Sanju Samson : രണ്ട് ഡക്കും ക്യാച്ച് ഡ്രോപ്പുകളും; സഞ്ജുവിനെ വിമർശിച്ച് സോഷ്യൽ മീഡിയ
Sanju Samson Poor Perfomances : ശ്രീലങ്കക്കെതിരായ രണ്ട് മത്സരത്തിലും പൂജ്യത്തിന് പുറത്തായ സഞ്ജു സാംസണെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ. റൺസൊന്നും എടുക്കാത്തതും ക്യാച്ചുകൾ നിലത്തിട്ടതുമൊക്കെ സോഷ്യൽ മീഡിയ ചോദ്യം ചെയ്യുന്നുണ്ട്. സഞ്ജുവിൻ്റെ ഇന്ത്യൻ കരിയർ ഏറെക്കുറെ അവസാനിച്ചു എന്ന മട്ടിലാണ് പോസ്റ്റുകൾ.

ശ്രീലങ്കക്കെതിരായ അവസാന ടി20 മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെ മലയാളി താരം സഞ്ജു സാംസണെ വിമർശിച്ച് സോഷ്യൽ മീഡിയ. ഏറ്റവും അനുയോജ്യമായ മൂന്നാം നമ്പറിൽ അവസരം ലഭിച്ചിട്ടും നാല് പന്തുകൾ നേരിട്ട് റൺസൊന്നുമെടുക്കാതെ പുറത്താവുകയായിരുന്നു സഞ്ജു. രണ്ടാം ഇന്നിംഗ്സിൽ കീപ്പ് ചെയ്യവെ രണ്ട് ക്യാച്ചുകൾ നിലത്തിട്ടതും സഞ്ജുവിന് തിരിച്ചടിയായി. സുവർണാവസരം ലഭിച്ചിട്ടും അത് മുതലെടുക്കാത്ത സഞ്ജു സ്വയം കുഴി തോണ്ടുകയാണെന്നാണ് സോഷ്യൽ മീഡിയ വിമർശിക്കുന്നത്.
ആദ്യ കളിയിൽ സഞ്ജുവിന് അവസരം ലഭിക്കാതിരുന്നത് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കിട വരുത്തിയിരുന്നു. രണ്ടാം മത്സരത്തിൽ പരുക്കേറ്റ ശുഭ്മൻ ഗില്ലിന് പകരം ഓപ്പണറായി എത്തിയ സഞ്ജു നേരിട്ട ആദ്യ പന്തിൽ തന്നെ പൂജ്യത്തിന് പുറത്തായി. രണ്ട് കളിയും വിജയിച്ചതുകൊണ്ട് തന്നെ ചില മാറ്റങ്ങളോടെയാണ് ഇന്ത്യ മൂന്നാം മത്സരത്തിലിറങ്ങിയത്. ഋഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജു ടീമിൽ ഇടം പിടിച്ചു. ഒപ്പം, ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് പകരം തനിക്ക് ഏറ്റവും അനുയോജ്യമായ മൂന്നാം നമ്പറിലും സഞ്ജുവിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചു. യശസ്വി ജയ്സ്വാൾ പുറത്തായതിനുപിന്നാലെ മൂന്നാം ഓവറിൽ ക്രീസിലെത്തിയ സഞ്ജു അതേ ഓവറിലെ അഞ്ചാം പന്തിൽ പുറത്തായി. ചമിന്ദു വിക്രമസിംഗെയുടെ പന്തിൽ വനിന്ദു ഹസരംഗ പിടിച്ചാണ് സഞ്ജു പുറത്തായത്.
Also Read : Shubman Gill : കിംഗിനു പിന്നാലെ പ്രിൻസ്: താരാരാധന മുതലെടുത്ത് ബിസിസിഐ; അടുത്ത പണം കായ്ക്കുന്ന മരം ശുഭ്മൻ ഗിൽ
ശുഭ്മൻ ഗിൽ (39), റിയാൻ പരാഗ് (26), വാഷിംഗ്ടൺ സുന്ദർ (25) എന്നിവരുടെ ബാറ്റിംഗിൽ ഇന്ത്യ 138 റൺസ് വിജയലക്ഷ്യം മുന്നോട്ടുവച്ചു. മറുപടി ബാറ്റിംഗിൽ മുഹമ്മദ് സിറാജ് എറിഞ്ഞ ആറാം ഓവറിലെ അഞ്ചാം പന്തിൽ കുശാൽ മെൻഡിസ് എഡ്ജ് ആയെങ്കിലും സഞ്ജുവിന് അത് പിടിയിലൊതുക്കാനായില്ല. ബിഷ്ണോയ് എറിഞ്ഞ അടുത്ത ഓവറിലെ നാലാം പന്തിലും സഞ്ജു മെൻഡിസിനെ നിലത്തിട്ടു. പിന്നീട് ചരിത് അസലങ്കയെയും മഹീഷ് തീക്ഷണയെയും മികച്ച രീതിയിൽ പിടികൂടി സഞ്ജു തെറ്റ് തിരുത്തിയെങ്കിലും സോഷ്യൽ മീഡിയ ക്യാച്ച് ഡ്രോപ്പ് എടുത്തുപറയുന്നുണ്ട്. സഞ്ജുവിനെ ഏറെ പുകഴ്ത്തി സംസാരിച്ചിട്ടുള്ള ഗൗതം ഗംഭീറിന് കീഴിൽ തുടരെ രണ്ട് മികച്ച അവസരങ്ങൾ ലഭിച്ചിട്ടും മുതലാക്കാനാവാത്ത സഞ്ജുവിൻ്റെ ഇന്ത്യൻ കുപ്പായം ഏറെക്കുറെ നഷ്ടമായെന്ന മട്ടിലാണ് വിമർശനങ്ങൾ.
സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ ശ്രീലങ്കൻ ഇന്നിംഗ്സ് രണ്ട് റൺസിൽ ഒതുങ്ങി. ഓവർ എറിഞ്ഞ വാഷിംഗ്ടൺ സുന്ദർ രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ആദ്യ പന്ത് തന്നെ ബൗണ്ടറി നേടി ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇന്ത്യക്ക് വിജയം സമ്മാനിച്ചു.