Sanju Samson: സഞ്ജുവിൻ്റെ ചാമ്പ്യൻസ് ട്രോഫി സ്വപ്നങ്ങൾക്ക് തിരിച്ചടി; കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ പിടിപ്പുകേടെന്ന് വിമർശനം
Sanju Samson In Champions Trophy: സഞ്ജു സാംസൺ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെട്ടേക്കില്ലെന്ന റിപ്പോർട്ടുകളുടെ മുന നീളുന്നത് കേരള ക്രിക്കറ്റ് അസോസിയേഷനിലേക്കാണ്. സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫിയിൽ പരിഗണിക്കാതിരുന്ന കെസിഎ താരത്തിൻ്റെ ഭാവിയാണ് ചോദ്യചിഹ്നമാക്കിയതെന്നാണ് ആക്ഷേപം.
മലയാളി താരം സഞ്ജു സാംസണിൻ്റെ ചാമ്പ്യൻസ് ട്രോഫി സ്വപ്നങ്ങൾക്ക് തിരിച്ചടി ലഭിച്ചെന്നാണ് റിപ്പോർട്ട്. രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവോ ഋഷഭ് പന്തോ എന്നതായിരുന്നു ചോദ്യം. ഈ ചോദ്യത്തിന് പല ക്രിക്കറ്റ് നിരീക്ഷകരും മുൻ താരങ്ങളുമൊക്കെ സഞ്ജു എന്ന ഉത്തരമാണ് നൽകുന്നതും. എന്നാൽ, ഇന്ത്യയിലെ ആഭ്യന്തര ലിസ്റ്റ് എ ടൂർണമെൻ്റായ വിജയ് ഹസാരെ ട്രോഫിയിൽ പങ്കെടുക്കാതിരുന്നത് സഞ്ജുവിന് തിരിച്ചടിയാവുമെന്നാണ് സൂചന. ഇത് കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ പിടിപ്പുകേടാണെന്നും ആരാധകർ കുറ്റപ്പെടുത്തുന്നു.
വിജയ് ഹസാരെ ട്രോഫിയ്ക്ക് മുൻപ് വയനാട്ടിൽ നടത്തിയ ക്യാമ്പിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് സഞ്ജു നേരത്തെ തന്നെ കെസിഎയ്ക്ക് ഇ മെയിൽ അയച്ചിരുന്നു. ഇക്കാര്യം കെസിഎ സ്ഥിരീകരിക്കുകയും ചെയ്തു. ടീം പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിനെ പരിഗണിക്കാത്തതിനുള്ള കാരണമായി കെസിഎ പറഞ്ഞത് ഇതായിരുന്നു. യുഎഇയിലെ പരിശീലനത്തിനിടെ സഞ്ജുവിന് നേരിയ പരിക്കേറ്റെന്ന് ആരാധകർ ചിത്രങ്ങൾ സഹിതം അവകാശപ്പെട്ടു. എന്നാൽ, സഞ്ജുവോ കെസിഎയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രണ്ട് ദിവസങ്ങൾക്ക് ശേഷം വിജയ് ഹസാരെയിലെ ബാക്കി മത്സരങ്ങൾ കളിക്കാൻ തയ്യാറാണെന്ന് സഞ്ജു കെസിഎയെ അറിയിച്ചു. എന്നാൽ, സഞ്ജുവിനെ വീണ്ടും ടീമിൽ പരിഗണിക്കാൻ കെസിഎ തയ്യാറായില്ല. ഇക്കാര്യം വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Also Read : BCCI Guidelines: സ്കൂൾ കുട്ടികളെ നിയന്ത്രിക്കുന്നത് പോലെ താരങ്ങളെ നിയന്ത്രിക്കാൻ ബിസിസിഐ; നിബന്ധനകൾ ഇങ്ങനെ
കാര്യങ്ങൾ ഇവിടെ വരെ എത്തിനിൽക്കുമ്പോഴാണ് ചാമ്പ്യൻസ് ട്രോഫി ടീമിൽ സഞ്ജുവിനെ പരിഗണിച്ചേക്കില്ലെന്നും അതിന് കാരണം കെസിഎ ആണെന്നും റിപ്പോർട്ടുകൾ വന്നുതുടങ്ങിയത്. വിമർശനം ശക്തമായതോടെ കെസിഎ വീണ്ടും പ്രതികരിച്ചു. സഞ്ജു ക്യാമ്പിൽ പങ്കെടുക്കില്ലെന്നറിയിച്ചു എന്നും എന്തുകൊണ്ടാണെന്ന് പറഞ്ഞിരുന്നില്ലെന്നും കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ അറിയിച്ചതായി ഓൺമനോരമ റിപ്പോർട്ട് ചെയ്തു. സഞ്ജുവിനൊപ്പം സച്ചിൻ ബേബിയും വിജയ് ഹസാരെയിൽ കളിക്കില്ലെന്നറിയിച്ചു. സച്ചിൻ ബേബിയ്ക്ക് പരിക്കായിരുന്നു. ഇതോടെ ഇരുവർക്കും പകരം യുവാക്കളെ ടീമിൽ പരിഗണിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് ഓൺ മനോരമയുടെ റിപ്പോർട്ടിലുള്ളത്.
എന്നാൽ, യുവാക്കളെ പരിഗണിച്ച ടീമിൽ 30 വയസുകാരനായ മുഹമ്മദ് അസ്ഹറുദ്ദീനും 38കാരനായ ജലജ് സക്സേനയും 31കാരനായ ബേസിൽ തമ്പിയുമടക്കമുള്ള താരങ്ങൾ കളിച്ചു എന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. യുവാക്കളെ പരിഗണിക്കാനായാണ് സഞ്ജുവിനെ മാറ്റിനിർത്തിയതെന്ന കെസിഎയുടെ വിശദീകരണം തൃപ്തികരമല്ലെന്നും സോഷ്യൽ മീഡിയ ആരോപിക്കുന്നു. ഇതിനൊപ്പം കരൺ ശർമ്മ, ദേവ്ദത്ത് പടിക്കൽ, സന്ദീപ് വാര്യർ തുടങ്ങിയ താരങ്ങൾ മറ്റ് ക്രിക്കറ്റ് അസോസിയേഷനുകൾക്കായി കളിയ്ക്കുന്നതിൻ്റെ കാരണം കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ പിടിപ്പുകേടാണെന്നും സോഷ്യൽ മീഡിയ ആരോപിയ്ക്കുന്നു. എന്നാൽ, സന്ദീപ് വാര്യരാണ് കേരള ക്രിക്കറ്റ് ടീമിൽ കളിച്ചിട്ട് ടീം മാറിയത്. മറ്റ് താരങ്ങൾ കർണാടക ക്രിക്കറ്റ് അസോസിയേഷൻ്റെ തൻ്റെ താരങ്ങളാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും സഞ്ജുവുമായി ബന്ധപ്പെട്ട ഈ വിവാദങ്ങൾക്ക് പിന്നിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ പിടിപ്പുകേടുണ്ടെന്ന് വ്യക്തമാണ്. ദേശീയ ടീമിൽ സ്ഥിരസാന്നിധ്യമായിക്കൊണ്ടിരിക്കുന്ന ഒരു താരത്തെ, ക്യാമ്പിൽ പങ്കെടുത്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ആഭ്യന്തര ടീമിൽ നിന്ന് മാറ്റിനിർത്തുന്നത് ഒരു തരത്തിലും ആ താരത്തിനെ പിന്തുണയ്ക്കുന്നതല്ല.