5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Happy Birthday Sanju Samson: മലയാളികളുടെ ക്രിക്കറ്റ് സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ചവൻ; സഞ്ജു സാംസണ് 30-ാം ജന്മദിനം

Sanju Samson: സാസംസണിന്റെയും ലിജിയുടെയും മകനായി 1994 നവംബർ 11-ന് വിഴിഞ്ഞത്താണ് സഞ്ജു വിശ്വനാഥ് സാംസണിന്റെ ജനനം.

Happy Birthday Sanju Samson: മലയാളികളുടെ ക്രിക്കറ്റ് സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ചവൻ; സഞ്ജു സാംസണ് 30-ാം ജന്മദിനം
Sanju Samson (Image Credits: PTI)
athira-ajithkumar
Athira CA | Published: 10 Nov 2024 21:10 PM

മലയാളികളുടെ അഭിമാനമായി മാറിയ സഞ്ജു സാംസണ് 30-ാം ജന്മദിനം. കേരളത്തിൽ നിന്ന് കളിച്ചു വളർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി മാറിയ ഇന്ത്യൻ ടീമിന്റെ സ്വന്തം മലയാളി ക്രിക്കറ്റർ. സ്വതസിദ്ധമായ ശെെലിയിലുള്ള ബാറ്റിം​ഗ്. വിക്കറ്റ് കീപ്പറെന്ന നിലയിലും ശ്രദ്ധേയമായ പ്രകടനം. ​ഗ്ലൗസ് അഴിച്ചുവച്ചാൽ ഏറ്റവും വിശ്വസ്തനായ ഫീൽഡർ. ചീറിപ്പാഞ്ഞു വരുന്ന പന്തിനെ നിസാരമായി നേരിടുന്ന സഞ്ജുവിനെയാണ് എല്ലായിടത്തും കാണാനാവുക. പ്രതിഭ തെളിയിക്കപ്പെട്ടിട്ടും ഇന്ത്യൻ ടീമിലേക്ക് വേണ്ടത്ര പരി​ഗണന ലഭിക്കാത്ത താരമാണ് സ‍ഞ്ജു. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മിന്നുന്ന പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യക്ക് വേണ്ടി ഏകദിനത്തിലും ടി20യിലുമായി വിരലിലെണ്ണാവുന്ന മത്സരങ്ങളിലാണ് സ‍ഞ്ജു കളത്തിലിറങ്ങിയത്.

കാലങ്ങൾക്കിപ്പുറം വിയർപ്പുതുന്നിയിട്ട കുപ്പായവുമായി ഇന്ത്യൻ ടി20 ടീമിലെത്തിയെങ്കിലും കളിക്കാൻ അവസരം ലഭിച്ചില്ല. ക്രിക്കറ്റ് മാറ്റം ശ്വാസിച്ച് ക്രിക്കറ്റിനെ മാത്രം വിശ്വസിച്ച് ഒറ്റയ്ക്ക് വഴിവെട്ടി വന്ന പോരാളിയാണ് സഞ്ജു വിശ്വനാഥ് സാംസൺ. ​ഗാലറികളിൽ സ‍ഞ്ജുവിനായി ആർത്തു വിളിക്കുന്നത് കുടുംബം മാത്രമല്ല, ഇന്ത്യ ഒന്നാകെയാണ്. ഫുട്ബോൾ താരത്തിന്റെ മകനായി ജനിച്ച് നാലാം വയസുമുതൽ ക്രിക്കറ്റ് ബാറ്റ് തോളോട് തോൾ ചേർത്ത് ക്രിക്കറ്റ് മെെതാനങ്ങളിൽ വെടിക്കെട്ട് തീർക്കുന്നവൻ.

