടത്തിൽ 46 റൺസെന്ന നിലയിലാണ് രജത് പാടിദാർ ക്രീസിലെത്തുന്നത്. തുടർന്ന് നാലാം വിക്കറ്റിൽ ഹർപ്രീത് സിംഗ് ഭാട്ടിയയുമൊത്ത് അപരാജിതമായ 106 റൺസ് കൂട്ടിച്ചേർത്ത പാടിദാർ മധ്യപ്രദേശിനെ അനായാസം വിജയത്തിലെത്തിച്ചു. ഹർപ്രീത് സിംഗ് സാവധാനം കളിച്ചപ്പോൾ സ്പിന്നർമാരെ തുടരെ ആക്രമിച്ച് പാടിദാർ വേഗത്തിൽ കളി അവസാനിപ്പിച്ചു. 29 പന്തിൽ നാല് ബൗണ്ടറിയും ആറ് സിക്സറും സഹിതം 66 റൺസ് നേടിയ പാടിദാറും 38 പന്തിൽ നാല് ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 46 റൺസ് നേടിയ ഹർപ്രീത് സിംഗും നോട്ടൗട്ടാണ്.

ഈ മാസം 15ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ചാണ് ഫൈനൽ.

 

Related Stories
BGT 2024 : ഓസീസ് നിരയിൽ ഹേസൽവുഡ് തിരികെയെത്തി; ഇന്ത്യൻ നിരയിൽ രോഹിത് ശർമ്മ ഓപ്പണിംഗിലേക്ക് തിരികെയെത്തിയേക്കും
WPL 2025 Auction : ടീമുകൾക്കാവശ്യമുള്ളത് 19 പേർ; ആകെ ലേലത്തിലെത്തുക 120 പേർ; വിശദമായി അറിയാം
Paddy Upton: 2011 ലോകകപ്പ് വിജയത്തിലുണ്ട്, ഹോക്കി ഒളിമ്പിക്സ് മെഡലിലുണ്ട്, ഇപ്പോൾ ഗുകേഷിനൊപ്പവുമുണ്ട്; പാഡി അപ്ടൺ എന്ന സ്റ്റാർമേക്കർ
D Gukesh Prize Money: ഇത് കോടികൾ ഒഴുകുന്ന കളി; ലോക ചെസ് കിരീടം സ്വന്തമാക്കിയ ഗുകേഷിന് എത്ര തുക ലഭിക്കും?
Gukesh Dommaraju Profile: വിശ്വനാഥ് ആനന്ദിന് പിന്‍ഗാമി; ഇന്ത്യക്ക് അഭിമാനമാകുന്ന ഗുകേഷ്‌
D Gukesh World Chess Champion : ചരിത്രം കുറിച്ച് ഗുകേഷ്; ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
ഗാബയിൽ റെക്കോർഡിലേക്ക് കണ്ണുനട്ട് ഋഷഭ് പന്ത്
മഖാന കഴിച്ചിട്ടുണ്ടോ? ഭാരം കുറയ്ക്കാൻ ​ഇത് മാത്രം മതി
ചുവന്ന പേരക്കയാണോ നല്ലത്? അറിയാം ഈ ​ഗുണങ്ങൾ
കരുക്കൾ നീക്കി ഗുകേഷ് സ്വന്തമാക്കിയ മറ്റ് പ്രധാന നേട്ടങ്ങൾ