Mohanlal – Sachin Baby: ‘പണ്ട് മമ്മൂക്ക ഫാനായിരുന്നു; ഇപ്പോൾ ലാലേട്ടനോടും ആരാധനയുണ്ട്’: സെഞ്ചുറിയാഘോഷത്തിലെ രഹസ്യം വെളിപ്പെടുത്തി സച്ചിൻ ബേബി
Sachin Baby About Mohanlal: താൻ മുൻപ് മമ്മൂട്ടി ആരാധകനായിരുന്നു എന്നും ഇപ്പോൾ മോഹൻലാലിനോടും ആരാധനയുണ്ടെന്നും സച്ചിൻ ബേബി. തൻ്റെ സെഞ്ചുറിയാഘോഷം മോഹൻലാലിനെ അനുകരിച്ചാണെന്നും സച്ചിൻ ബേബി വെളിപ്പെടുത്തി.

തൻ്റെ സെഞ്ചുറിയാഘോഷത്തിലെ രഹസ്യം വെളിപ്പെടുത്തി കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബി. പണ്ട് താൻ മമ്മൂട്ടി ആരാധകനായിരുന്നു. ഇപ്പോൾ ലാലേട്ടനോടും ആരാധനയുണ്ട് എന്നും സച്ചിൻ ബേബി പറഞ്ഞു. കേരള ടീം ഇത്തവണ രഞ്ജി ട്രോഫി ഫൈനലിലെത്തിയിരുന്നു. ക്ലബ് എഫ്എമിന് നൽകിയ അഭിമുഖത്തിനിടെയാണ് സച്ചിൻ ബേബിയുടെ വെളിപ്പെടുത്തൽ.
“നമ്മള് ഒരു ഓസ്ട്രേലിയൻ പര്യടനത്തിന് പോയിട്ടുണ്ടായിരുന്നു. അവിടെ യോദ്ധ സിനിമയുടെ ഒരു സിഡി നമുക്ക് കിട്ടി. അവിടെത്തന്നെ ഒരു 10-15 തവണ നമ്മളത് കണ്ടിട്ടുണ്ട്. തിരിച്ച് ഓസ്ട്രേലിയയിൽ നിന്ന് വരുമ്പോ സിംഗപ്പൂർ എയർപോർട്ടിൽ വച്ച് ലാലേട്ടനെ കണ്ടു. അന്നൊക്കെ ഞാൻ മമ്മൂക്ക ഫാനാ. ലാലേട്ടൻ ആ ശബ്ദത്തിൽ, ‘നിങ്ങൾ എവിടെ പോയിട്ട് വരുവാ?’ എന്ന് ചോദിച്ചത് കേട്ടപ്പോൾ അദ്ദേഹത്തോടും ആരാധന ആരംഭിച്ചു. ലാലേട്ടനോടുള്ള ഇഷ്ടം കൊണ്ട് സെഞ്ചുറിയടിക്കുമ്പോൾ ലാലേട്ടൻ്റെ തോൾ ചെരിച്ചുള്ള സ്റ്റൈൽ കാണിക്കാറുണ്ട്. കേരള ക്രിക്കറ്റിൻ്റെ ബ്രാൻഡ് അംബാസിഡറായപ്പോൾ എനിക്ക് സന്തോഷം കൂടി. കാരണം അടുത്ത് കാണാൻ പറ്റുമല്ലോ. എൻ്റെ സെഞ്ചുറി സെലബ്രേഷൻ്റെ ഫോട്ടോ കാണിച്ചപ്പോൾ ലാലേട്ടൻ കൊച്ചുകുട്ടികളെപ്പോലെ ചിരിച്ചു. ഒരു കുഞ്ഞ് കുട്ടി എങ്ങനെയാണോ ചിരിക്കുന്നത്, അതുപോലെയാണ് അദ്ദേഹം ചിരിക്കുന്നത്. എന്നിട്ട് പറഞ്ഞു, ‘മോനേ. വെൽ ഡൺ. ഞങ്ങൾ കളിയൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു’ എന്ന്. എന്നിട്ട് കൺഗ്രാറ്റ്സ് ഒക്കെ പറഞ്ഞു. ഐപിഎലിൽ 50 അടിച്ചാൽ പോലും ഞാൻ ആ സെലബ്രേഷൻ കാണിക്കും. സെഞ്ചുറിയടിക്കുമ്പോഴാണ് അത് കാണിക്കാറുള്ളത്. പക്ഷേ, 50 അടിച്ചാലും കാണിക്കണമെന്നുണ്ട്.”- സച്ചിൻ ബേബി പറഞ്ഞു.
ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിലെത്തിയ കേരളം വിദർഭയോട് ഇന്നിംഗ്സ് ലീഡ് വഴങ്ങുകയായിരുന്നു. ഇതോടെ കേരളം കിരീടവും കൈവിട്ടു. മത്സരത്തിൽ 98 റൺസ് നേടിയ സച്ചിൻ ബേബിയായിരുന്നു കേരളത്തിൻ്റെ ടോപ്പ് സ്കോറർ.




Also Read: കേരള ക്രിക്കറ്റ് ലീഗ് കിരീടത്തിൽ ആദ്യ മുത്തമിട്ടു കൊല്ലം സെയ്ലേഴ്സ്; സച്ചിൻ ബേബിക്ക് സെഞ്ചുറി
മോഹൻലാലിൻ്റെ ഏറ്റവും പുതിയ സിനിമയായ എമ്പുരാൻ ഇന്ന് തീയറ്ററിൽ റിലീസായി. കേരള സിനിമാ ചരിത്രത്തിലെ തന്നെ റെക്കോർഡ് പ്രീസെയിൽ കളക്ഷനാണ് എമ്പുരാന് ലഭിച്ചത്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത സിനിമ 2019ൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ്. മുരളി ഗോപിയാണ് സിനിമയുടെ തിരക്കഥ. മോഹൻലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നു.