Sanju Samson : കെസിഎയുമായുള്ള പോരില്‍ സഞ്ജു കേരളം വിടുമോ? തല പൊക്കിയത് ആരുടെ ഈഗോ? വിവാദങ്ങളുടെ നാള്‍വഴികളിലൂടെ
Sanju Samson KCA controversy : സഞ്ജു കേരളം വിട്ടേക്കുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. സഞ്ജുവിന് തമിഴ്‌നാട്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് അസോസിയേഷനുകളുടെ ഓഫര്‍ ലഭിച്ചുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. വിവാദങ്ങളെക്കുറിച്ച് സഞ്ജു പ്രതികരിച്ചിട്ടില്ല
കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) സഞ്ജു സാംസണും തമ്മിലുള്ള ‘സ്വരചേര്‍ച്ചയില്ലായ്മ’യ്ക്ക് താരത്തിന്റെ ആഭ്യന്തര ക്രിക്കറ്റിലെ കരിയറിനോളം തന്നെ പഴക്കമുണ്ട്. ടീമിന്റെ അനുമതിയില്ലാതെ പുറത്തുപോയതും, ഡ്രസിങ് റൂമില്‍ ബാറ്റ് തല്ലിപ്പൊട്ടിച്ചതുമാണ് പണ്ട് സഞ്ജുവിനെ വിവാദത്തിലാക്കിയത്. എന്നാല്‍ താരത്തിന്റെ പ്രായം പരിഗണിച്ചാണ് കടുത്ത നടപടികളിലേക്ക് കടക്കാത്തതെന്നാണ് അന്ന് കെസിഎ വിശദീകരിച്ചത്. നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പഴയ സംഭവത്തെക്കുറിച്ച് കെസിഎ വീണ്ടും ആവര്‍ത്തിച്ചു. മുംബൈയില്‍ നടന്ന രഞ്ജി ട്രോഫിക്കിടെ ഡ്രസിങ് റൂമില്‍ ബാറ്റ് വലിച്ചെറിഞ്ഞതിന് ശേഷം, മത്സരം നടക്കുന്നതിനിടെ ടീമിനെ അറിയിക്കാതെ സഞ്ജു ബീച്ചില്‍ പോയി ഇരുന്നുവെന്നും, അന്ന് മാച്ച് റഫറി റിപ്പോര്‍ട്ട് ചെയ്തിട്ടും അസോസിയേഷന്‍ താരത്തെ പിന്തുണച്ചിരുന്നുവെന്നും കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ രഞ്ജി ട്രോഫി സീസണിനിടെയും, താരം അസോസിയേഷനെ അറിയിക്കാതെ ദുബായിക്ക് പോയെന്നും ജയേഷ് ആരോപിച്ചു. അന്വേഷിച്ചപ്പോഴാണ് മെഡിക്കല്‍ എമര്‍ജന്‍സിയുണ്ടെന്ന് പറഞ്ഞത്. എന്നാല്‍ എന്താണ് മെഡിക്കല്‍ എമര്‍ജന്‍സിയെന്ന് പറഞ്ഞില്ല. അതിന് ശേഷം കായികക്ഷമത വീണ്ടെടുത്തോയെന്നും പറഞ്ഞിട്ടില്ല. എന്നിട്ടും താരത്തെ അസോസിയേഷന്‍ പിന്തുണച്ചുവെന്നും ജയേഷ് പറഞ്ഞു. ഇതിന് മുമ്പ് വയനാട്ടില്‍ ഒരു ക്യാമ്പ് താരം ഒഴിവാക്കിയിരുന്നുവെന്നാണ് കെസിഎയുടെ ആരോപണം.
ബാറ്റ് വലിച്ചെറിഞ്ഞ് കുഴപ്പത്തില്‍ ചാടി
സഞ്ജു ഡ്രസിങ് റൂമില്‍ ബാറ്റ് വലിച്ചെറിഞ്ഞത് അന്ന് ഏറെ ചര്‍ച്ചയായ വിവാദമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അസോസിയേഷനെ ചോദ്യം ചെയ്തതിന് സഞ്ജുവിന്റെ പിതാവ് സാംസണ്‍ വിശ്വനാഥിനെ കെസിഎ വിലക്കിയിരുന്നു. എന്നാല്‍ താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയില്ലെന്നായിരുന്നു സഞ്ജുവിന്റെ പിതാവിന്റെ പ്രതികരണം.
