Sanju Samson : ചികിത്സയ്ക്കിടെ ചിരിച്ചുകൊണ്ട് സഞ്ജുവിന്റെ ‘പോസ്’; ആശുപത്രി ജീവനക്കാര്‍ക്കൊപ്പമുള്ള ചിത്രം വൈറല്‍; ആശംസകളോടെ ആരാധകര്‍
Sanju Samson Viral Photo : തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് അഭ്യൂഹം. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആശംസകളുമായി നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. പരിക്ക് ഭേദമായി എത്രയും വേഗം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തട്ടെയെന്നാണ് ആശംസ. പരിക്കേറ്റ കൈവിരല്‍ ഉയര്‍ത്തിക്കാട്ടി ചികിത്സാ വേഷത്തില്‍ സഞ്ജു ഇരിക്കുന്നതാണ് ചിത്രത്തില്‍

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ കൈവിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലാണ് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ഇതിനിടെ താരത്തിന്റെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആശുപത്രി ജീവനക്കാര്‍ക്കൊപ്പം താരമിരിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്. പരിക്കേറ്റ കൈവിരല്‍ ഉയര്‍ത്തിക്കാട്ടി ചികിത്സാ വേഷത്തില്‍ സഞ്ജു ഇരിക്കുന്നതാണ് ചിത്രത്തില്‍ കാണാനാകുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് അഭ്യൂഹം. എന്തായാലും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. താരത്തിന് ആശംസകളുമായി നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. പരിക്ക് ഭേദമായി എത്രയും വേഗം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തട്ടെയെന്നാണ് ആരാധകരുടെ ആശംസ.
മറക്കാനാഗ്രഹിക്കുന്ന പരമ്പര
ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും അവസരം ലഭിച്ചെങ്കിലും സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. കൊല്‍ത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഗസ് അറ്റ്കിന്‍സണിനെതിരെ ഒരോവറില്‍ 22 റണ്‍സ് നേടിയെങ്കിലും 26 റണ്‍സിന് പുറത്തായി. രണ്ടാം മത്സരത്തില്‍ നേടിയത് ഏഴ് പന്തില്‍ അഞ്ച് റണ്‍സ് മാത്രം. മൂന്നാമത്തേതില്‍ ആറു പന്തില്‍ മൂന്ന്. നാലാം മത്സരത്തില്‍ മൂന്ന് പന്തില്‍ ഒന്ന്. അഞ്ചാം മത്സരത്തില്‍ തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും ഏഴ് പന്തില്‍ 16 റണ്‍സെടുത്ത് പുറത്തായി.
അഞ്ച് മത്സരങ്ങളിലും ഷോര്‍ട്ട് ബോളിലാണ് താരം കുടുങ്ങിയത്. സഞ്ജുവിന്റെ ഷോട്ട് സെലക്ഷനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. അഞ്ചാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിലെ സഹതാരം കൂടിയായ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറിന്റെ പന്ത് കൈവിരലിലിടിച്ചാണ് താരത്തിന് പരിക്കേറ്റ്. പരിക്കേറ്റിട്ടും ക്രീസില്‍ തുടര്‍ന്ന താരം ഒരു ഫോറും സിക്‌സറും നേടിയിരുന്നു.




എന്നാല്‍ ഫീല്‍ഡിംഗിന് ഇറങ്ങിയില്ല. സഞ്ജുവിന് പകരം ധ്രുവ് ജൂറലായിരുന്നു വിക്കറ്റ് കീപ്പര്‍. ഇതോടെയാണ് താരത്തിനേറ്റ പരിക്ക് ഗുരുതരമാണെന്ന് വ്യക്തമായത്. ആറാഴ്ചയോളം താരത്തിന് വിശ്രമം അനിവാര്യമാണെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ അനുമതിയോടെ പരിശീലനം പുനഃരാരംഭിക്കും. സഞ്ജുവിന്റെ മടങ്ങിവരവ് എന്ന് സംഭവിക്കുമെന്ന് വ്യക്തമല്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗോടെ താരം ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തുമെന്നാണ് ആരാധക പ്രതീക്ഷ