Shubman Gill : കിംഗിനു പിന്നാലെ പ്രിൻസ്: താരാരാധന മുതലെടുത്ത് ബിസിസിഐ; അടുത്ത പണം കായ്ക്കുന്ന മരം ശുഭ്മൻ ഗിൽ
Shubman Gill BCCI : മൂന്ന് ഫോർമാറ്റുകളിലെയും വൈസ് ക്യാപ്റ്റനായി ശുഭ്മൻ ഗില്ലിനെ നിയമിച്ച ബിസിസിഐയുടെ ലക്ഷ്യം താരാരാധനയിലൂടെ കച്ചവടമാണെന്നതിൽ വലിയ സംശയമൊന്നുമില്ല. മുൻപ് രോഹിത് ശർമയ്ക്ക് പകരം വിരാട് കോലിയെ ക്യാപ്റ്റനാക്കിയ അതേ തന്ത്രം ഇവിടെ മറ്റ് പലർക്കും പകരം ഗില്ലിനെ തിരഞ്ഞെടുക്കുന്നതിൽ വ്യക്തം.
മൂന്ന് ഫോർമാറ്റിലെയും പുതിയ വൈസ് ക്യാപ്റ്റനാണ് ശുഭ്മൻ ഗിൽ. മുൻപ് ക്യാപ്റ്റൻസി പരിചയം, ഗുജറാത്ത് ടൈറ്റൻസിൽ ഒരു വർഷം. ടീം ഫിനിഷ് ചെയ്തത് എട്ടാം സ്ഥാനത്ത്. ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ശ്രേയാസ് അയ്യർ, കെഎൽ രാഹുൽ തുടങ്ങി വർഷങ്ങളായി ഐപിഎൽ ടീമിനെ നയിക്കുന്നവരും, എക്സ്പീരിയൻസ് ഉള്ളവരുമൊക്കെയുള്ളപ്പോഴാണ് ശുഭ്മൻ ഗിൽ അടുത്ത മൂന്ന് ഫോർമാറ്റ് ക്യാപ്റ്റനായി സാധ്യത കല്പിക്കപ്പെടുന്നത്.
കഴിഞ്ഞ സിംബാബ്‌വെ ടൂറിലായിരുന്നു ശുഭ്മൻ ഗിൽ ആണ് ഇന്ത്യയെ ആദ്യമായി നയിച്ചത്. ടി20 പരമ്പര. ഋതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസൺ എന്നിവരൊക്കെ അടങ്ങിയ ടീമിന്റെ നായകൻ ശുഭ്മൻ ഗിൽ. ടി20 ലോകകപ്പിൽ അവസാന 15ൽ ഇടം കിട്ടാത്ത പ്ലയറാണ് ഗിൽ. ബാക്കപ്പ് ഓപ്പണർ യശസ്വി ജയ്സ്വാൾ ആയിരുന്നു. ഗിൽ റിസർവ് ലിസ്റ്റിൽ. അതായത് ബിസിസിഐക്ക് തന്നെ അറിയാം, ടി20യിൽ ഗിൽ അത്ര നല്ല താരമല്ലെന്ന്. പിന്നെ എങ്ങനെയാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് സ്വർണം നേടിക്കൊടുത്ത ഋതുരാജിനു പകരം ഐപിഎലിൽ മോശം ക്യാപ്റ്റൻസി റെക്കോർഡ് മാത്രമുള്ള ഗിൽ ഇന്ത്യൻ ക്യാപ്റ്റനാവുന്നത്?
