Indian Team Batting Coach: വിദേശി വേണ്ട സ്വദേശി മതി; ഇന്ത്യൻ ടീം ബാറ്റിങ് കോച്ചായി സിതാൻഷു കൊടാകിനെ നിയമിക്കാനൊരുങ്ങി ബിസിസിഐ
Indian Team Batting Coach Sitanshu Kotak : മുൻ ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്സൺ ഉൾപ്പെടെ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും സ്വദേശിയായ സിതാൻഷു കൊടാകിനെ തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ബാറ്റിങ് പരിശീലകനായി സിതാൻഷു കൊടാകിനെ നിയമിക്കാൻ ഒരുങ്ങി ബിസിസിഐ. ഇംഗ്ലണ്ടിനെതിരെയുള്ള നിശ്ചിത ഓവഡ പരമ്പരയ്ക്ക് മുന്നോടിയ പുതിയ ബാറ്റിങ് കോച്ചിനെ ബിസിസിഐ നിയമിച്ചേക്കും. നിലവിൽ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിൻ്റെ അസിസ്റ്റൻ്റായ അഭിഷേക് നായറാണ് താൽക്കാലികമായി ബാറ്റിങ് പരിശീലനം നൽകുന്നത്. അഭിഷേകിന് പുറമെ റയാൻ ടെൻ ഡൊഷാഡുമാണ് ഗംഭീറിന് കീഴിലുള്ള സഹപരിശീലകർ. ഇവരെ കൂടാതെ ബോളിങ് കോച്ചായി മോർണി മോർക്കലും ഫീൽഡ് കോച്ചായി ടി ദിലീപും ഗംഭീറിൻ്റെ പരിശീലക സംഘത്തിലുണ്ട്.
നിലവിൽ പ്രതിസന്ധി നേരിടുന്ന ഇന്ത്യൻ ക്യാമ്പിൽ ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി കൂടുതൽ കരുത്തേകാനാണ് പുതിയ നിയമനം. പ്രധാനമായും ടീമിനുള്ളിലെ സ്റ്റാർഡം ഏത് വിധേനയും ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ബിസിസിഐക്കുള്ളത്. അതേസമയം ചാമ്പ്യൻസ് ട്രോഫി മുന്നോടിയായി ടീമിനുള്ളിലെ പ്രതിസന്ധി തീർക്കാൻ ഗംഭീറിന് സാധിച്ചില്ലെങ്കിൽ മുൻ ഇന്ത്യൻ ഓപ്പണിങ് താരത്തിൻ്റെ കോച്ചിങ് കരിയറിന് അവസാനമാകും.
ജൂലൈയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റെടുത്ത ഗംഭീറിന് ആദ്യ ആറ് മാസം കയ്പേറിയതായിരുന്നു. കളിച്ച പത്ത് ടെസ്റ്റിൽ ആറെണ്ണം ഇന്ത്യ തോറ്റു, കൂടാതെ ശ്രീലങ്കയ്ക്കെതിരെ പരമ്പര നഷ്ടം തുടങ്ങിയവ ഗംഭീറിൻ്റെ കാലത്താണ് ഇന്ത്യ നേരിട്ടിരിക്കുന്നത്. ടീമിൻ്റെ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫിയോടെ ഗംഭീറിൻ്റെ പരിശീലക സ്ഥാനം തെറിച്ചേക്കും. ഗംഭീരറിനൊപ്പം വെറ്ററൻ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശർമയ്ക്കും ഇനിയുള്ള ദിനങ്ങൾ നിർണായകമാണ്.
ആരാണ് സിതാൻഷു കൊടാക്?
ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധേയനായ താരങ്ങളിൽ ഒരാളാണ് സിതാൻഷു കൊടാക്. സൗരാഷ്ട്ര ക്രിക്കറ്റ് ആസോസിയേഷൻ ടീമിൻ്റെ മുൻ നായകനായ സിതാൻഷു ഇന്ത്യ എ ടീമിൻ്റെ മുഖ്യ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. 130 മത്സരങ്ങളിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയറിൽ കൊടാക് 8,061 റൺസെടുത്തിട്ടുണ്ട്. 2013 ക്രിക്കറ്റിൽ നിന്നും വിരമിച്ച കൊടാക് കോച്ചിങ് കരിയറിലേക്ക് തിരിയുകയായിരുന്നു. ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ബാറ്റിങ് കോച്ചായിൽ പ്രവർത്തിച്ചു വരികയായിരുന്നു സിതാൻഷു. 2017 ഐപിഎല്ലിൽ ഗുജറാത്ത് ലയൺസിൻ്റെ അസിസ്റ്റൻ്റ് കോച്ചായിട്ടും സിതാൻഷു പ്രവർത്തിച്ചിട്ടുണ്ട്.