IPL Mega Auction 2025: ശ്രേയസ് അയ്യർ ഡബിൾ ഹാപ്പി! ഐപിഎൽ ചരിത്രത്തിലെ മൂല്യമേറിയ താരം, പഞ്ചാബ് സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്
Shreyas Iyer becomes most expensive player in IPL: കഴിഞ്ഞ വർഷം 24.75 കോടി രൂപയ്ക്കാണ് മിച്ചൽ സ്റ്റാർക്കിനെ കൊൽക്കത്ത സ്വന്തമാക്കിയിരുന്നത്. ഈ റെക്കോർഡാണ് ഇപ്പോൾ പഞ്ചാബ് മറികടന്നിരിക്കുന്നത്.
ന്യൂഡൽഹി: ഐപിഎൽ 18-ാം പതിപ്പിന് മുന്നോടിയായുള്ള മെഗാ താരലേലത്തിന്റെ ആദ്യ ദിവസം തന്നെ റെക്കോർഡുകൾ പഴങ്കഥയാകുന്നു. 2 കോടി രൂപ അടിസ്ഥാന വിലയുള്ള ശ്രേയസ് അയ്യരെ റെക്കോർഡ് തുകയ്ക്കാണ് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയിരിക്കുന്നത്. 26.75 കോടിയാണ് അയ്യർക്ക് വേണ്ടി പഞ്ചാബ് ചെലവഴിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലേല തുകയാണിത്. കഴിഞ്ഞ വർഷം 24.75 കോടി രൂപയ്ക്കാണ് മിച്ചൽ സ്റ്റാർക്കിനെ കൊൽക്കത്ത സ്വന്തമാക്കിയിരുന്നത്. ഈ റെക്കോർഡാണ് ഇപ്പോൾ പഞ്ചാബ് മറികടന്നിരിക്കുന്നത്.
കഴിഞ്ഞ വർഷം കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ച നായകനായിരുന്നു ശ്രേയസ് അയ്യർ. പ്രതിഫല തർക്കത്തെ തുടർന്നാണ് താരത്തെ ഫ്രാഞ്ചെെസി റിലീസ് ചെയ്തത്. ലേലത്തിൽ താരത്തെ സ്വന്തമാക്കാൻ കൊൽക്കത്ത നെെറ്റ് റെെഡേഴ്സ്, പഞ്ചാബ് കിംഗ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾ തീവ്രമായി ലേലം വിളിച്ചിരുന്നു. രണ്ട് കോടി അടിസ്ഥാന വിലയില്‍ കെകെആറാണ് മുൻ നായകനെ ടീമിലേക്ക് തിരികെ എത്തിക്കാൻ ആദ്യം രംഗത്തെത്തിയത്. പിന്നാലെ അഞ്ച് കോടി വിളിച്ച് പഞ്ചാബെത്തി.
പിന്നാലെ 10 കോടി വരെ പഞ്ചാബും കൊൽക്കത്തയും മാറി മാറി വിളിച്ചു. ശ്രേയസിന്റെ മൂല്യം 10 കോടി പിന്നിട്ടതോടെ ലേലത്തിൽ നിന്ന് കൊല്‍ക്കത്ത പിന്‍മാറി. പിന്നീടാണ് ഐപിഎൽ 18-ാം പതിപ്പിൽ നായകനെ ആവശ്യമുള്ള ഡല്‍ഹി പഞ്ചാബും ശ്രേയസിനായി വാശിയേറിയ ലേലം വിളി ആരംഭിച്ചത്. ഇരു ടീമുകളും താരത്തിനായി മാറി മാറി ലേലം വിളിച്ചതോടെ ശ്രേയസിന്റെ മൂല്യം ഉയർന്നു.
റെക്കോര്‍ഡ് തുകയായ 25 കോടി പിന്നിട്ടിട്ടും താരത്തെ കെെവിടാൻ ഇരു ടീമുകളും തയാറായില്ല. ഒടുവില്‍ വാശിയേറിയ ലേലത്തിനൊടുവിൽ 26.75 കോടിക്ക് പഞ്ചാബ് കിംഗ്സ് ശ്രേയസിനെ തങ്ങളുടെ സ്ക്വാഡിലേക്ക് എത്തിച്ചു. ഈ സീസണിൽ പഞ്ചാബ് കിംഗ്സിനെ നയിക്കുന്നതും ഒരുപക്ഷേ അയ്യരായിരിക്കും.
ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമെന്ന റെക്കോർഡിനും ശ്രേയസ് അയ്യർ അർഹനായി. 30 കോടി രൂപ പ്രതിഫലം ചോദിച്ചതോടെയാണ് ശ്രേയസിനെ ഒഴിവാക്കാൻ കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് തീരുമാനിച്ചതെനാണ് അഭ്യൂഹം. 2022 ലെ താരലേലത്തിൽ 12.25 കോടി രൂപയ്ക്കാണ് കൊൽക്കത്ത ശ്രേയസ് അയ്യരെ ടീമിലെത്തിച്ചത്. തുടർന്നുള്ള സീസണുകളിലും താരത്തിന് ഇതേ തുകയാണ് പ്രതിഫലമായി നൽകിയിരുന്നത്.
𝙃𝙞𝙨𝙩𝙤𝙧𝙞𝙘 𝙎𝙞𝙜𝙣𝙞𝙣𝙜 𝙐𝙣𝙡𝙤𝙘𝙠𝙚𝙙 🔓
Say hello 👋 to the 𝙈𝙤𝙨𝙩 𝙀𝙭𝙥𝙚𝙣𝙨𝙞𝙫𝙚 𝙋𝙡𝙖𝙮𝙚𝙧 in the history of #TATAIPL 🔝
Punjab Kings have Shreyas Iyer on board for a handsome 𝗜𝗡𝗥 𝟮𝟲.𝟳𝟱 𝗖𝗿𝗼𝗿𝗲#TATAIPLAuction | @ShreyasIyer15 | @PunjabKingsIPL pic.twitter.com/z0A1M9MD1Z
— IndianPremierLeague (@IPL) November 24, 2024
റെക്കോർഡ് തുകയ്ക്ക് പഞ്ചാബിലേക്ക് ചേക്കേറിയത് ശ്രേയസ് അയ്യർക്കും നേട്ടമാണ്. 116 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 3127 റൺസാണ് അയ്യരുടെ സമ്പാദ്യം. മുമ്പ് ഡൽഹി ക്യാപിറ്റൽസിനായി 2015 മുതൽ 2021 വരെയും കൊൽക്കത്തയ്ക്കായി 2022 -2024 സീസണിലും അയ്യർ കളിച്ചിട്ടുണ്ട്.
റിങ്കു സിംഗ്, വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ, ഹർഷിത് റാണ, രമൺദീപ് സിംഗ് എന്നിവരെയാണ് കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് താരലേലത്തിന് മുന്നോടിയായി നിലനിർത്തിയത്. ആറ് താരങ്ങൾക്ക് വേണ്ടി 69 കോടി രൂപയാണ് മുടക്കിയത്. യുവതാരം റിങ്കു സിംഗിന് വേണ്ടിയാണ് കെകെആർ ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത്. 13 കോടി രൂപ മുടക്കിയാണ് റിങ്കു സിംഗിനെ കൊൽക്കത്ത ടീമിൽ നിലനിർത്തിയത്.