ഡ്രസിങ് റൂം വിവാദത്തെക്കുറിച്ച് ഒരിക്കല്‍ സഞ്ജുവും ഒരു അഭിമുഖത്തിനിടെ മനസ് തുറന്നിരുന്നു. തുടര്‍ച്ചയായി ഫോം ഔട്ടായതിന്റെ നിരാശയിലാണ് അന്ന് ബാറ്റ് വലിച്ചെറിഞ്ഞതെന്നും, അത് സ്വഭാവികമായ വികാരപ്രകടനം മാത്രമാണെന്നുമായിരുന്നു സഞ്ജുവിന്റെ വിശദീകരണം. ഡ്രസിങ് റൂമില്‍ എല്ലാ താരങ്ങളും നിരാശ പ്രകടമാക്കാറുണ്ട്. താന്‍ ഒന്നല്ല 10 ബാറ്റെങ്കിലും എറിഞ്ഞിട്ടുണ്ടെന്നും സഞ്ജു ഒരിക്കല്‍ പ്രതികരിച്ചിരുന്നു. അന്നത്തെ സംഭവങ്ങള്‍ തെറ്റായ രീതിയിലാണ് പുറത്തുവന്നതെന്നും സഞ്ജു വ്യക്തമാക്കി.
കത്ത് തിരിച്ചടിച്ചു
2018ല്‍ ടീമിന്റെ നായകനായിരുന്ന സച്ചിന്‍ ബേബിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കത്തില്‍ ഒപ്പിട്ടതിന് സഞ്ജുവടക്കം 13 താരങ്ങള്‍ക്കെതിരെ കെസിഎ അന്ന് നടപടിയെടുത്തിരുന്നു. സഞ്ജുവിനെ കൂടാതെ വി.എ. ജഗദീഷ്, എം.ഡി. നിധീഷ്, അഭിഷേക് മോഹന്‍, കെ.സി. അക്ഷയ്, ഫാബിദ് ഫാറൂഖ്, സല്‍മാന്‍ നിസാര്‍, സിജോമോന്‍ എന്നിവര്‍ക്ക് മൂന്ന് ദിവസത്തെ മാച്ച് ഫീസ് പിഴശിക്ഷയായി കെസിഎ വിധിക്കുകയായിരുന്നു. റെയ്ഫ് വിന്‍സന്റ് ഗോമസ്, രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍, കെ.എം. ആസിഫ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവര്‍ക്ക് അന്ന് സസ്‌പെന്‍ഷനും ലഭിച്ചു.
വിജയിക്കുമ്പോള്‍ സ്വന്തം നേട്ടമായി മാറ്റുകയും, പരാജയപ്പെടുമ്പോള്‍ സഹതാരങ്ങളെ പഴിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ഇവര്‍ സച്ചിന്‍ ബേബിക്കെതിരെ അന്ന് ഉന്നയിച്ച ആരോപണം. കത്തില്‍ ഒപ്പുവച്ച താരങ്ങളെ വിളിച്ചുവരുത്തി കെസിഎ വിശദീകരണം തേടിയിരുന്നു. പി. രാഹുല്‍, വിഷ്ണു വിനോദ് തുടങ്ങിയ ചുരുക്കം താരങ്ങള്‍ മാത്രമായിരുന്നു അന്ന് കത്തില്‍ ഒപ്പു വയ്ക്കാതിരുന്നത്.
വീണ്ടും തലപൊക്കി വിവാദം
പിന്നീട് ഏറെ കാലം കെസിഎയുമായി ബന്ധപ്പെട്ട് സഞ്ജു വിവാദങ്ങളില്‍ അകപ്പെട്ടിരുന്നില്ല. ഒടുവില്‍ വിജയ് ഹസാരെ ട്രോഫിക്കുള്ള ക്യാമ്പില്‍ പങ്കെടുക്കാതിരുന്നതോടെ പഴയതും, പുതിയതുമായ വിവാദങ്ങള്‍ വീണ്ടും തലപൊക്കി. ക്യാമ്പിന് താന്‍ ഉണ്ടാകില്ലെന്ന ഒറ്റ വരി മെയില്‍ മാത്രമാണ് സഞ്ജു കെസിഎയ്ക്ക് അയച്ചതെന്നാണ് ജയേഷ് ജോര്‍ജ് പറയുന്നത്. അസോസിയേഷന്‍ സഞ്ജുവിനൊപ്പം നില്‍ക്കണമെന്നായിരുന്നു മുന്‍താരം ശ്രീശാന്ത് പ്രതികരിച്ചത്. ഒരു താരത്തെ ഇല്ലാതാക്കാന്‍ എളുപ്പമാണെന്നും, വളര്‍ത്തിക്കൊണ്ടുവരാനാണ് പാടെന്നും ശ്രീശാന്ത് ആഞ്ഞടിച്ചു.
