Sanju Samson And Sreesanth: നോക്കൂ.. ഇതാരാണെന്ന് നോക്കൂ.. സാക്ഷാൽ സഞ്ജു സാംസൺ! കണ്ടുമുട്ടലിന്റെ വീഡിയോ പങ്കുവച്ച് എസ് ശ്രീശാന്ത്
Sanju Samson And Sreesanth Video: ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനായി സഞ്ജു കളിച്ചിരുന്നു. സഞ്ജുവിന്റെ നേതൃത്വത്തിലാണ് കേരള ടീം ടൂർണമെന്റിനിറങ്ങിയത്.
ദുബായ്: സഞ്ജു സാംസജും എസ് ശ്രീശാന്തും മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരങ്ങളാണ്. ഇന്ത്യൻ ക്രിക്കറ്റിൽ കേരളത്തിന്റെ കയ്യൊപ്പ് പതിപ്പിച്ചവർ. ഒരു കാലത്ത് ശ്രീശാന്തിനായി ആർത്തുവിളിച്ച മലയാളികൾ ഇന്ന് സഞ്ജുവിനായി കരാഘോഷം മുഴക്കുകയാണ്. എസ് ശ്രീശാന്തും സഞ്ജുവും കണ്ടുമുട്ടിയാൽ എങ്ങനെയിരിക്കും ? ഇരുവരും തമ്മിലുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറൽ.
ദുബായിൽ വച്ച് ഇരുവരും കണ്ടുമുട്ടുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത് എസ് ശ്രീശാന്താണ്. സഞ്ജു തന്നെ കാണാൻ വരുന്നതിന്റെ ചിത്രങ്ങളാണ് വീഡിയോയിൽ ഉള്ളത്. നോക്കൂ.. ഇതാരാണെന്ന് നോക്കൂ.. സാക്ഷാൽ സഞ്ജു സാംസൺ. എന്ന് പറഞ്ഞ് സഞ്ജുവിനെ പരിചയപ്പെടുത്തുന്ന വീഡിയോയാണ് ശ്രീശാന്ത് പങ്കുവച്ചിരിക്കുന്നത്. ദൂരെ നിന്ന് വരുന്ന സഞ്ജുവിന്റെ അടുത്തേക്ക് ശ്രീശാന്ത് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി കൊണ്ട് അടുത്ത് ചെല്ലുന്നതാണ് രംഗം.
‘‘നോക്കൂ, ഇതാരാണെന്നു നോക്കൂ. സാക്ഷാൽ സഞ്ജു സാംസൺ അതാ. നോക്കൂ. സഞ്ജു, സഞ്ജു.. സഞ്ജു എന്റെ കൂട്ടുകാരൻ അഭിഷേകിനെ പരിചയപ്പെടുകയാണ്. സഞ്ജു, സഞ്ജു… സഞ്ജു എന്താ ഇവിടെ ? എന്ന ശ്രീശാന്തിന്റെ ചോദ്യത്തിന് മറുപടി ഇങ്ങനെ.. ഞാൻ ചേട്ടൻ വിളിച്ചിട്ട് വന്നതാ. പിന്നാലെ വീഡിയോ ഓഫ് ചെയ്യാൻ ചെറുചിരിയോടെ സഞ്ജു ആംഗ്യം കാണിക്കുന്നുണ്ടെങ്കിലും പിന്നാലെ വീഡിയോ സെൽഫി മോഡിലേക്ക് മാറ്റുന്നുണ്ട്. സെൽഫി മോഡിലേക്ക് മാറ്റിയ വീഡിയോയിൽ ശ്രീശാന്തിനെ കെട്ടിപിടിച്ചു നിൽക്കുന്ന സഞ്ജുവിനെയും നിറചിരിയോടെ സന്തോഷം പങ്കിടുന്ന ഇവരെയും കാണാം.
സഞ്ജുവിനെ കണ്ടതിലെ സന്തോഷം അടിക്കുറിപ്പോടെയാണ് ശ്രീ പങ്കുവച്ചിരിക്കുന്നത്. ‘‘സഞ്ജു, ദെെവാനുഗ്രഹം എന്നും നിനക്കൊപ്പമുണ്ടാകട്ടെ. എന്നും തിളങ്ങുന്ന മികച്ച പ്രകടനം പുറത്തെടുക്കാൻ നിനക്കു സാധിക്കട്ടെ. നിന്റെ സ്വന്തം ശെെലിയിൽ ബാറ്റിംഗിലും കീപ്പിംഗിലും മികച്ച പ്രകടനം കാഴ്ചവച്ച് പ്രത്യേകിച്ച് മലയാളികളെയും ഇന്ത്യക്കാരെയും ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന ഓരോരുത്തരെയും നീ അഭിമാനപൂരിതരാക്കുക. ഇനിയും വളർന്നു കൊണ്ടേയിരിക്കുക, പ്രകടനം കൊണ്ട് തിളങ്ങുക, ഉത്തേജിതനാകുക. ആകാശത്തിന് അതിരുകളില്ലെന്നാണ് ശ്രീശാന്ത് കുറിച്ചിരിക്കുന്നത്.
View this post on Instagram
“>
നിങ്ങൾ രണ്ട് പേരും ഞങ്ങളുടെ ലെജൻഡ്സാണ്, മലയാളികൾക്ക് മറക്കാൻ പറ്റാത്ത 2 മുതലുകൾ, ശ്രീ, താങ്കൾ ഇല്ലായിരുന്നെങ്കിൽ സഞ്ജു കേരള ടീമിന് വേണ്ടി മാത്രം കളിക്കുന്ന ഒരു പ്ലേയർ ആയി മാറിയേനെ തുടങ്ങിയ നിരവധി കമന്റുകളാണ് ആരാധകർ പോസ്റ്റിന് താഴെ പങ്കുവയ്ക്കുന്നത്.
ശ്രീശാന്തിന് ശേഷം ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിൽ പങ്കാളിയാകുന്ന മലയാളി താരമാണ് സഞ്ജു. മലയാളി ടീമിലുണ്ടെങ്കിൽ കിരീടം ലഭിക്കുമെന്ന ചൊല്ല് അനശ്വരമാക്കിയ പ്രതിഭ. വിരാട് കോലിയും രോഹിത് ശർമ്മയും രവീന്ദ്ര ജഡേജയും ടി20യിൽ നിന്ന് വിരമിച്ചപ്പോൾ അവസരം കിട്ടിയ താരമാണ് സഞ്ജു. ഗൗതം ഗംഭീർ പരിശീലക സ്ഥാനം ഏറ്റെടുത്തതോടെ സഞ്ജു ടി20 ടീമിലെ സ്ഥിര സാന്നിധ്യമായി മാറി. ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കക്കുമെതിരായ പരമ്പരകളിൽ സെഞ്ച്വറി നേടി.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനായി സഞ്ജു കളിച്ചിരുന്നു. സഞ്ജുവിന്റെ നേതൃത്വത്തിലാണ് കേരള ടീം ടൂർണമെന്റിനിറങ്ങിയത്. ടൂർണമെന്റിൽ ആറിൽ അഞ്ച് മത്സരങ്ങളിലും ജയിച്ചെങ്കിലും നോക്കൗട്ടിലേക്ക് മുന്നേറാൻ കേരളത്തിന് സാധിച്ചില്ല. ഐപിഎൽ പരിശീലനത്തിന്റെ ഭാഗമായാണ് താരം ദുബായിൽ ഉള്ളതെന്നാണ് വിവരം.