Shoaib Akhtar: ‘സേവാഗ് ഭായ്, ഈ തള്ള് മതിയാക്ക്; നോമ്പുകാലമായതുകൊണ്ട് ഞാൻ കൂടുതലൊന്നും പറയുന്നില്ല’: ഷൊഐബ് അക്തർ
Shoaib Akhtar Against Virender Sehwag: വീരേന്ദർ സേവാഗിനെക്കൊണ്ട് താൻ മടുത്തെന്ന് ഷൊഐബ് അക്തർ. ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി അടിച്ചതുമായി ബന്ധപ്പെട്ട തള്ള് നിർത്താനാണ് അക്തർ തൻ്റെ വിഡിയോയിലൂടെ ആവശ്യപ്പെട്ടത്.

ഷൊഐബ് അക്തർ, വീരേന്ദർ സേവാഗ്
ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി അടിച്ചതുമായി ബന്ധപ്പെട്ട് എപ്പോഴും തള്ളുന്നത് മതിയാക്കാൻ ഇന്ത്യയുടെ മുൻ താരം വീരേന്ദർ സേവാഗിനോട് പാക് മുൻ പേസർ ഷൊഐബ് അക്തർ. ഇത് കേട്ട് കേട്ട് മടുത്തെന്നും ഏറ്റവുമധികം തവണ 300 എന്ന് പറഞ്ഞയാളായി സേവാഗിന് ഗിന്നസ് ബുക്കിൽ പ്രവേശിക്കാമെന്നും അക്തർ പറഞ്ഞു. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വിഡിയോയിലാണ് അക്തറിൻ്റെ പ്രതികരണം.
മന്ദിര ബേദി, സാഹിബ ബാലി എന്നിവരുമൊത്ത് സേവാഗ് പ്രത്യക്ഷപ്പെട്ട ഒരു പരസ്യത്തിൽ നിന്നാണ് ഇതിൻ്റെ തുടക്കം. തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ചിത്രത്തിൽ സേവാഗ് ട്രിപ്പിൾ സെഞ്ചുറിയെപ്പറ്റി സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അക്തർ വിമർശനവുമായി രംഗത്തുവന്നത്. “ഞാൻ വിരു പാജിയുടെ ഒരു വീഡിയോ കണ്ടു. അദ്ദേഹത്തിൻ്റെ സംസാരം കേട്ട് ഞാൻ മടുത്തു. കഴിഞ്ഞ 20 വർഷമായി 300, 300,300 എന്നുള്ള സ്ഥിരം പല്ലവിയാണ്. താങ്കൾ ആ 300 അടിച്ചപ്പോൾ ഞാനും അവിടെയുണ്ടായിരുന്നു. താങ്കൾ നന്നായി കളിച്ചു. അതിൽ യാതൊരു സംശയവുമില്ല. പക്ഷേ, ഇത് നോമ്പ് മാസമാണ്. അതൊകൊണ്ട് കൂടുതലൊന്നും പറയാനാവില്ല. ദയവായി ഇത് നിർത്തൂ. ഗിന്നസ് ബുക്കിൽ കയറാനാണെങ്കിൽ ഞാൻ അത് ശരിയാക്കാം, ‘ലോകത്ത് ഏറ്റവുമധികം തവണ 300 എന്ന് പറഞ്ഞയാൾ’ എന്ന റെക്കോർഡിൽ സേവാഗിന് പ്രവേശിക്കാം.ശരിക്കും ഗിന്നസ് ബുക്കിൽ കയറണമെങ്കിൽ എന്നോട് സംസാരിക്കൂ. എൻ്റെ പേരിൽ ശരിക്കും ഒരു ലോക റെക്കോർഡുണ്ട്. അതെന്താണെന്ന് അറിയാമല്ലോ.”- അക്തർ വിഡിയോയിൽ പറഞ്ഞു. തമാശയായാണ് അക്തറിൻ്റെ പ്രതികരണം. അക്തറിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
2004ലാണ് സേവാഗ് ട്രിപ്പിൾ സെഞ്ചുറിയടിച്ചത്. ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറിയടിക്കുന്ന ആദ്യ താരമെന്ന റെക്കോർഡിലാണ് അന്ന് സേവാഗ് എത്തിയത്. ഇന്ത്യയുടെ പാകിസ്താൻ പര്യടനത്തിനിടെ മുൾട്ടാനിൽ വച്ചാന് താരം ഈ റെക്കോർഡ് സ്വന്തമാക്കിയത്. സ്പിന്നർ സഖ്ലൈൻ മുഷ്താക്കിനെതിരെ സിക്സടിച്ചാണ് സേവാഗ് ഈ നേട്ടത്തിലെത്തിയത്. ഷൊഐബ് അക്തറും ഈ പാക് ടീമിനൊപ്പമുണ്ടായിരുന്നു. ഇതിന് ശേഷം സേവാഗ് ഒരു തവണ കൂടി ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടുണ്ട്. സേവാഗിനെക്കൂടാതെ കരുൺ നായരാണ് ഈ നേട്ടത്തിലെത്തിയ രണ്ടാമത്തെ താരം. 2016ൽ ഇംഗ്ലണ്ടിനെതിരെ ചെന്നൈയിൽ വച്ചാണ് താരം 300 കടന്നത്.