സഞ്ജുവിനെ ക്രൂശിക്കരുത്. എല്ലാവരും സഞ്ജുവിന് വേണ്ടി സംസാരിക്കണം. തുടര്‍ച്ചയായ മത്സരങ്ങള്‍ക്ക് ശേഷം അനിവാര്യമായ ബ്രേക്കാണ് സഞ്ജു എടുത്തത്. ഇത്രയും പരിചയസമ്പത്തും സീനിയറുമായ സഞ്ജുവിന് അസോസിയേഷന്‍ പരിഗണന നല്‍കണമായിരുന്നു. സഞ്ജുവിനെ പോലൊരു താരം കളിക്കാന്‍ തയ്യാറാണെന്ന് അറിയിക്കുമ്പോള്‍ ടീമിലെടുക്കണമായിരുന്നുവെന്നും ശ്രീശാന്ത് വ്യക്തമാക്കി. മീഡിയ വണ്‍ ചാനലിനോടായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം.
ഇതേ കാര്യങ്ങള്‍ തന്നെയാണ് സഞ്ജുവിന്റെ ആരാധകരും പറയുന്നത്. ക്യാമ്പില്‍ പങ്കെടുക്കാത്ത താരങ്ങളും വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചുവെന്ന ആരോപണങ്ങളും ഇതിനിടെ ഉയരുന്നുണ്ട്. ഈ ആരോപണം ഉന്നയിച്ചവരില്‍ ഒരാള്‍ സഞ്ജുവിന്റെ പിതാവാണ്. സഞ്ജുവിനെ ഒഴിവാക്കാന്‍ നേരത്തെ തന്നെ തീരുമാനമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സഞ്ജുവിന്റെ പിതാവ് അടക്കം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയെങ്കില്‍ അത് തീര്‍ച്ചയായും കെസിഎയെ സംശയനിഴലില്‍ നിര്‍ത്തും.
തല പൊക്കിയത് ആരുടെ ഈഗോ?
ക്രിക്കറ്റ് അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ ഈഗോ കാരണം സഞ്ജുവിന്റെ കരിയര്‍ തകരുന്നുവെന്നായിരുന്നു ശശി തരൂര്‍ എംപിയുടെ വിമര്‍ശനം. തങ്ങള്‍ക്ക് ഈഗോയുണ്ടായിരുന്നെങ്കില്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു ഉള്‍പ്പെടില്ലെന്നാണ് കെസിഎയുടെ ന്യായീകരണം. വിജയ് ഹസാരെ ട്രോഫിയിലെ പങ്കാളിത്തം നോക്കി മാത്രമല്ല ചാമ്പ്യന്‍സ് ട്രോഫിക്ക് തിരഞ്ഞെടുക്കുന്നതെന്നും, അങ്ങനെയെങ്കില്‍ കരുണ്‍ നായര്‍ ടീമില്‍ ഉള്‍പ്പെടില്ലേയെന്നുമാണ് ജയേഷ് ജോര്‍ജിന്റെ മറുചോദ്യം. എന്തായാലും നിലവിലെ സംഭവവികാസങ്ങള്‍ സഞ്ജുവിനെ എങ്ങനെയൊക്കെ ബാധിക്കുമെന്നതിലാണ് ആരാധകരുടെ ആശങ്ക.
സഞ്ജു കേരളം വിടുമോ
സംഭവത്തില്‍ ബിസിസിഐയും അന്വേഷണത്തിനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ടി20 ടീമിലെ സഞ്ജുവിന്റെ സ്ഥാനത്തിന് മേല്‍ ഇത് കരിനിഴല്‍ വീഴ്ത്തുമോയെന്നാണ് ചോദ്യം. സഞ്ജുവിനെ പോലൊരു സീനിയര്‍ താരത്തിന് കെസിഎയ്ക്ക് അല്‍പം വിട്ടുവീഴ്ചയാകാമായിരുന്നുവെന്നതില്‍ സംശയമില്ല.
ഇതിനിടെ സഞ്ജു കേരളം വിട്ടേക്കുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. സഞ്ജുവിന് തമിഴ്‌നാട്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് അസോസിയേഷനുകളുടെ ഓഫര്‍ ലഭിച്ചുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. വിവാദങ്ങളെക്കുറിച്ച് നിലവില്‍ സഞ്ജു പ്രതികരിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് താരം. ടി20 പരമ്പരയിലെ മികച്ച പ്രകടനത്തോടെ സഞ്ജു വിമര്‍ശകര്‍ക്ക് ചുട്ട മറുപടി നല്‍കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.