Shreyas Iyer: ശ്രേയാസ് അയ്യറിന് കേന്ദ്ര കരാർ നൽകും; തെറ്റ് തിരുത്താനൊരുങ്ങി ബിസിസിഐ
Shreyas Iyer May Get Central Contract: ശ്രേയാസ് അയ്യരിന് ബിസിസിഐ കേന്ദ്ര കരാർ നൽകിയേക്കുമെന്ന് റിപ്പോർട്ട്. ചാമ്പ്യൻസ് ട്രോഫിയിലെ തകർപ്പൻ പ്രകടനങ്ങൾ പരിഗണിച്ചാണ് ബിസിസിഐയുടെ തീരുമാനം. നേരത്തെ, അച്ചടക്ക നടപടിയായാണ് താരത്തെ കേന്ദ്ര കരാറിൽ നിന്ന് പുറത്താക്കിയത്.

ചാമ്പ്യൻസ് ട്രോഫിയിൽ തകർപ്പൻ ഫോമിലുള്ള ശ്രേയാസ് അയ്യറിന് കേന്ദ്ര കരാർ നൽകാനൊരുങ്ങി ബിസിസിഐ. ആഭ്യന്തര മത്സരം കളിച്ചില്ലെന്നാരോപിച്ച് നേരത്തെ ശ്രേയാസ് അയ്യരിൻ്റെ കേന്ദ്ര കരാർ ബിസിസിഐ റദ്ദാക്കിയിരുന്നു. ഇത് തിരുത്തി താരത്തിന് കേന്ദ്ര കരാർ നൽകാനാണ് ബിസിസിഐയുടെ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചാമ്പ്യൻസ് ട്രോഫിയിൽ 48.75 ശരാശരിയിൽ ആകെ 195 റൺസാണ് ഇതുവരെ ശ്രേയാസ് നേടിയത്. ഇതിൽ രണ്ട് അർദ്ധസെഞ്ചുറികളുണ്ട്. ആകെ കളിച്ച നാല് മത്സരങ്ങളിലും 40 റൺസിന് മുകളിൽ സ്കോർ ചെയ്യാൻ ശ്രേയാസിന് സാധിച്ചു. നാലാം നമ്പറിൽ ഏറെ വിശ്വസ്തനായ ഒരു ബാറ്ററായി ശ്രേയാസ് മാറിയിട്ടുണ്ട്. ഷോർട്ട് പിച്ച് പന്തുകളിലെ തൻ്റെ ദൗർബല്യവും ശ്രേയാസ് ഏറെക്കുറെ മറികടന്നു.
ഐപിഎൽ ആരംഭിക്കുന്നതിന് മുന്നോടിയായാണ് സാധാരണയായി ബിസിസിഐ കേന്ദ്ര കരാർ പട്ടിക പുറത്തിറക്കാറുള്ളത്. അതുകൊണ്ട് തന്നെ ഏറെ വൈകാതെ ബിസിസിഐ പുതിയ കരാർ പട്ടിക പുറത്തിറക്കിയേക്കും. നിലവിൽ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, രോഹിത് ശർമ്മ, വിരാട് കോലി എന്നിവരാണ് ഏറ്റവും ഉയർന്ന കേന്ദ്ര കരാറായ എ പ്ലസ് കരാറിൽ ഉള്ളത്. ഇതിൽ ജഡേജ, രോഹിത്, കോലി എന്നിവർ ടി20യിൽ നിന്ന് വിരമിച്ചിരുന്നു. ഇവർ ഇക്കഴിഞ്ഞ ടെസ്റ്റ് മത്സരങ്ങളിൽ മോശം പ്രകടനങ്ങളാണ് നടത്തിയത്. അതുകൊണ്ട് തന്നെ കരാറിൽ മാറ്റമുണ്ടാവുമെന്നാണ് സൂചന. അക്സർ പട്ടേൽ, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവി ബിഷ്ണോയ്, ശുഭ്മൻ ഗിൽ തുടങ്ങിയ താരങ്ങൾ കേന്ദ്ര കരാറിൽ നേട്ടമുണ്ടാക്കിയേക്കും.




ഈ മാസം 9നാണ് ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരം. ന്യൂസീലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. സെമിഫൈനലിൽ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ ഫൈനലിലെത്തിയപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരെ അഞ്ച് വിക്കറ്റിന് വിജയിച്ചാണ് ന്യൂസീലൻഡിൻ്റെ വരവ്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഈ മാസം ഒൻപത് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് മത്സരം ആരംഭിക്കും. പരിക്കേറ്റ കിവീസ് പേസർ മാറ്റ് ഹെൻറി കളിച്ചേക്കില്ല.