തിരുവനന്തപുരത്ത് ജനിച്ച് ഡൽഹിയിൽ കളിപഠിച്ച് കേരളത്തിനായി കളിക്കാനിറങ്ങിയാണ് സ‍ഞ്ജുവെന്ന മലയാളി പയ്യൻ ഇന്ത്യക്കായി പാഡണിയുന്നത്. സൽഹി പൊലീസ് ടീമിന്റെ നെടുംതൂണായിരുന്നു സാംസൺ വിശ്വനാഥ്. സാസംസണിന്റെയും ലിജിയുടെയും മകനായി 1994 നവംബർ 11-ന് വിഴിഞ്ഞത്ത് ജനനം. ഡൽഹിയിൽ നിന്ന് ക്രിക്കറ്റ് ബാലപാഠങ്ങൾ ഉൗട്ടി ഉറപ്പിച്ചതോടെ സ‍ഞ്ജു ജന്മനാടായ തിരുവനന്തപുരത്തേക്ക് വണ്ടിക്കയറി. കേരളാ സ്പോർട്സ് കൗൺസിലിലെ ബിസിസിഐ കോച്ച് ബിജു ജോർജ്ജാണ് സഞ്ജുവിന്റെ പ്രതിഭയെ മിനുക്കിയത്. ആക്രമിച്ച് കളിക്കുന്നതാണ് സ‍ഞ്ജുവിന്റെ ശെെലി. ഈ ചെറുപ്രായത്തിൽ ഇത്ര പക്വതയോടെ കളിക്കുന്നതിന് പരിശീലകരും വാഴ്ത്തി. ഷോട്ടുകൾ തിരഞ്ഞെടുക്കാനുള്ള കഴിവും കൂടുതൽ നേരം ക്രീസിൽ നിൽക്കാനുള്ള കഴിവും സഞ്ജുവിന്റെ ട്രേഡ് മാർക്കായി.

2008-ൽ അണ്ടർ 16 കേരളാ ക്യാപ്റ്റനായ സഞ്ജു 498 റൺസുമായി ദേശീയ തലത്തിൽ ടോപറായി. 2010-11 വർഷങ്ങളിൽ അണ്ടർ 16, അണ്ടർ 19 വിഭാ​ഗങ്ങളിൽ അടിച്ചുകൂട്ടിയത് 568 റൺസ്. വിജയ് മർച്ചന്റ് ട്രോഫിയിലെ ഇരട്ട സെഞ്ച്വറിയുടെ തിളക്കത്തിൽ 2009-ലെ രഞ്ജി ട്രോഫി കേരളാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രായം കുറഞ്ഞ താരം. 2011-ൽ രഞ്ജി ട്രോഫിയിലും സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലും ടി20യിലും അരങ്ങേറി. 2012-13 സീസണിലെ ര‍ഞ്ജി ട്രോഫിയിൽ കന്നി ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടി. കുച്ച് ബിഹാർ ട്രോഫിയിലെ മികവ് ഇന്ത്യയുടെ അണ്ടർ 19 ടീമിലേക്കുള്ള വാതിലായി. 2013-ൽ യുഎഇയിൽ നടന്ന ഏഷ്യകപ്പിൽ പാകിസ്താനെതിരെയായ ഫെെനലിൽ സ‍ഞ്ജുവിന്റെ സെഞ്ച്വറി കരുത്തിൽ ഇന്ത്യ കിരീടം നേടി. 2014-ൽ അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ വെെസ് ക്യാപ്റ്റൻ. 2015-16 സീസണിൽ 20 വയസുകാരൻ സഞ്ജു ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി രഞ്ജി ട്രോഫിയിൽ കേരളത്തെ നയിച്ചു. ഇതിനിടെ രണ്ട് സന്ദർഭങ്ങളിൽ അടച്ചടക്ക ലംഘനത്തിന് കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ കാരണം കാണിക്കൽ നോട്ടീസും പിഴ ശിക്ഷയും നേരിടേണ്ടി വന്നു.

