Shubman Gill : ‘ജയ്സ്വാളിന് സെഞ്ചുറി നിഷേധിച്ചു’; ശുഭ്മൻ ഗില്ലിനെതിരെ സോഷ്യൽ മീഡിയ
Shubman Gill Denied Century : സിംബാബ്‌വെയ്ക്കെതിരായ നാലാം ടി20യിൽ ശുഭ്മൻ ഗിൽ യശസ്വി ജയ്സ്വാളിൻ്റെ സെഞ്ചുറി നിഷേധിച്ചു എന്ന് സോഷ്യൽ മീഡിയ. ടീമിൽ സ്വന്തം സ്ഥാനം സുരക്ഷിതമാക്കാനാണ് ഗിൽ ശ്രമിക്കുന്നതെന്നും സഞ്ജു സാംസണെ കണ്ട് പഠിക്കൂ എന്നും സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നു.
ശുഭ്മൻ ഗില്ലിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. സിംബാബ്‌വെ പരമ്പരയിലെ ക്യാപ്റ്റനായ ഗിൽ യശസ്വി ജയ്സ്വാളിന് സെഞ്ചുറി നിഷേധിച്ചു എന്നാണ് നെറ്റിസൺസിൻ്റെ ആരോപണം. ഇന്നലെ നടന്ന നാലാം മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിന് ജയിച്ചപ്പോൾ ജയ്സ്വാൾ 93ഉം ഗിൽ 58ഉം റൺസ് നേടി പുറത്താവാതെ നിൽക്കുകയായിരുന്നു.
ഇന്നിംഗ്സിൻ്റെ തുടക്കം മുതൽ യശസ്വിയാണ് ആക്രമിച്ചുകളിച്ചത്. ഗിൽ ജയ്സ്വാളിന് പിന്തുണ നൽകുകയായിരുന്നു. തുടരെ ബൗണ്ടറികൾ കണ്ടെത്തിയ ജയ്സ്വാൾ 29 പന്തിൽ ഫിഫ്റ്റി തികച്ചു. ഈ സമയത്ത് ഗില്ലിൻ്റെ സ്കോർ 11 പന്തിൽ 14 റൺസ്. അതിന് ശേഷമാണ് ഗിൽ ആക്രമിച്ചുതുടങ്ങിയത്. ജയ്സ്വാൾ 83ൽ നിൽക്കെ ഗിൽ 35 പന്തിൽ ഫിഫ്റ്റി തികച്ചു. പിന്നീട് അതേ ഓവറിൽ താരം ഒരു സിക്സർ കൂടി നേടിയതോടെ ജയ്സ്വാളിൻ്റെ സെഞ്ചുറി സാധ്യത ഇല്ലാതായി.16ആം ഓവറിലെ രണ്ടാം പന്തിൽ ബൗണ്ടറിയടിച്ച് ശുഭ്മൻ ഗിൽ ആണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ഈ ജയത്തോടെ ഇന്ത്യ പരമ്പര നേടുകയും ചെയ്തു.
ഫിഫ്റ്റി നേടിക്കഴിഞ്ഞ് ഗിൽ അടിച്ച സിക്സ് ഇല്ലായിരുന്നെങ്കിൽ ജയ്സ്വാളിന് സെഞ്ചുറി തികയ്ക്കാനാവുമായിരുന്നു എന്നാണ് നെറ്റിസൺസിൻ്റെ അഭിപ്രായം. തൻ്റെ സ്ഥാനം സുരക്ഷിതമാക്കാനാണ് ഗിൽ ശ്രമിക്കുന്നതെന്നും അതുകൊണ്ട് ജയ്സ്വാളിന് സെഞ്ചുറി നിഷേധിക്കുകയായിരുന്നു എന്നും ആരോപണമുണ്ട്. 2023 ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ജയ്സ്വാളിന് സെഞ്ചുറിയടിക്കാൻ അവസരമൊരുക്കിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ കണ്ട് പഠിക്കൂ എന്നും സോഷ്യൽ മീഡിയ പറയുന്നു. മത്സരത്തിൽ സുയാഷ് ശർമ എറിഞ്ഞ 13ആം ഓവറിലെ അവസാന ബോൾ തടഞ്ഞിട്ട് 48ൽ നിൽക്കുകയായിരുന്ന സഞ്ജു 94ൽ നിൽക്കുകയായിരുന്ന ജയ്സ്വാളിന് അടുത്ത ഓവറിൽ സെഞ്ചുറിയടിക്കാൻ അവസരമൊരുക്കിയിരുന്നു. എന്നാൽ, ആ പന്തിൽ ബൗണ്ടറി നേടാനേ താരത്തിന് സാധിച്ചുള്ളൂ.
ഇന്നലെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 152 റൺസാണ് നേടിയത്. 28 പന്തിൽ 46 റൺസ് നേടിയ സിക്കന്ദർ റാസയായിരുന്നു ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഖലീൽ അഹ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ അനായാസം കുതിച്ച ഇന്ത്യ 16ആം ഓവറിൽ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ വിജയം കുറിച്ചു. ജയ്സ്വാൾ 53 പന്തിൽ 93 ഉം ഗിൽ 39 പന്തിൽ 58 റൺസും നേടി പുറത്താവാതെ നിന്നു.