5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: ‘അന്ന് ​ഗൗതം ​ഗംഭീറിന്റെ മുഖത്ത് പോലും നോക്കാൻ മടിച്ചു’; തുറന്നുപറച്ചിലുമായി സഞ്ജു സാംസൺ

Sanju Samson Performance: ടി20 നായകൻ സൂര്യകുമാർ യാദവുമായി തനിക്ക് അടുത്ത ആത്മബന്ധമാണ് ഉള്ളതെന്നും സഞ്ജു പറഞ്ഞു. ജൂനിയർ തലം മുതൽ തങ്ങളൊരുമിച്ച് ക്രിക്കറ്റ് കളിക്കുന്നവരാണെന്നും താരം കൂട്ടിച്ചേർത്തു.

Sanju Samson: ‘അന്ന് ​ഗൗതം ​ഗംഭീറിന്റെ മുഖത്ത് പോലും നോക്കാൻ മടിച്ചു’; തുറന്നുപറച്ചിലുമായി സഞ്ജു സാംസൺ
Image Credits: PTI
athira-ajithkumar
Athira CA | Published: 23 Oct 2024 15:55 PM

ബം​ഗ്ലാദേശിനെതിരെ ടി20 പരമ്പര ആദ്യ രണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയക്കാൻ സാധിക്കാതെ വന്നതോടെ പരിശീലകൻ ​ഗൗതം ​ഗംഭീറിനെ അഭിമുഖീകരിക്കാൻ തനിക്ക് മടിയായിരുന്നെന്ന് മലയാളി താരം സഞ്ജു സാംസൺ. മോശം പ്രകടനം കാഴ്ച വച്ചതോടെ തനിക്ക് പരിശീലകന്റെ മുഖത്ത് നോക്കാൻ പോലും സാധിച്ചിരുന്നില്ലെന്ന് മാധ്യമപ്രവർത്തകൻ വിമൽകുമാറിന് നൽകിയ അഭിമുഖത്തിൽ സഞ്ജു പറഞ്ഞു. അത്രമേൽ പിന്തുണയ്ക്കുന്ന പരിശീലകനോട്, അദ്ദേഹ​ത്തിന്റെ പ്രതീക്ഷകൾ തെറ്റല്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം തനിക്കുണ്ടെന്നുള്ള തിരിച്ചറിവാണ് ഹെെദരാബാദിലെ പ്രകടനത്തിന് പിന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

“ഒരു പരിശീലകനും താരവും തമ്മിലുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാൻ കരുതുന്നു. പരിശീലകൻ നിങ്ങളുടെ കഴിവിൽ വിശ്വാസമർപ്പിക്കുന്നു. മികച്ച പ്രകടനം കാഴ്ചവച്ച് ആ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഹെെദരാബാദിൽ ​ഗൗതം ഭായിക്ക് മുന്നിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്ന് ഞാൻ ആ​ഗ്രഹിച്ചു. കാരണം അദ്ദേഹം എന്നിൽ വിശ്വാസമർപ്പിച്ച് തുടർച്ചയായി അവസരങ്ങൾ നൽകി. ആ തീരുമാനം തെറ്റല്ലെന്ന് തെളിയിക്കേണ്ടത് എന്റെ ആവശ്യമായിരുന്നു.

“ബംഗ്ലാദേശിന് എതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ എനിക്ക് മികച്ച റൺസ് നേടാനായില്ല. മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ ​ഗൗതം ഭാ​​ഗിയുടെ മുഖത്തു നോക്കുന്നതും നേർക്കുനേർ വരുന്നതും എന്നിൽ ബുദ്ധിമുട്ടുണ്ടാക്കി. പക്ഷേ എന്റെ സമയം വരുമെന്ന് ഞാൻ ഉറച്ചുവിശ്വസിച്ചു. ഹൈദരാബാദിൽ സെഞ്ച്വറി നേടിയപ്പോൾ ​ഗൗതം ഭായ് കെെയടിച്ചപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നിയെന്നും സഞ്ജു അഭിമുഖത്തിൽ പറഞ്ഞു.

ടി20 നായകൻ സൂര്യകുമാർ യാദവുമായി തനിക്ക് അടുത്ത ആത്മബന്ധമാണ് ഉള്ളതെന്നും സഞ്ജു തുറന്നു പറഞ്ഞു. ” ഞാനും സൂര്യയും ജൂനിയർ തലം മുതൽ ഒരുമിച്ച് ക്രിക്കറ്റ് കളിച്ച് വളർന്നവരാണ്. ബിപിസിഎല്ലിന് വേണ്ടിയും ഞങ്ങൾ ഒരുമിച്ച് ക്രീസിലിറങ്ങാറുണ്ട്. ക്രിക്കറ്റിനെ കുറിച്ച് ഒരുപാട് സംസാരിച്ച് സമയം ചെലവഴിക്കുന്നവരാണ് ഞങ്ങൾ. അതിനാൽ, ഞങ്ങൾക്കിടയിൽ ഒരു ആത്മബന്ധവും സൗഹൃദവും ഉടലെടുത്തിട്ടുണ്ട്.

സൂര്യയ്ക്ക് എന്റെയും എനിക്ക് സൂര്യയുടെയും കളിയോടുള്ള സമീപനത്തെ കുറിച്ച് നന്നായി അറിയാം. ഇന്ന് കാണുന്ന നമ്പർ വൺ താരത്തിലേക്ക് എങ്ങനെയാണ് എത്തിയതെന്നും എനിക്കറിയാം. പ്രതിസന്ധി ഘട്ടങ്ങളിൽ പതറാതെ അവൻ നടത്തിയ പോരാട്ടവും കഠിനാധ്വാനവും എനിക്കറിയാം. ഒരു ബാറ്റർ എന്ന നിലയിൽ അവൻ നേടിയ അം​ഗീകാരങ്ങളോട് എനിക്ക് ആദ​രവും ബഹുമാനവുമാണ് ഉള്ളത്. ടി20യിൽ സൂര്യ നായകനായതോടെ ആ ആദരവും ബഹുമാനവും ഒന്നു കൂടി വർദ്ധിച്ചു. സ്ഥിരതയാർന്ന പ്രകടനങ്ങൾ അവൻ എങ്ങനെയാണ് കാഴ്ചവയ്ക്കുന്നതെന്ന് അറിയാൻ ഞാൻ ​ശ്രമിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ഞങ്ങളിരുവരും ഒരുപാട് സംസാരിച്ചിട്ടുമുണ്ട്.- സഞ്ജു പറഞ്ഞു.

ബം​ഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ 47 പന്തിൽ നിന്നാണ് സ‍ഞ്ജു 111 റൺസ് സ്വന്തമാക്കിയത്. 11 ഫോറുകളും 8 സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിം​ഗ്സ്. ടി20 ഇന്ത്യൻ ബാറ്റർ നേടുന്ന ഏറ്റവും വേഗത്തിലുള്ള 2-ാമതെ സെഞ്ച്വറി, ടി20യിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ നേടുന്ന ഏറ്റവും ഉയർന്ന റൺസ് എന്നീ നേട്ടങ്ങളും മലയാളി താരത്തെ തേടിയെത്തിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അടുത്ത മാസം നടക്കുന്ന പരമ്പരയിൽ സഞ്ജു ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.