ടോപ് ഓർഡറിലെ ഭയരഹിതനായ ബാറ്റ്സ്മാൻ എന്നാണ് സ‍ഞ്ജുവിനെ ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്. 2015 ജൂലെെ 19-ന് ഹരാരയിൽ സിംബാബ്വെയ്ക്കെതിരെയാണ് ടി20യിൽ സഞ്ജു ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. 2021 ജൂലെെ 23-ന് ശ്രീലങ്കയ്ക്കെതിരെയായിരുന്നു സഞ്ജുവിന്റെ ഏകദിന അരങ്ങേറ്റം. ഐപിഎല്ലിൽ 1000 റൺസ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്സ്മാൻ, രഞ്ജി ട്രോഫിയിൽ ക്യാപ്റ്റനായ ഏറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎല്ലിൽ അർദ്ധ സെഞ്ച്വറി നേട്ടം കെെവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ, കേരളത്തിന് വേണ്ടി രഞ്ജി ട്രോഫിയിൽ ഇരട്ട സെഞ്ച്വറി നേടിയ താരം, രാജ്യാന്തര ടി20യിൽ തുടർച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്നിങ്ങനെയുള്ള നേട്ടങ്ങൾ സഞ്ജു സ്വന്തം പേരിലാക്കിയിട്ടുണ്ട്. 2013-ലെ എസിസി അണ്ടർ 19 ഏഷ്യാ കപ്പിലും 2014-ലെ അണ്ടർ 19 ലോകകപ്പിലും ഇന്ത്യൻ ടീമിന്റെ വെെസ് ക്യാപ്റ്റനായിരുന്ന സഞ്ജുവിനെ 2014-ലെ ഇം​ഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലും തെരഞ്ഞെടുത്തിരുന്നു. എന്നാൽ നിർഭാ​ഗ്യവശാൽ സഞ്ജുവിന് 11 അം​ഗ ടീമിൽ ഇടം നേടാനായില്ല.

ടിനു യോഹന്നാനും എസ് ശ്രീശാന്തിനും ശേഷം ഇന്ത്യൻ ടീമിലെത്തിയ മൂന്നാമത്തെ മലയാളിയും ആദ്യ ബാറ്റ്സ്മാനുമാണ് സ‍ഞ്ജു. ദേശീയ ടീമിൽ തഴയപ്പെട്ട സഞ്ജുവിന് കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയായിരുന്നു ഇന്ത്യൻ പ്രീമിയർ ലീ​ഗ്. സഞ്ജുവിനെ രാജസ്ഥാൻ റോയൽസിലേക്ക് ക്ഷണിച്ചത് മലയാളി താരം എസ് ശ്രീശാന്തായിരുന്നു. 18 വയസും 154 ദിവസവും പ്രായമുള്ള സഞ്ജുവിനെ പ്ലേയിം​ഗ് ഇലവനിലേക്ക് ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് ക്ഷണിച്ചു. ഇന്ത്യയുടെ തെക്കേയറ്റത്ത് നിന്നുള്ള സഞ്ജു വടക്കേയറ്റത്തുള്ള രാജസ്ഥാന്റെ നായകനായത് 2021-ൽ. ഐപിഎൽ ടീമിന്റെ നായകനായകുന്ന ആദ്യ മലയാളി. ബാറ്റ്സ്മാൻ, കീപ്പർ, ഫീൽഡർ എന്നിങ്ങനെ എല്ലാ മേഖലയിലും രാജസ്ഥാന്റെ വിശ്വസ്തൻ.

കോളേജിലെ സഹപാഠിയായിരുന്ന ചാരുലതയെ 5 വർഷത്തെ പ്രണയത്തിനൊടുവിൽ 2018 ഡിസംബറിൽ ജീവിതസഖിയാക്കി. മനക്കരുത്തും പരിശ്രമവും സഞ്ജുവിനെ ഇന്ത്യൻ ടി20 ടീമിന്റെ ഭാ​ഗമാക്കി. ഐപിഎല്ലിൽ 168 മത്സരങ്ങളിൽ നിന്നായി 4419 റൺസ്. ടി20യിൽ 30 ഇന്നിം​ഗ്സുകളിൽ നിന്ന് 701 റൺസും സഞ്ജു അടിച്ചുകൂട്ടി. ഏകദിനങ്ങളിൽ ഒരു സെഞ്ച്വറി ഉൾപ്പെടെ 510 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം.