5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: ഇംഗ്ലണ്ടിനെതിരെ സഞ്ജുവോ ഹാർദ്ദിക്കോ വൈസ് ക്യാപ്റ്റനാവില്ല; ചാഞ്ചാട്ടം തുടർന്ന് ബിസിസിഐ

New Vice Captain For India In T20s: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യക്ക് പുതിയ വൈസ് ക്യാപ്റ്റൻ. സഞ്ജു സാംസണെയോ ഹാർദിക് പാണ്ഡ്യയെയോ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാൻ ബിസിസിഐ തയ്യാറായില്ല. നേരത്തെ ഇരുവരും ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റനായിരുന്നു.

Sanju Samson: ഇംഗ്ലണ്ടിനെതിരെ സഞ്ജുവോ ഹാർദ്ദിക്കോ വൈസ് ക്യാപ്റ്റനാവില്ല; ചാഞ്ചാട്ടം തുടർന്ന് ബിസിസിഐ
സഞ്ജു സാംസൺImage Credit source: PTI
abdul-basith
Abdul Basith | Published: 12 Jan 2025 08:56 AM

ഇംഗ്ലണ്ടിനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചപ്പോൾ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവാണ് ഏറെ ചർച്ചയായത്. പരിക്കേറ്റ് ഏറെക്കാലമായി പുറത്തിരുന്ന ഷമി ബംഗാളിനായ് ആഭ്യന്തര മത്സരങ്ങൾ കളിച്ചിരുന്നു. എന്നാൽ, ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ഇത് ആദ്യമായാണ്. 2023 ഏകദിന ലോകകപ്പിന് ശേഷം ഷമി കളിക്കുന്ന ആദ്യ രാജ്യാന്തര മത്സരമാവും ഇംഗ്ലണ്ടിനെതിരായ പരമ്പര.

ഷമിയുടെ തിരിച്ചുവരവിനൊപ്പം മറ്റൊരു കാര്യവും ആളുകൾ ശ്രദ്ധിച്ചു. ടീമിൻ്റെ വൈസ് ക്യാപ്റ്റൻ. ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ തുടങ്ങിയ താരങ്ങൾ ഉണ്ടെങ്കിലും ഇംഗ്ലണ്ടിനെതിരെ പുതിയ ഒരു താരമാണ് ഇന്ത്യയുടെ ഉപനായകൻ, അക്സർ പട്ടേൽ. ഇന്ത്യൻ ടീമിൻ്റെ ഫുൾ ടൈം ക്യാപ്റ്റനായിപ്പോലും പരിഗണിച്ചിരുന്ന ഹാർദിക് വൈസ് ക്യാപ്റ്റൻ റോളിൽ പോലും ഇല്ലെന്നതും സിംബാബ്‌വെയ്ക്കെതിരെ വൈസ് ക്യാപ്റ്റനായിരുന്ന മലയാളി താരം സഞ്ജു സാംസണെ മാറ്റിയെന്നതും ആരാധകർ ആശ്ചര്യത്തോടെയാണ് നോക്കിക്കാണുന്നത്. ഇരുവരും തങ്ങളുടെ ഐപിഎൽ ടീമുകളുടെ ക്യാപ്റ്റന്മാരുമാണ്. സൂര്യകുമാർ യാദവോ അക്സർ പട്ടേലോ ഐപിഎൽ ടീം ക്യാപ്റ്റന്മാരല്ല.

എന്തുകൊണ്ടാണ് അക്സർ പട്ടേലിനെ വൈസ് ക്യാപ്റ്റനാക്കാൻ ബിസിസിഐ തീരുമാനിച്ചത് എന്ന് വ്യക്തമല്ല. എന്നാൽ, സഞ്ജുവിനെതിരായ അജണ്ടയാണ് ഇതെന്ന് സോഷ്യൽ മീഡിയ ആരോപിയ്ക്കുന്നു. സഞ്ജു ടീമിലുണ്ടായിട്ടും അക്സർ പട്ടേലിന് വൈസ് ക്യാപ്റ്റൻസി നൽകിയത് ബിസിസിഐയുടെ അരക്ഷിതാവസ്ഥ കാരണമാണെന്നും 2026 ലോകകപ്പ് ടീമിൽ നിന്ന് എങ്ങനെയും താരത്തെ മാറ്റിനിർത്താനാണ് ബിസിസിഐയുടെ ശ്രമമെന്നും ആരാധകർ പറയുന്നു.

Also Read: India Vs England T20: ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു തുടരും, ഷമി തിരിച്ചെത്തി

അതേസമയം, ഇന്ത്യയുടെ ഓപ്പണറായി സഞ്ജു ഏറെക്കുറെ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു എന്നാണ് ഈ ടീം തെളിയിക്കുന്നത്. പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറും സഞ്ജുവാണ്. ദക്ഷിണാഫ്രിക്കയ്ക്കും ബംഗ്ലാദേശിനുമെതിരായ പരമ്പരകളിൽ സെഞ്ചുറിയടിച്ച്, കഴിഞ്ഞ വർഷം അപാര ഫോമിലായിരുന്ന സഞ്ജുവിനെ മാറ്റിനിർത്താൻ സെലക്ടർമാർക്ക് കഴിഞ്ഞില്ല. ധ്രുവ് ജുറേൽ ആണ് ടീമിലെ ബാക്കപ്പ് കീപ്പർ.

ഈ മാസം 22നാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ആരംഭിക്കുക. കൊല്‍ക്കത്ത ഈഡൻ ഗാർഡൻസിലാണ് ആദ്യ മത്സരം. 25ന് ചെന്നൈയിലും, 28ന് രാജ്‌കോട്ടിലും, 31ന് പൂനെയിലും, ഫെബ്രുവരി രണ്ടിന് മുംബൈയിലുമാണ് പരമ്പരയിലെ ബാക്കി മത്സരങ്ങൾ നടക്കുക. ഏകദിന പരമ്പരയ്ക്കും ചാമ്പ്യൻസ് ട്രോഫിയ്ക്കുമുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപനം വൈകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ വൈകാതെ പ്രഖ്യാപിച്ചേക്കും. ഈ ടീം തന്നെയാവും ഏറെക്കുറെ ചാമ്പ്യൻസ് ട്രോഫിയിലും കളിക്കുക. ഈ ടീമിൽ സഞ്ജു സാംസൺ ഉണ്ടാവില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കെഎൽ രാഹുലും ഋഷഭ് പന്തുമാവും ഏകദിന, ചാമ്പ്യൻസ് ട്രോഫി ടീമുകളിൽ കളിക്കുക.

ഇന്ത്യന്‍ ടീം ഇങ്ങനെ: സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷാമി, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, വാഷിംഗ്ടൺ സുന്ദർ, ധ്രുവ് ജുറെൽ.