Sanju Samson : ബംഗ്ലാദേശിനെതിരായ ടി20യിൽ സഞ്ജു പ്രധാന വിക്കറ്റ് കീപ്പർ; അരങ്ങേറാൻ മൂന്ന് താരങ്ങൾ
Sanju Samson Bangladesh : ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസൺ പ്രധാന വിക്കറ്റ് കീപ്പർ. ജിതേഷ് ശർമ്മയാണ് ബാക്കപ്പ് വിക്കറ്റ് കീപ്പർ. മൂന്ന് താരങ്ങൾ ഇന്ത്യക്കായി അരങ്ങേറും.
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. സൂര്യകുമാർ യാദവിൻ്റെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ ഇറങ്ങുക. മലയാളി താരം സഞ്ജു സാംസണാണ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ. ബാക്കപ്പ് കീപ്പറായി ജിതേഷ് ശർമ്മ ടീമിലുണ്ട്. ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി കളിച്ച ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിച്ച പേസർ ഹർഷിത് റാണ, ലക്നൗ സൂപ്പർ ജയൻ്റ്സ് പേസർ മായങ്ക് യാദവ് എന്നിവർ ടീമിൽ അരങ്ങേറും.
അഭിഷേക് ശർമയ്ക്ക് ഓപ്പണിംഗിൽ കൂട്ടായി സഞ്ജു ഇറങ്ങിയേക്കുമെന്നാണ് സൂചന. അഭിഷേക് ഒഴികെ മറ്റ് ഓപ്പണർമാരൊന്നും ടീമിലില്ല. മുൻപ് അയർലൻഡിനും ശ്രീലങ്കയ്ക്കുമെതിരെ സഞ്ജു ഇന്നിംഗ്സ് ഓപ്പൺ ചെയ്തിട്ടുണ്ട്. ഹാർദിക് പാണ്ഡ്യ, അർഷ്ദീപ് സിംഗ്, ശിവം ദുബെ എന്നിവരാണ് ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെട്ടിരുന്ന മറ്റ് താരങ്ങൾ. ഏറെക്കാലത്തിന് ശേഷം വരുൺ ചക്രവർത്തി ടീമിൽ തിരികെയെത്തി. റിങ്കു സിംഗ്, റിയാൻ പരഗ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ് എന്നിവരാണ് ടീമിലെ മറ്റ് താരങ്ങൾ.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ കളിക്കുക. ഒക്ടോബർ ആറിന് ആരംഭിക്കുന്ന ആദ്യ മത്സരം ഗ്വാളിയോറിൽ നടക്കും. ഒക്ടോബർ 9ന് ന്യൂഡൽഹിയിലും 12ന് ഹൈദരാബാദിലുമാണ് മറ്റ് മത്സരങ്ങൾ. നിലവിൽ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം പുരോഗമിക്കുകയാണ്. ആദ്യ ദിനം 35 ഓവർ മാത്രമെറിഞ്ഞ മത്സരത്തിൻ്റെ രണ്ടാം ദിനം മഴ മൂലം ഒരു പന്ത് പോലുമെറിയാതെ ഉപേക്ഷിച്ചിരുന്നു.
NEWS 🚨 – #TeamIndia’s squad for T20I series against Bangladesh announced.
More details here – https://t.co/7OJdTgkU5q #INDvBAN @IDFCFIRSTBank pic.twitter.com/DOyz5XGMs5
— BCCI (@BCCI) September 28, 2024
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. മഴയെതുടർന്ന് ആദ്യ ദിനം വൈകി കളിയാരംഭിച്ച് നേരത്തെ കളിനിർത്തുമ്പോൾ ബംഗ്ലാദേശ് 3 വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് ആണ് നേടിയിരുന്നത്. മോമിനുൽ ഹഖ് (40), മുഷ്ഫിക്കർ റഹീം (6) എന്നിവർ ക്രീസിലുണ്ട്. ക്യാപ്റ്റൻ നസ്മുൽ ഹൊസൈൻ ഷാൻ്റോ 31 റൺസിലും ഓപ്പൺർ സാക്കിർ ഹസൻ റൺസൊന്നും നേടാതെയും പുറത്തായി. ഇന്ത്യക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തി തിളങ്ങി. ബാക്കിയുള്ള ഒരു വിക്കറ്റ് ആർ അശ്വിനാണ് നേടിയത്.