Sanju Samson : രാജ്‌കോട്ടില്‍ നിര്‍ണായകം, ട്രാക്ക് മാറ്റി സഞ്ജു; ഇംഗ്ലണ്ട് പേസിനെ നേരിടാന്‍ ‘വെറൈറ്റി’ പരിശീലനം
Sanju Samson Training : ചെന്നൈയില്‍ ഏഴ് പന്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ആര്‍ച്ചറുടെ പന്തിലാണ് സഞ്ജുവിന് പിഴച്ചത്. രാജ്‌കോട്ടില്‍ മികച്ച പ്രകടനം നടത്തേണ്ടത് ടീമിലെ സ്ഥാനം ഉറപ്പിക്കാന്‍ സഞ്ജുവിന് അനിവാര്യമാണ്. രാജ്‌കോട്ടില്‍ പ്ലെയിങ് ഇലവനില്‍ സഞ്ജു ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. മൂന്നാം ടി20യിലും പിഴച്ചാല്‍ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ സഞ്ജുവിന്റെ സ്ഥാനത്തിന് ഇളക്കം തട്ടിയേക്കാം

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ മൂന്നാം മത്സരം നാളെ രാജ്‌കോട്ടില്‍ നടക്കും. വൈകിട്ട് ഏഴിനാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ആത്മവിശ്വാസത്തിലാണ്. രാജ്‌കോട്ടിലും ജയിച്ച് അഞ്ച് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കുകയാകും ലക്ഷ്യം. മറുവശത്ത്, ഇംഗ്ലണ്ടിന് നാളെ ആശ്വാസ ജയം കണ്ടെത്തിയേ തീരൂ. പരമ്പരയില്‍ ഇനി പ്രതീക്ഷ വയ്ക്കണമെങ്കില്‍ രാജ്‌കോട്ടിലെ ജയം ഇംഗ്ലണ്ടിന് അനിവാര്യമാണ്. രാജ്‌കോട്ടിലെ മത്സരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനും നിര്‍ണായകമാണ്.
പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ താരത്തിന് ഇതുവരെ സാധിച്ചിട്ടില്ല. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ മികച്ച തുടക്കം ലഭിച്ചിട്ടും താരത്തിന് അത് മുതലാക്കാനായില്ല. ഗസ് അറ്റ്കിന്‍ണിന്റെ ഒരോവറില്‍ 22 റണ്‍സ് നേടിയെങ്കിലും, ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ അറ്റ്കിന്‍സണ് ക്യാച്ച് നല്‍കി താരം പുറത്തായി. 20 പന്തില്‍ 26 റണ്‍സ് മാത്രമാണ് നേടാനായത്.
ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ഏഴ് പന്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഇത്തവണയും ആര്‍ച്ചറുടെ പന്തിലാണ് സഞ്ജുവിന് പിഴച്ചത്. അതുകൊണ്ട് തന്നെ രാജ്‌കോട്ടില്‍ മികച്ച പ്രകടനം നടത്തേണ്ടത് ടീമിലെ സ്ഥാനം ഉറപ്പിക്കാന്‍ സഞ്ജുവിന് അനിവാര്യമാണ്. രാജ്‌കോട്ടില്‍ പ്ലെയിങ് ഇലവനില്‍ സഞ്ജു ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ മൂന്നാം ടി20യിലും പിഴച്ചാല്‍ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ സഞ്ജുവിന്റെ സ്ഥാനത്തിന് ഇളക്കം തട്ടിയേക്കാം.




Read Also : അല്ല പിന്നെ ! പത്മശ്രീ കിട്ടിയതിന് രോഹിതിന് നന്ദി പറയണമെന്ന് ആരാധകന്‍; കണക്കിന് കൊടുത്ത് അശ്വിന്‍
ഇംഗ്ലണ്ടിന്റെ പേസ് നിരയെ, പ്രധാനമായും ആര്‍ച്ചറിനെ നേരിടാന്‍ വമ്പന്‍ തയ്യാറെടുപ്പിലാണ് സഞ്ജു. തിങ്കളാഴ്ച സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ താരം മികച്ച രീതിയില്‍ പരിശീലനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. മറ്റ് ടീമംഗങ്ങള്‍ പരിശീലനത്തിന് എത്തും മുമ്പേ സഞ്ജു ഗ്രൗണ്ടിലെത്തിയെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബാറ്റിംഗ് പരിശീലകൻ സിതാൻഷു കൊട്ടക്കും ത്രോഡൗൺ സ്പെഷ്യലിസ്റ്റുകളും സഞ്ജുവിന് ഒപ്പമുണ്ടായിരുന്നു. സിമന്റഡ് പിച്ചില്‍ 45 മിനിറ്റോളം പരിശീലനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. പുള്‍, ഹുക്ക് ഷോട്ടുകള്‍ മെച്ചപ്പെടുത്താന്‍ പ്ലാസ്റ്റിക് പന്തിലും പരിശീലനം നടത്തി. റാമ്പ്, കട്ട് ഷോട്ടുകളും അദ്ദേഹം പരിശീലിച്ചു. നെറ്റ്‌സിലെ പരിശീലനത്തിന് ശേഷം, അതിന് പുറത്തും സഞ്ജു 30 മിനിറ്റോളം ബാറ്റ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, പരിക്കുകളാണ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ വലയ്ക്കുന്നത്. പരിക്കേറ്റ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പരമ്പര നഷ്ടമാകും. റിങ്കു സിംഗിന് മൂന്നാം മത്സരത്തിലും കളിക്കാനാകില്ല. എന്നാല്‍ താരത്തിന് അവസാന രണ്ട് മത്സരങ്ങളില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷ. നിതീഷിന് പകരം ശിവം ദുബെയെയും, റിങ്കുവിന് പകരം രമണ്‍ദീപ് സിംഗിനെയും ടീമില്‍ ഉള്‍പ്പെടുത്തി.