5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: ഫുട്ബോളിൽ കസറാൻ സഞ്ജു; ഇനി മലപ്പുറം എഫ്സിയുടെ സഹ ഉടമ

Sanju Samson: ഫുട്ബോളിൽ നിക്ഷേപം നടത്തി സെലിബ്രറ്റികൾ ബിസിനസ് എന്ന നിലയിൽ കായിക മേഖലയിൽ നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് സൂപ്പർ ലീ​ഗ് കേരള ടീമിന്റെ സഹ ഉടമയായി സഞ്ജു എത്തുന്നത്.

Sanju Samson: ഫുട്ബോളിൽ കസറാൻ സഞ്ജു; ഇനി മലപ്പുറം എഫ്സിയുടെ സഹ ഉടമ
Credits Sanju Samson Facebook page
athira-ajithkumar
Athira CA | Published: 09 Sep 2024 21:21 PM

മലപ്പുറം: ക്രിക്കറ്റിന് പുറമെ പ്രൊഫഷണൽ ഫുട്ബാളിലും കഴിവ് തെളിയിക്കാൻ സ‍ഞ്ജു സാംസൺ. സൂപ്പർ ലീ​ഗ് കേരള ക്ലബ്ബായ മലപ്പുറം എഫ്.സിയുടെ ഓഹരികൾ സഞ്ജു സാംസൺ സ്വന്തമാക്കി. സഞ്ജുവിനെ ടീമിന്റെ സഹ ഉടമയായി പ്രഖ്യാപിച്ചു. ക്ലബ്ബിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയായിരുന്നു പ്രഖ്യാപനം. സഞ്ജു ടീമുടമയായി എത്തുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ടീമുമായി സഹകരിക്കാൻ താത്പര്യമുള്ള കാര്യം സഞ്ജു സാംസൺ അറിയിച്ചതായി ടീം പ്രൊമോട്ടറും ബിസ്മി ​ഗ്രൂപ്പ് ചെയർമാനുമായ ആഷിക്ക് കൈനിക്കര വെളിപ്പെടുത്തിയിരുന്നു.

നിരവധി സെലിബ്രിറ്റികളാണ് സ്പോർട്സിൽ നിക്ഷേപം നടത്തുന്നത്. ഇത് ചുവടുപിടിച്ചാണ് സഞ്ജു മലപ്പുറത്തിന്റെ സഹ ഉടമയാകുന്നത്. ഇന്ത്യൻ താരത്തിന്റെ വരവ് ടീമിനും ആരാധകർക്കും കരുത്ത് പകരും. നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫോഴ്സ കൊച്ചിയും ആസിഫ് അലി സഹ ഉടമയായ കണ്ണൂർ വാരിയേഴ്സും പ്രൊഡ്യൂസർ ലിസ്റ്റിൻ സ്റ്റീഫന് ഓഹരിയുള്ള തൃശൂർ മാജിക് എഫ്സിയും ലീ​ഗിന്റെ ഭാ​ഗമാണ്.

ക്രിക്കറ്റർ എന്നതിനുപരി സഞ്ജു മികച്ച ഫുട്ബോൾ താരമാണെന്ന വസ്തുത കായിക ലോകത്തിനറിയാം. ഫുട്ബോൾ കളിക്കുന്ന സഞ്ജുവിന്റെ വീഡിയോ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ വെെറലാകാറുണ്ട്. ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ പരിശീലന വേളകളിൽ സഹതാരങ്ങൾക്കൊപ്പം സഞ്ജു ഫുട്ബോൾ കളിക്കാറും കഴിവ് തെളിയിക്കാറുമ‍ുണ്ട്. മികച്ച വേഗതയും ഡ്രിബ്ലിം​ഗിലുള്ള തന്റെ മികവുമെല്ലാം സഞ്ജു പുറത്തെടുത്തിട്ടുണ്ട്. സഞ്ജു സഹ ഉടമയായി എത്തിയതോടെ മലപ്പുറത്തിന്റെ ഫുട്ബോൾ വികസിക്കുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

ഇംഗ്ലീഷ് ടീമിന്റെ മുൻ താരമായ ജോൺ ചാൾസ് ഗ്രിഗറിയാണ് മലപ്പുറത്തിന്റെ പരീശിലകൻ. മുൻ ഇന്ത്യൻ താരം അനസ് എടത്തൊടിക ഉൾപ്പടെയുള്ള വൻ താരനിരയാണ് മലപ്പുറം എഫ്.സിക്കുള്ളത്. പരിചയ സമ്പന്നരും യുവതയുടെ ചോര തിളപ്പും ഒത്തുചേർന്നിണങ്ങിയതാണ് ടീം.
ലീ​ഗിന്റെ ഉദ്ഘാടന മത്സരത്തിൽ ഫോഴ്സ കൊച്ചിയെ വീഴ്ത്തി ടൂർണമെന്റിലേക്കുള്ള വരവറിയിച്ചത്. എതിരില്ലാത്ത രണ്ട് ​ഗോളിനായിരുന്നു ജയം. പെഡ്രോ മാൻസിയും മലയാളി താരം ഫസലുറഹ്മാനുമാണ് മലപ്പുറത്തിന് വേണ്ടി ​വല കുലുക്കിയത്. പ്രഥമ ലീ​ഗിന്റെ ചാമ്പ്യൻസ് ട്രോഫി തങ്ങൾ തൂക്കുമെന്നാണ് ആരാധക കൂട്ടായ്മയായ അൾട്രാസ് മലപ്പുറം പറയുന്നത്.

സൂപ്പർ ലീ​ഗ് പോയിന്റ് പട്ടികയിൽ മലപ്പുറമാണ് ഒന്നാമത്. ഉത്രാട നാളായ സെപ്റ്റംബർ 14-നാണ് ലീ​ഗിലെ മലപ്പുറത്തിന്റെ അടുത്ത മത്സരം. 7.30 ന് നടക്കുന്ന മത്സരത്തിൽ കാലിക്കറ്റ് എഫ്സിയാണ് എതിരാളി. മലബാറിലെ ടീമുകൾ തമ്മിലുള്ള പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്നത് മലപ്പുറം ഡിസ്ട്രിക്റ്റ് സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയമാണ്.

തിരുവനന്തപുരം കൊമ്പൻസ്, ഫോഴ്സ കൊച്ചി എഫ് സി, മലപ്പുറം എഫ്സി, കണ്ണൂർ വാരിയേഴ്സ്, തൃശൂർ എഫ്സി, കാലിക്കറ്റ് എഫ്സി എന്നിങ്ങനെ ആറു ടീമുകളാണ് ടൂർണമെന്റിന്റെ ഭാ​ഗം. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയം, കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം, മലപ്പുറം ഡിസ്ട്രിക്റ്റ് സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയം, തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം എന്നിവയാണ് ടൂർണമെന്റ് വേദി.