Santosh Trophy: സന്തോഷ് ട്രോഫിയിലെ എട്ടാം കിരീടം ലക്ഷ്യമിട്ട് കേരളം, ഫെെനൽ റൗണ്ടിൽ ആദ്യ എതിരാളി ഗോവ
Santosh Trophy Kerala Team: ഗ്രൂപ്പ് മത്സരങ്ങൾക്ക് ശേഷം കാസർകോടും മംഗലാപുരത്തും ഫെെനൽ റൗണ്ടിനായി മികച്ച തയ്യാറെടുപ്പുകൾ നടത്തിയാണ് കേരളാ ടീം ഹൈദരാബാദിലെത്തിയത്.
ഹൈദരാബാദ്: പ്രാഥമികഘട്ടത്തിലെ പോരാട്ടം ഫെെനൽ ഘട്ടത്തിലും തുടരണം.. പരിധിയില്ലാതെ എതിരാളിയുടെ വലകുലുക്കണം, സന്തോഷ് ട്രോഫി ഫെെനൽ റൗണ്ടിനിറങ്ങുന്ന കേരളാ ടീമിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്. സന്തോഷ് ട്രോഫിയിൽ എട്ടാം കിരീടം തേടി ഫെെനൽ റൗണ്ടിൽ ഈ സീസണിൽ ആദ്യമായി പന്തുതട്ടാൻ കേരളം ഇന്നിറങ്ങും. ഗോവയാണ് ആദ്യ മത്സരത്തിൽ കേരളത്തിന്റെ എതിരാളികൾ. രാവിലെ 9 മണിക്ക് ഹെെദരാബാദിലെ ഡെക്കാൻ അരീന ടർഫ് ഗ്രൗണ്ടാണ് വേദി. കഴിഞ്ഞ തവണ അരുണാചൽ പ്രദേശിൽ നടന്ന ടൂർണമെന്റിൽ കേരളം ഗോവയോട് പരാജയപ്പെട്ടിരുന്നു. ഈ തോൽവിക്ക് മറുപടി പറയാൻ കൂടിയാണ് കേരള ടീം നാളെ കളിക്കാനിറങ്ങുക.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന പ്രാഥമിക റൗണ്ട് മത്സരത്തിൽ മൂന്ന് കളികളിൽ നിന്ന് കേരളം അടിച്ച് കൂട്ടിയത് 18 ഗോളുകളാണ്. ഈ ആത്മവിശ്വാസത്തിലാണ് ഫെെനൽ റൗണ്ടിന് കേരളം ഒരുങ്ങുന്നത്. ഗോളുകൾ വഴങ്ങാതെയായിരുന്നു സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടിലെ കേരളത്തിന്റെ ജെെത്രയാത്ര. നായകൻ ജി സഞ്ജു നയിക്കുന്ന പ്രതിരോധനിരയും മിന്നും ഫോമിലാണ്. ഗ്രൂപ്പ് മത്സരങ്ങൾക്ക് ശേഷം കാസർകോടും മംഗലാപുരത്തും ഫെെനൽ റൗണ്ടിനായി മികച്ച തയ്യാറെടുപ്പുകൾ നടത്തിയാണ് കേരളാ ടീം ഹൈദരാബാദിലെത്തിയത്. പെട്ര അക്കാദമിയുടെ സ്‌റ്റേഡിയം ഓഫ് ഹോപിൽ രണ്ട് ദിവസം കേരളാ ടീം പരിശീലനം നടത്തിയിരുന്നു.
മുന്നേറ്റനിരയുടെ പ്രകടനമാണ് കേരളത്തെ എട്ടാം കിരീടമെന്ന സ്വപ്നത്തിലേക്ക് കെെപിടിച്ചു നയിക്കുന്നത്. ഗനി അഹമ്മദ് നിഗം, മുഹമ്മദ് അജ്‌സൽ, ഇ സജീഷ്, ടി ഷിജിൻ എന്നിവർ ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ എതിരാളികൾക്ക് പേടി സ്വപ്നമായി മാറിയിരുന്നു. പ്രാഥമിക റൗണ്ടിൽ അഞ്ച് ഗോളുകളുമായി കേരളാ പൊലീസ് താരം സജീഷ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. നിജോ ഗിൽബർട്ട്, വി അർജുൻ എന്നിവർ നയിക്കുന്ന മധ്യനിരയും കേരളത്തിന് പ്രതീക്ഷകൾ നൽകുന്നു. ഗോൾ പോസ്റ്റിലെ കാവൽ മാലാഖ എസ് ഹജ്‌മലും മികച്ച ഫോമിലാണ്. ബെഞ്ച് സ്ട്രെെങ്ത്തിലും എതിരാളികളെക്കേൾ ബഹുദൂരം മുന്നിലാണ് നമ്മൾ. നിലവിൽ കേരളാ ടീമിനെ പരിക്ക് അലട്ടുന്നില്ല.
സന്തോഷ് ട്രോഫി ടൂർണമെന്റിനായി ബൂട്ട് കെട്ടുന്ന കേരളത്തിന്റെ യുവനിരയിൽ പ്രതീക്ഷ ഏറെയാണെന്നും എട്ടാം കിരീടം നേടാനുള്ള കരുത്ത് ടീമിനുണ്ടെന്നും പരിശീലകൻ ബിബി തോമസ് പറഞ്ഞു. ഗോവയെ കൂടാതെ മേഘാലയ, ഒഡീഷ, ഡൽഹി, തമിഴ്‌നാട് ടീമുകളാണ് കേരളം ഉൾപ്പെടുന്ന ബി ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് എയിൽ സർവീസസ്, ബംഗാൾ, മണിപ്പൂർ, തെലങ്കാന, ജമ്മു കശ്മീർ, രാജസ്ഥാൻ എന്നീ ടീമുകളും ഉൾപ്പെടുന്നു.
ഓരോ ഗ്രൂപ്പിലെയും ആദ്യ നാല് സ്ഥാനക്കാർ ക്വാർട്ടർ ഫെെനലിന് യോഗ്യത നേടും. 26, 27 തീയതികളിലാണ് ക്വാർട്ടർ ഫെെനൽ. 29-ന് സെമി ഫെെനലും 31 ന് ഫെെനലും നടക്കും. സർവ്വീസാണ് നിലവിലെ ചാമ്പ്യന്മാർ.