SA vs IND : 16 പന്തിൽ ഫിഫ്റ്റിയടിച്ച യാൻസനും പ്രോട്ടീസിനെ രക്ഷിക്കാനായില്ല; മൂന്നാം ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം
SA vs IND India Won By 11 Runs : ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20യിൽ തകർപ്പൻ ജയം കുറിച്ച് ഇന്ത്യ. 11 റൺസിനാണ് മൂന്നാം ടി20യിൽ ഇന്ത്യയുടെ ജയം. സെഞ്ചുറി നേടിയ തിലക് വർമ്മയാണ് കളിയിലെ താരം.
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് 11 റൺസ് ജയം. ഇന്ത്യ മുന്നോട്ടുവച്ച 220 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 208 റൺസ് മാത്രമേ നേടാനായുള്ളൂ. 56 പന്തിൽ 107 റൺസ് നേടി പുറത്താവാതെ നിന്ന തിലക് വർമ്മയാണ് ഇന്ത്യക്കായി തിളങ്ങിയത്. തിലക് തന്നെയാണ് കളിയിലെ താരം. 17 പന്തിൽ 54 റൺസ് നേടി മാർക്കോ യാൻസൻ ഇന്ത്യയെ ഒന്ന് വിറപ്പിച്ചെങ്കിലും ജയം തടയാനായില്ല. ഇതോടെ പരമ്പരയിൽ ഒരു മത്സരം കൂടി ശേഷിക്കെ ഇന്ത്യ 2-1ന് മുന്നിലെത്തി.
സ്കോർബോർഡിലും സ്വന്തം അക്കൗണ്ടിലും റൺസാവും മുൻപ് സഞ്ജു സാംസൺ തുടരെ രണ്ടാം ഡക്ക് നേടി പുറത്തായെങ്കിലും അഭിഷേക് ശർമ്മയും തിലക് വർമ്മയും ചേർന്ന് ഇന്ത്യക്ക് തകർപ്പൻ തുടക്കം നൽകി. ആക്രമിച്ച് കളിച്ച ഇരുവരും ചേർന്ന് 107 റൺസിൻ്റെ കൂട്ടുകെട്ടിലാണ് പങ്കാളികളായത്. 24 പന്തിൽ ഫിഫ്റ്റി നേടി തൊട്ടടുത്ത പന്തിൽ അഭിഷേക് പുറത്തായി. സൂര്യകുമാർ യാദവ് (1) വേഗം പുറത്തായി. ഹാർദിക് പാണ്ഡ്യയ്ക്കും (16 പന്തിൽ 18) മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. അഞ്ചാം വിക്കറ്റിൽ റിങ്കു സിംഗുമൊത്ത് തിലക് വർമ 58 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഇതിൽ റിങ്കുവിൻ്റെ സമ്പാദ്യം വെറും 8 റൺസായിരുന്നു. ഇതിനായി 13 പന്തുകളും ചിലവഴിച്ചു. ഇതിനിടെ 51 പന്തിൽ തിലക് തൻ്റെ കന്നി ടി20 സെഞ്ചുറി തികച്ചു. ആദ്യ മത്സരത്തിനിറങ്ങിയ രമൺദീപ് സിംഗ് (6 പന്തിൽ 15) നല്ല പ്രകടനം നടത്തി. ഇന്നിംഗ്സ് അവസാനിക്കുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 219 റൺസ്. ദക്ഷിണാഫ്രിക്കയ്ക്കായി ആൻഡേൽ സിമിനാലെ, കേശവ് മഹാരാജ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്കെല്ലാം തുടക്കം ലഭിച്ചെങ്കിലും ആർക്കും നിലയുറപ്പിക്കാനായില്ല. എട്ട് താരങ്ങളും ഇരട്ടയക്കം കടന്നു. റയാൻ റിക്കിൾട്ടണെ (20) വീഴ്ത്തി അർഷ്ദീപ് സിംഗ് ആണ് വിക്കറ്റ് വേട്ട ആരംഭിച്ചത്. വരുൺ ചക്രവർത്തിയ്ക്കെതിരായ ഗെയിം പ്ലാൻ ഏറെക്കുറെ വിജയം കണ്ടെങ്കിലും തകർത്തെറിഞ്ഞ അർഷ്ദീപ് സിംഗും അക്സർ പട്ടേലും രവി ബിഷ്ണോയിയും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ പിടിച്ചുനിർത്തിയത്. 18ആം ഓവറിൽ 167 റൺസ് നേടുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടമായി കനത്ത തോൽവി മുന്നിൽ കണ്ട ദക്ഷിണാഫ്രിക്കയെ 17 പന്തിൽ 54 റൺസ് നേടിയ മാർക്കോ യാൻസനാണ് വിജയത്തിനരികെ എത്തിച്ചത്. യാൻസേക്കൂടാതെ ഹെയ്‌ൻറിച് ക്ലാസൻ (22 പന്തിൽ 41), എയ്ഡൻ മാർക്രം (18 പന്തിൽ 29) എന്നിവരും ദക്ഷിണാഫ്രിക്കക്കായി തിളങ്ങി. ഇന്ത്യക്കായി അർഷ്ദീപ് സിംഗ് മൂന്നും വരുൺ ചക്രവർത്തി രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.