ഒറ്റ ഉത്തരമേയുള്ളൂ, പെർസപ്ഷൻ. കാണേണ്ട കാഴ്ചകളെന്താവണമെന്ന മുൻ ധാരണയിലാണ് ഇന്ത്യൻ ക്രിക്കറ്റ് വർക്ക് ചെയ്യുന്നത്. 77 ടി20കൾ കളിച്ചിട്ടും പറയത്തക്ക പ്രകടനങ്ങളില്ലാത്ത ഋഷഭ് പന്ത് ക്രീസിലെത്തുമ്പോൾ കമന്റേറ്റർമാർ വാനോളം പുകഴ്ത്തുന്നതും ഈ പെർസപ്ഷൻ കൊണ്ടാണ്. എംഎസ് ധോണിയുടെ പിന്മുറക്കാരനായി, വെടിക്കെട്ട് വിക്കറ്റ് കീപ്പർ എന്ന് ആദ്യമേ വിലയിരുത്തപ്പെട്ട കളിക്കാരനാണ് പന്ത്. പന്തിന്റെ സ്റ്റൈൽ ഓഫ് പ്ലേ, കളത്തിനു പുറത്ത് അയാളുടെ സ്വാഗ്, സ്റ്റമ്പ് മൈക്കുകൾ പിടിക്കുന്ന, സോഷ്യൽ മീഡിയ ആഘോഷിക്കുന്ന അയാളുടെ സംസാരം. അവിടെ ഒരു കൾട്ട് സെറ്റ് ചെയ്യപ്പെട്ടുകഴിഞ്ഞു. അതിൽ നിന്ന് പരമാവധി മുതലാക്കാൻ ബിസിസിഐ ശ്രമിക്കുന്നുണ്ടെങ്കിലും പന്ത് തുടരെ നിരാശപ്പെടുത്തുന്നുണ്ട്. ഗാബ ടെസ്റ്റിലെ അവിശ്വസനീയ ഇന്നിംഗ്സ് പന്തിന്റെ ഈ ഇമേജിനെ വളരെ ഉയരത്തിൽ എത്തിക്കുന്നുണ്ട്. പക്ഷേ, ടി20യിൽ അയാൾ പോര. ഒടുക്കം, മൂന്നാം നമ്പറിൽ സ്ഥിരം കളിക്കുന്ന സഞ്ജുവിനെ മാറ്റിനിർത്താൻ എന്ന് സംശയം തോന്നുന്ന തരത്തിൽ ഒരു അവസാന മിനിട്ട് ഷഫിൾ. അഞ്ചാം നമ്പറിൽ കളിച്ചുകൊണ്ടിരുന്ന പന്ത് മൂന്നാം നമ്പറിലിറങ്ങുന്നു. ശിവം ദുബെ അയാൾക്ക് പറ്റിയ അഞ്ചാം നമ്പരിൽ. പന്ത് ന്യൂയോർക്കിലെ ടഫ് പിച്ചുകളിൽ ഭാഗ്യം കൊണ്ടാണെങ്കിൽ കൂടിയും, ശിവം ദുബെ ഫൈനലിലും നന്നായി കളിച്ചെങ്കിലും സഞ്ജു ഒരു കളി പോലും കളിക്കാതെ പുറത്തിരുന്നതിന് ന്യായീകരണമില്ല.
ബിസിസിഐ പൂർണമായും ഒരു കച്ചവട സ്ഥാപനമാണ്. 2023 ലോകകപ്പിൽ അവസാന ഗ്രൂപ്പ് കളി നെതർലൻഡ്സിനെതിരെ വച്ചതും ഫൈനൽ അഹ്മദാബാദിലാക്കിയതും ഒരു നല്ല കച്ചവടക്കാരന്റെ ലക്ഷണങ്ങളാണ്. ഈ ടി20 ലോകകപ്പിൽ, ഗ്രൂപ്പിൽ ഒന്നാമതായാലും രണ്ടാമതായാലും ഗയാനയിൽ രണ്ടാമത്തെ സെമി കളിക്കാൻ ഇന്ത്യയെ ഷെഡ്യൂൾ ചെയ്തതും ഇന്ത്യയിലെ കാണികൾക്കായി ഇന്ത്യയുടെ മത്സരങ്ങളെല്ലാം പകലാക്കിയതും ബിസിസിഐയുടെ കച്ചവടം തന്നെയാണ്. ഇന്ത്യൻ ടീം ഈ ലോകകപ്പിൽ ഒരു കളി പോലും രാത്രി കളിച്ചില്ല. അത് പലരും ചോദ്യം ചെയ്തെങ്കിലും ഐസിസി ചെറുവിരലനക്കില്ല.
Also Read : Women’s Asia Cup: ഏഷ്യാ കപ്പ് ഫൈനൽ; ശ്രീലങ്കയ്ക്ക് കന്നിക്കിരീടം, ഇന്ത്യക്ക് നഷ്ടമായത് എട്ടാം കിരീടം
ഇനി, ഗില്ലിലേക്ക്. ശുഭ്മൻ ഗില്ലിനെ ടി20 ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനു പിന്നിലും ഈ കച്ചവട തന്ത്രമാണ്. കോഹ്ലി കിംഗ് എന്നറിയപ്പെടുമ്പോൾ ഗിൽ പ്രിൻസ് എന്നാണ് അറിയപ്പെടുന്നത്. തീർച്ചയായും ഗിൽ സമകാലിക ഇന്ത്യൻ യുവതാരങ്ങളിൽ ഏറ്റവും പ്രതിഭയുള്ളൊരു താരമാണ്. അതിനർത്ഥം അയാളൊരു നല്ല ക്യാപ്റ്റനാണെന്നല്ല. ഇത് തന്നെയാണ് കോഹ്ലിയുടെ ക്യാപ്റ്റൻസിയിലും സംഭവിച്ചത്. ഒരു ബോൺ ലീഡർ രോഹിത് ശർമ നിൽക്കെ ബിസിസിഐ ക്യാപ്റ്റൻസി ഏല്പിക്കുന്നത് കോഹ്ലിയെയാണ്. ടെസ്റ്റിൽ കോഹ്ലിയുടെ ക്യാപ്റ്റൻസി വൺ ഓഫ് ദി ബെസ്റ്റ് ആയിരുന്നു. തർക്കമില്ല. പക്ഷേ, പരിമിത ഓവർ മത്സരങ്ങളിൽ കോഹ്ലിക്ക് പരിമിതികളുണ്ടായിരുന്നു. വളരെ വൈകി അത് തിരിച്ചറിഞ്ഞ ബിസിസിഐ ഗാംഗുലിയെ ബലിനൽകി രോഹിതിനെ ക്യാപ്റ്റൻസി ഏല്പിച്ചു. ഫലം, ഒരു ലോകകപ്പ്.
ഇങ്ങനെ കോഹ്ലിയെ ക്യാപ്റ്റനാക്കിയ അതേ തന്ത്രമാണ് നിലവിലേത്. ടി20യിലെ സ്ഥിരം ക്യാപ്റ്റൻ ഹാർദിക് ആവുമെന്ന് ഏറെക്കുറെ ഉറപ്പാണെങ്കിലും ഇത്തരം യുവാക്കൾ കളിക്കുന്ന ബൈലാട്രൽ സീരീസുകളിലേക്ക് പ്രിൻസ് ഫോർ ദ ത്രോൺ നറേഷനുണ്ടാക്കാൻ ഈ ക്യാപ്റ്റൻസി ബിസിസിഐക്ക് വേണം. സിംബാബ്‌വെ ടൂറിൽ നിന്ന് പരമാവധി പണമുണ്ടാക്കാൻ ബ്രോഡ്കാസ്റ്റർമാർക്കും ഇതാവശ്യമാണ്. ആർസിബിയുടെ മത്സരങ്ങളിൽ ഡുപ്ലെസിക്ക് പകരം കോഹ്ലിയെ കാണിക്കുന്ന ബ്രോഡ്കാസ്റ്റർമാർക്കൊപ്പം ബിസിസിഐ ഉറച്ചുനിൽക്കുന്നു.
ഐപിഎലിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഒരു ടീമിന്റെ ക്യാപ്റ്റനാണ് ഗിൽ. അതും കഴിഞ്ഞ സീസണിൽ റണ്ണേഴ്സ് അപ്പായ അതേ ടീം. ആകെ ഒരു മാറ്റം ഹാർദിക് പാണ്ഡ്യയും ഷമിയും ഇല്ലാത്തതായിരുന്നു. ആ ടീമിനെ പ്ലേ ഓഫിലെത്തിക്കാൻ പോലും ഗില്ലിനു കഴിഞ്ഞില്ല. അതുകൊണ്ട് ഗിൽ ഒരു മോശം ക്യാപ്റ്റനാണെന്നല്ല. നല്ല ക്യാപ്റ്റനാവാനുള്ള ചില ട്രെയ്റ്റുകളുണ്ട്. പക്ഷേ, നിലവിൽ ക്യാപ്റ്റനായി പ്രൂവ് ചെയ്തിട്ടുള്ളവർ ടീമിലുണ്ടായിരിക്കെ ഗില്ലിന് ക്യാപ്റ്റൻസി നൽകുന്നത് മോശമാണ്.
അടുത്ത വർഷത്തെ ചാമ്പ്യൻസ് ട്രോഫി വരെയാവും രോഹിത് ശർമ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കുക. അതിനപ്പുറം രോഹിത് കളിക്കാനിടയില്ല. അപ്പോൾ ഗിൽ ക്യാപ്റ്റനാവും. ടി20യിൽ ഗില്ലിനെക്കാൾ വലിയ സൂപ്പർ സ്റ്റാറാണ് സൂര്യകുമാർ യാദവ്. അതുകൊണ്ട് തന്നെ അവിടെ ക്യാപ്റ്റനാവാൻ ഗിൽ കാത്തിരിക്കേണ്ടിവരും.